‘നശീകരണ ശക്തികളെ ചെറുക്കണം’ കേന്ദ്രത്തിനെ ചൊടിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം ഹിറ്റ് !

കേന്ദ്രത്തെ ചൊടുപ്പിച്ച ആ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശന്‍ റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയ ത്രിപുരയിലെ ജനകീയ മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിന പ്രസംഗമാണ് രാജ്യമെമ്പാടും വിവിധ ഭാഷകളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

എഡിറ്റ് ചെയ്‌തേ പ്രക്ഷേപണം ചെയ്യൂവെന്ന് പറഞ്ഞ് ദൂരദര്‍ശന്‍ അധികൃതര്‍ ഉടക്കിയത് വലിയ വിവാദത്തിന് തിരികൊളുത്തുകയും മോദി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് സി.പി.എം രംഗത്ത് വരിക കൂടി ചെയ്തതോടെയാണ് വിവാദ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

manik sirkkar

രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയായി അറിയപ്പെടുന്ന മണിക് സര്‍ക്കാര്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയാണ്.

ത്രിപുര മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ:

ത്രിപുരയിലെ ജനങ്ങളെ,

സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായവരുടെ സ്മരണയ്ക്കു മുന്നില്‍ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു.

സ്വാതന്ത്ര്യ ദിന ആഘോഷമെന്നത് കേവലം ഒരു ചടങ്ങുമാത്രമല്ല. ചരിത്രപരമായ പ്രാധാന്യം കൊണ്ടും ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യ ദിനത്തോടുള്ള വൈകാരിക അടുപ്പം കൊണ്ടും ഇത് ആത്മപരിശോധനയ്ക്കുള്ള അവസരം കൂടിയാണ്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന നമുക്ക് മുന്നില്‍ ഗൗരവമാര്‍ന്ന അനേകം സമകാലിക പ്രശ്നങ്ങള്‍ കൂടിയുണ്ട്.

നാനാത്വത്തില്‍ ഏകാത്വം എന്നത് ഇന്ത്യയുടെ പൈതൃകമാണ്. ഇന്ത്യക്കാരെ ഒരു രാജ്യമായി സമാധാനപരമായി നിലനിര്‍ത്തുന്നതില്‍ നമ്മുടെ മതേതര ആശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും നിര്‍ണായക സ്വാധീനമാണുള്ളത്. എന്നാല്‍ ഇന്ന് ഈ മതേതര മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. സമൂഹത്തില്‍ സങ്കീര്‍ണതകളും വിഭാഗീയതയും ഉണ്ടാക്കാന്‍ ഗൂഢാലോചനകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ നമ്മുടെ ദേശീയ ബോധത്തെ തകര്‍ക്കാനും കീഴടക്കാനുമുള്ള ശ്രമങ്ങളുടെ നടുവിലാണ് നാം ഇപ്പോള്‍. പശു സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യയെ ഒരു പ്രത്യക മതസ്ഥരുടെ രാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നമുക്കും ചുറ്റും നടക്കുന്നുണ്ട്.

ഇത്തരക്കാരുടെ ഇടപെടല്‍ കൊണ്ടു തന്നെ രാജ്യത്തെ ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു. അവരുടെ സുരക്ഷിതത്വ ബോധമാണ് ഇല്ലാതാകുന്നത്. അവരുടെ ജീവിതം ആപത്തിലായിരിക്കുന്നു. ഇത്തരത്തിലുള്ള അവിശുദ്ധ പ്രവണതകള്‍ വളരുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ലക്ഷ്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും എതിരാണ്.
സ്വാതന്ത്ര്യ സമരവുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരും, അതിനെ അട്ടിമറിയ്ക്കാനും നശിപ്പിക്കാനും മുന്നിട്ടിറങ്ങിയവരുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നതൃത്വം കൊടുക്കുന്നത്. ബ്രിട്ടീഷുകരുടെ പാദസേവ ചെയ്തവരുടെ അനുയായികള്‍ ഇപ്പോള്‍ പുതിയ പേരില്‍ രംഗത്തുവന്ന് ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ ഗൂഢാലോചനകള്‍ക്കെതിരെ രാജ്യത്തെ എല്ലാ പൗരന്മാരും ഒറ്റക്കെട്ടായി നിലനില്‍ക്കണം. ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം നമ്മുടെ രാജ്യത്തിന് ആവശ്യമുണ്ട്.

ഇന്ന് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചു വരികയാണ്. രാജ്യത്തെ സമ്പത്ത് മുഴുവനും ഒരു വിഭാഗത്തിന്റെ കൈകളില്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗവും ദുരിതം അനുഭവിക്കുന്നു. മനുഷ്യത്വമില്ലാത്ത ചൂഷണത്തിന്റെ ഇരകളാണ് അവര്‍. അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. ഭക്ഷണമോ, പാര്‍പ്പിടമോ, വസ്ത്രമോ, വിദ്യാഭ്യാസമോ, ആരോഗ്യ സുരക്ഷയോ അവര്‍ക്ക് ലഭിക്കുന്നില്ല. നമ്മുടെ ദേശീയ നയങ്ങള്‍ തന്നെയാണ് വലിയൊരു ജനവിഭാഗത്തെ ദുരിത ജീവിതത്തിലേക്ക് തള്ളിവിടുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിപരീതമാണ് ഈ സംഭവങ്ങളെല്ലാം. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ ഇല്ലാതാകേണ്ടതുണ്ട്. പക്ഷേ വാക്കുകള്‍ കൊണ്ട് മാത്രം ഒരിക്കലും ഇത് കൈവരിയ്ക്കാന്‍ സാധിക്കില്ല. ഇതിന് ലക്ഷക്കണക്കിന് വരുന്ന ദുരിതം അനുഭവിക്കുന്ന ജനത ഉണരേണ്ടതുണ്ട്. അവര്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്, നിര്‍ഭയമായി പോരാടേണ്ടതുണ്ട്. ഒരു ബദല്‍ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ രാഷ്ട്രത്തില്‍ നൈരാശ്യത്തിന്റേതായ ഒരന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് നിന്ന് ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ മറുവശത്ത് ലക്ഷണക്കണക്കിനു വരുന്ന ചെറുപ്പക്കാര്‍ തൊഴിലിനു വേണ്ടി വരി നില്‍ക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ള ലാഭം ഉണ്ടാക്കാന്‍ സഹായ പ്രധമായ ദേശീയ നയത്തില്‍ ഭേദഗതി വരുത്താതെ ഈ സ്ഥിതി മാറ്റാന്‍ സാധിക്കില്ല. വലിയൊരു വിഭാഗം ജനത്തെ പ്രതിലോമമായി ബാധിക്കുന്ന ദേശീയ സാമ്പത്തിക നയത്തെ ചെറുത്ത് തോത്പ്പിക്കാന്‍ തുടക്കമിടുക എന്ന പ്രതിജ്ഞയാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും കൈക്കൊളേളണ്ടത്.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ നിന്നും വ്യത്യസ്തമായ പാതയാണ് പരിമിതകള്‍ക്കകത്ത് നിന്നു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്. ഈ നയങ്ങള്‍ ത്രിപുരയിലെ ജനങ്ങളെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ദളിത് വിഭാഗത്തെയും ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളോട് വലിയ രീതിയിലുള്ള വിയേജിപ്പാണ്. ഇതെല്ലാം നേരിട്ട് തന്നെ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സമാധാനവും വികസനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ഈ നശീകരണ ശക്തികളെ ചെറുത്ത് തോത്പ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കുമെന്ന പ്രതിജ്ഞയാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ എടുക്കേണ്ടത്.

Top