special-valayam cpm activists protect jishnu’s family

കോഴിക്കോട്: ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണോ സിപിഎം എന്ന് ചോദിക്കുന്നവര്‍ക്ക് വളയത്ത് നിന്നൊരു മറുപടി.

നിരാഹാരമനുഷ്ടിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശനിയാഴ്ച രാത്രി വൈകിയും വളയത്ത് തടിച്ച് കൂടിയത് ആയിരങ്ങളാണ്. ബഹുഭൂരിപക്ഷവും സിപിഎം പ്രവര്‍ത്തകരും അനുഭാവികളും.

ഇതേ തുടര്‍ന്ന് ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ വന്ന ഉത്തരമേഖലാ ഡിജിപിക്കും വന്‍ പൊലീസ് പടക്കും തിരിച്ചു പോകേണ്ടി വന്നു. സത്രീകള്‍ ഉള്‍പ്പെടെ സ്ഥലത്ത് തമ്പടിച്ച പ്രതിഷേധക്കാര്‍ ഡിജിപിയെ മാത്രമാണ് വീട്ടിലേക്ക് കടത്തിവിട്ടത്.

ബന്ധുക്കളുമായും അവിഷ്ണയുമായും ഒറ്റക്ക് പലവട്ടം ഡിജിപി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരന്നു. കിടന്ന കിടപ്പില്‍ മരിച്ചാലും ചേട്ടന് നീതി കിട്ടാതെ സമരം അവസാനിപ്പിക്കില്ലന്ന പിടിവാശിയിലായിരുന്നു പെണ്‍കുട്ടി.

തുടര്‍ന്ന് അത്യാവശ്യ ഘട്ടം വന്നാല്‍ തങ്ങള്‍ തന്നെ ആശുപത്രിയിലെത്തിക്കാമെന്ന് ബന്ധുക്കള്‍ തന്നെ ഡിജിപിയെ അറിയിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് അവിഷ്ണയെ മാറ്റില്ലന്ന് ഡിജിപിയും വ്യക്തമാക്കി.

തങ്ങള്‍ രക്തഹാരമണിയിച്ച് പറഞ്ഞയച്ച കുടുംബം വിജയത്തോടെ തന്നെ നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് സിപിഎം പ്രവര്‍ത്തകര്‍. അവിഷ്ണയെ കാക്കാന്‍ കാക്കിപ്പടയുടെ ഔദാര്യം വേണ്ടന്നും അവര്‍ തുറന്നടിക്കുന്നു.

നെഹ്‌റു കോളജ് ചെയര്‍മാന്‍ കൃഷ്ണദാസടക്കമുള്ള പ്രതികളോടും അവരെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരോടും നല്ല കലിപ്പിലാണ് നാട്ടുകാര്‍. കയ്യില്‍ കിട്ടിയാല്‍ ‘കൈകാര്യം’ ചെയ്യുമെന്ന വികാരം പങ്കുവയ്ക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ്.

വളയത്തായിരുന്നു സംഭവമെങ്കില്‍ എപ്പോഴേ തീരുമാനമായേനേ എന്നത് പ്രതിഷേധക്കാരുടെ മുഖഭാവത്തില്‍ നിന്നു തന്നെ വ്യക്തം. ജിഷ്ണു കേസില്‍ പൊലീസ് ഉന്നതതല അട്ടിമറിയാണ് നടന്നതെന്നും ‘പണത്തിനു മീതെ പരുന്തും പറക്കാത്ത ‘ സാഹചര്യം അനുവദിക്കാന്‍ പാടില്ലന്നുമുള്ള നിലപാടിലാണവര്‍

ചുവപ്പന്‍ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറയുള്ള വളയത്ത് ഒറ്റക്കെട്ടായാണ് സിപിഎം സമരത്തെ പിന്തുണക്കുന്നത്.

സ്വന്തം മകന് നീതി തേടി കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തി അനിശ്ചിതകാല നിരാഹാരം തുടരുന്ന മഹിജയും മറ്റു ബന്ധുക്കളും പൊലീസിനെതിരെ ആഞ്ഞടിക്കുമ്പോഴും സിപിഎമ്മിനോ സര്‍ക്കാറിനോ എതിരെ പ്രതികരിക്കാതിരിക്കുന്നതും സ്വന്തം നാട്ടിലെ സഖാക്കളുടെ ഈ കറകളഞ്ഞ സ്‌നേഹം കണ്ടിട്ടാണ്.

തങ്ങള്‍ വിശ്വസിച്ച പ്രസ്ഥാനം നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ജീവന്‍ പണയം വെച്ചുള്ള സമരത്തിന് തന്നെ ഇറങ്ങി തിരിച്ചതെന്നാണ് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നത്.

Top