special-V S is likely to respond Former ad pvt Secretary Shah Jahan’ arrest

മലപ്പുറം: ജിഷ്ണു പ്രണോയിയുടെ കുടുംബം നിരാഹാരം പിന്‍വലിച്ച് സമരം വിജയിച്ചതായി പ്രഖ്യാപിച്ചെങ്കിലും മലപ്പുറത്തെ തിരഞ്ഞെടുപ്പ് ചൂടില്‍ കത്തി നില്‍ക്കുന്നത് ഈ വിഷയം തന്നെയാണ്.

മൂന്നാം പ്രതി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ പിടികൂടിയത് സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് ഇടതുപക്ഷം വാദിക്കുമ്പോള്‍ അറസ്റ്റ് നാടകമാണെന്നും പൊലീസിന്റെ മൂക്കിന് താഴെ വിലസിയിട്ടും പ്രതികളെ ഇതുവരെ പിടിക്കാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ തിരിച്ചടി ഭയന്നാണ് അറസ്റ്റ് നാടകം നടത്തിച്ചതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഇതോടൊപ്പം ജിഷ്ണുവിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ച പൊതുപ്രവര്‍ത്തകരായ കെ എം ഷാജഹാനെയും ഷാജിര്‍ഖാനെയും അദ്ദേഹത്തിന്റെ ഭാര്യ മിനിയേയും അറസ്റ്റു ചെയ്ത് ജയിലിലടച്ച നടപടിയും യുഡിഎഫും ബിജെപിയും ഇടതുപക്ഷത്തിനെതിരെ ആയുധമാക്കുന്നുണ്ട്.

ഷാജഹാന്റെ 84 വയസ്സുകാരിയായ അമ്മ തങ്കമ്മ മകന് നീതി കിട്ടാന്‍ വേണ്ടി നടത്തുന്ന സത്യാഗ്രഹസമരം കേരളത്തിന് മുന്നില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്.

ഇത് സര്‍ക്കാറിനെതിരെ നിലപാട് എടുക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്കുള്ള അപകട സിഗ്‌നലായിട്ടാണ് പ്രതിപക്ഷം നോക്കി കാണുന്നത്.

ഷാജഹാനടക്കമുള്ളവര്‍ക്കെതിരായ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ സമിതി അംഗം വി മുരളീധരനും മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പി സി വിഷ്ണുനാഥും ചാനല്‍ ചര്‍ച്ചയില്‍ ശക്തമായി രംഗത്തു വരികയുണ്ടായി

ഈ വിഷയം സജീവമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ തന്നെയാണ് യു ഡി എഫിന്റെയും ബി ജെ പിയുടെയും തീരുമാനം.

ലാവ് ലിന്‍ കേസില്‍ പിണറായിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിലും സിപിഎമ്മിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലുമുള്ള പക അവസരം കിട്ടിയപ്പോള്‍ സര്‍ക്കാര്‍ തീര്‍ത്തതാണെന്നാണ് ഷാജഹാന്റെ കുടുംബത്തെ പോലെ തന്നെ പ്രതിപക്ഷവും ആരോപിക്കുന്നത്.

ഈ മനുഷ്യാവകാശ ലംഘനത്തെ സജീവമായി ഉയര്‍ത്തി കൊണ്ടുവന്ന് സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനാണ് തിരഞ്ഞെടുപ്പു പ്രചരണങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കുന്ന നേതാക്കള്‍ക്ക് യു ഡി എഫ് -ബിജെപി നേതൃത്വങ്ങള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അതേ സമയം വി എസ് അച്ചുതാനന്ദന്‍ കെ എം ഷാജഹാനെ അറസ്റ്റു ചെയ്ത് തുറങ്കിലടച്ച സംഭവത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രതിപക്ഷ പാര്‍ട്ടികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.

പരുക്കനായ വി എസിനെ ജനകീയനായ വി എസ് ആക്കുന്നതില്‍ മുന്‍പ് അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാന്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

പൂയം കൂട്ടിയിലും മതികെട്ടാന്‍ മലയിലുമെല്ലാം കയേറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ വി എസിനെ മല ചവുട്ടിക്കുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയതും, സ്ത്രീപിഢനങ്ങളും മറ്റു പൊതു പ്രശ്‌നങ്ങളുമെല്ലാം വി എസിന്റ ശ്രദ്ധയില്‍ കൊണ്ടുവന്ന് ഇടപെടുവിച്ചതും അക്കാലത്തെ ഷാജഹാന്റെ തന്ത്രപരമായ ഇടപെടലുകളായിരുന്നു.

