നടപടിയിലും സിപിഎമ്മിൽ രണ്ട് തരം നീതി, സംസ്ഥാന നേതൃത്ത്വത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ കാര്യത്തില്‍ രണ്ട് നീതി നടപ്പാക്കിയതില്‍ സിപിഎമ്മില്‍ പ്രതിഷേധം പുകയുന്നു.

പാര്‍ട്ടി അനുമതിയില്ലാതെ ആര്‍എസ്എസ് വേദിയില്‍ പോയ രണ്ട് നേതാക്കളോട് രണ്ട് തരം സമീപനം സ്വീകരിച്ച നേതൃത്ത്വത്തിന്റെ നടപടിയാണ് പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നത്.

2010ല്‍ കൊല്ലം മേയറായിരുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ പത്മലോചനനെ ആര്‍ എസ് എസ് പ്രാന്ത സാംഘിക് പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തതിനാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നത്.

സംസ്ഥാന നേതൃത്ത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്താണ് നടപടി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.തുടര്‍ന്ന് മേയര്‍ സ്ഥാനത്ത് നിന്നും പത്മലോചനന് രാജിവയ്‌ക്കേണ്ടിയും വന്നിരുന്നു.

ഇരിങ്ങാലക്കുട എംഎല്‍എയും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ പ്രൊഫ. അരുണനെ സമാനമായ രീതിയില്‍ ആര്‍എസ്എസിന്റെ നേതൃത്ത്വത്തില്‍ നടന്ന പൊതു പരിപാടി ഉദ്ഘാടനം ചെയ്തതിനാണ് ഇപ്പോള്‍ പരസ്യമായി ത്യശൂര്‍ ജില്ലാ കമ്മിറ്റി ശാസിച്ചിരിക്കുന്നത്.

ഇതും പാര്‍ട്ടി സംസ്ഥാന നേതൃത്ത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.

ഒരു വ്യത്യാസമുള്ളത് പത്മലോചനനെതിരായ നടപടി സ്വീകരിക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നുവെന്നതും ഇപ്പോള്‍ ആ സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണനാണെന്നുമുള്ളതാണ്.

ഏരിയാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് എംഎല്‍എ അരുണനെ തരംതാഴ്ത്തണമെന്നതായിരുന്നു തൃശൂരിലെ സിപിഎമ്മിനകത്ത് പൊതുവികാരമുണ്ടായിരുന്നത്.

എന്നാല്‍ നടപടിക്ക് അനുമതി നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യ താക്കീതാലൊതുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.ഇതേ തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി പരസ്യ ശാസന പുറപ്പെടുവിച്ചത്.

കൊല്ലത്ത് പത്മലോചനന് സസ്‌പെന്‍ഷനും മേയര്‍ പദവിയും നഷ്ടമായപ്പോള്‍ ഇവിടെ പ്രൊഫ. അരുണന് പാര്‍ട്ടി പദവിയും എംഎല്‍എ പദവിയും നഷ്ടമായിട്ടില്ലന്നതും ശ്രദ്ധേയമാണ്.

എംഎല്‍എ പദവി രാജിവയ്പിച്ചില്ലങ്കിലും, സസ്‌പെന്റ് ചെയ്തില്ലങ്കില്‍ കൂടിയും പാര്‍ട്ടി ഘടകത്തില്‍ നിന്നും തരംതാഴ്ത്താനുള്ള ചങ്കുറ്റമെങ്കിലും പാര്‍ട്ടി കാണിക്കണമായിരുന്നുവെന്നാണ് സിപിഎം അണികളുടെ പ്രതികരണം. ഇക്കാര്യത്തില്‍ കടുത്ത രോക്ഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയിലാണ് ഉയര്‍ന്നിരിക്കുന്നത്.

മുന്‍പ് കൊല്ലത്ത് മേയര്‍ക്കെതിരെ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടി പാര്‍ട്ടി കമ്മിറ്റികളില്‍ നേതൃത്ത്വത്തെ ‘പൊരിക്കാനാണ് ‘ ഒരു വിഭാഗത്തിന്റെ തീരുമാനം.

എം എല്‍ എ അരുണനെതിരായ നടപടി പരസ്യ ശാസനയില്‍ ഒതുക്കിയതില്‍ പ്രമുഖ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കിടയിലും കടുത്ത ഭിന്നതക്ക് കാരണമായിട്ടുണ്ട്.

സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെയാണ് നടപടി സംബന്ധമായ നിര്‍ദേശം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഭാഗമായി കോടിയേരി ജില്ലാ കമ്മിറ്റിക്ക് നല്‍കിയത് എന്നതിനാല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവസരം ലഭിച്ചിരുന്നില്ല.

സാധാരണ ഗതിയില്‍ ഏരിയാ കമ്മിറ്റി അംഗത്തിനെതിരായ നടപടി ബന്ധപ്പെട്ട കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സ്വീകരിച്ചാല്‍ മതിയെങ്കിലും അരുണന്‍ എംഎല്‍എ ആയതിനാല്‍ നടപടിക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി അടുത്ത പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉന്നയിക്കുമെന്നാണ് സൂചന.

രാഷട്രീയ സ്വയം സേവക് സംഘ് എന്നെഴുതിയ വലിയ ബാനറിന് മുന്നില്‍ നിന്ന് പരിപാടി ഉദ്ഘാടനം ചെയ്തിട്ട് ആര്‍എസ്എസ് പരിപാടിയാണെന്ന് അറിഞ്ഞില്ലന്ന് എംഎല്‍എ പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ തയ്യാറല്ലന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

ഖമറുന്നീസ അന്‍വര്‍ ആര്‍എസ്എസ് വേദിയിലെത്തിയതിന്റെ വിവാദം കെട്ടടങ്ങും മുന്‍പ് തന്നെ സിപിഎം എംഎല്‍എ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് കേവലം ജാഗ്രത കുറവു മാത്രമല്ല, ‘മന:പൂര്‍വ്വമായ’ ജാഗ്രത കുറവ് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

സമാനമായ വിഷയങ്ങളില്‍ മുന്‍പ് കടുത്ത നടപടി സ്വീകരിച്ച പാരമ്പര്യമുള്ള പാര്‍ട്ടി ഇപ്പോള്‍ സംഘടനാ നടപടിയിലും മൃദുസമീപനം സ്വീകരിച്ചത് ഇടത് ചിന്തകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Top