എന്നാല്‍ സിപിഎം വിഭാഗീയതയില്‍ തട്ടി പുറത്ത് പോകേണ്ടി വന്ന ഷാജഹാനും വിഎസും പിന്നീട് അധികം താമസിയാതെ രൂക്ഷമായ ഭിന്നതയിലാവുന്ന കാഴ്ചയാണ് കേരളം കണ്ടത്.

പിണറായിയെ എന്ന പോലെ തന്നെ വിഎസിനെയും തരം കിട്ടുമ്പോഴൊക്കെ ‘ആക്രമിക്കുന്ന ‘ കാര്യത്തില്‍ ഷാജഹാന്‍ ഒരു ‘പിശകും’ കാട്ടാറില്ല.

അതു കൊണ്ട് തന്നെയാണ് ഷാജഹാന്റെ കാര്യത്തില്‍ വി എസ് ഇപ്പോള്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് എല്ലാവരും ഉറ്റുനോക്കുന്നത്.

വി എസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന മുന്‍ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു ഷാജഹാന് അനുകൂലമായി പരസ്യമായി രംഗത്തു വന്ന സാഹചര്യത്തില്‍ വി എസ് ഇക്കാര്യത്തില്‍ ഷാജഹാനു വേണ്ടി ഇടപെടുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ വന്നാല്‍ സിപിഎം രാഷ്ട്രീയത്തിലും അത് വലിയ കോലാഹലമുണ്ടാക്കിയേക്കും

സിപിഐ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എഫ് സംസ്ഥാന നേതൃത്വം പൊതുപ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തു വന്നിരുന്നു.

ഇതിനിടെ അറസ്റ്റിലായ ഷാജിര്‍ഖാന്റെയും മിനിയുടെയും കാര്യത്തില്‍ പുനഃപരിശോധനയാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ജിഷ്ണുവിന്റെ കുടുംബം പറയുന്നുണ്ടെങ്കിലും ഷാജഹാന്റെ കാര്യത്തില്‍ അപ്പോഴും അവ്യക്തത തുടരുകയാണ്.

പൊലീസ് ആസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ഗൂഡാലോചന നടത്തി എന്ന കുറ്റമാണ് ഷാജഹാന്‍ ഉള്‍പ്പെടെ അകത്തു കിടക്കുന്ന മൂന്നു പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതില്‍ ഷാജിര്‍ഖാനും അദ്ദേഹത്തിന്റെ ഭാര്യ മിനിയും തങ്ങള്‍ വിളിച്ചിട്ടു വന്നതാണെന്ന് ജിഷ്ണുവിന്റെ കുടുംബം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഷാജഹാന്‍ പൊതു പ്രശ്‌നത്തില്‍ ഇടപെടുന്നതിന്റെ ഭാഗമായി സമര സ്ഥലത്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പോയതാണെന്നാണ് അദ്ദേഹത്തിന്റെ അമ്മയും ചൂണ്ടിക്കാട്ടുന്നത്.

ഒരേ വകുപ്പില്‍ അറസ്റ്റിലായ മൂന്നു പേരില്‍ രണ്ടു പേരെ മാത്രം വിടാന്‍ കഴിയില്ലന്നാണ് നിയമവിദഗ്ദരം പറയുന്നത്. മാത്രമല്ല ഷാജിര്‍ഖാനും ഭാര്യയും തങ്ങള്‍ വിളിച്ചിട്ടാണ് വന്നതെന്ന് ജിഷ്ണുവിന്റെ കുടുംബം തന്നെ പറഞ്ഞതിനാല്‍ കേസ് ദുര്‍ബലപ്പെടുമെന്നതാണ് മറ്റൊരു വാദം.

ജിഷ്ണുവിന്റെ കുടുംബത്തിന്റെ അടുത്തേക്ക് പോകുന്ന വഴിക്ക്, തന്നെ ഷാജഹാന്‍ വിളിച്ച് അവരുടെ ആരുടെയെങ്കിലും നമ്പറുണ്ടോ എന്ന് ചോദിച്ചിരുന്നതായി ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണും വെളിപ്പെടുത്തിയിട്ടുണ്ട്.

മുന്‍പരിചയമില്ലാത്തയാള്‍ എന്ത് ഗൂഡാലോചനയാണ് ഇവിടെ നടത്തിയതെന്നാണ് വിനു വി ജോണിന്റെ ചോദ്യം.

Top