ബീക്കൺ ലൈറ്റ് നിയമ വിരുദ്ധമായി വെച്ച് വിലസുന്നത് ഉന്നത പൊലീസുദ്യോഗസ്ഥർ . .

തിരുവനന്തപുരം: വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബീക്കണ്‍ ലൈറ്റ് നിരോധിച്ചിട്ടും സംസ്ഥാനത്ത് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് പൊലീസ് ഉപദേഷ്ടാവ് മാത്രമല്ല സംസ്ഥാനത്തെ ക്രമസമാധാന ചുമതലയില്ലാത്ത പൊലീസുദ്യോഗസ്ഥരും.

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി രാജ്യത്തെ മന്ത്രിമാര്‍, ജഡ്ജിമാര്‍, ഐഎഎസ് ഓഫീസര്‍മാര്‍, മേയര്‍മാര്‍വരെ മാറ്റിയ ബീക്കണ്‍ ലൈറ്റാണ് പൊലീസിലെ ഒരു വിഭാഗം ഇപ്പോള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത്.

കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ക്രമസമാധാന ചുമതലയുള്ള പൊലീസുദ്യോഗസ്ഥര്‍, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, കരസേനയുള്‍പ്പെടെയുള്ള സേനാ വിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്.

പൊലീസിന് ചുവപ്പും, നീലയും, വെള്ളയും ചേര്‍ന്ന മള്‍ട്ടികളര്‍ ലൈറ്റ് മാത്രമാണ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മിക്ക ലോക രാഷ്ട്രങ്ങളിലെ പൊലീസും ഉപയോഗിക്കുന്നത് ഈ കളര്‍ തന്നെയാണ്.

എന്നാല്‍ കേരളത്തില്‍ ക്രമസമാധാന ചുമതലയില്ലാത്ത ഐപിഎസുകാര്‍ മുതല്‍ താഴെ തട്ടിലുള്ള നിരവധി ഉദ്യോഗസ്ഥര്‍ വരെ ബീക്കണ്‍ ലൈറ്റ് വച്ചാണ് നിരത്തിലൂടെ ചീറി പായുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇതില്‍ നല്ലൊരു വിഭാഗവും.

വിവാദം ഭയന്ന് ചിലര്‍ രാത്രിയില്‍ മാത്രമേ കാറിന് മുകളില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുന്നുള്ളു.

എല്ലാ പൊലീസുദ്യോഗസ്ഥരുടെ വാഹനങ്ങളിലും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കാമെന്ന ധാരണയുള്ളതിനാലും ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും ഇല്ലാത്തവരുടെയും വാഹനങ്ങള്‍ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാലും സാധാരണക്കാരന്റെ മൊബൈല്‍ ക്യാമറയുടെ കണ്ണില്‍ നിയമപാലകരുടെ നിയമലംഘനം ഇതുവരെ പെട്ടിട്ടില്ല.

ഇത്തരം നിയമലംഘനം പിടികൂടി നടപടിയെടുക്കേണ്ട മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കാവട്ടെ പൊലീസ് വാഹനം കണ്ടാല്‍ മുട്ടിടിക്കുകയും ചെയ്യും.

ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചത് വിവാദമായതോടെയാണ് മറ്റുള്ളവരുടെ കാര്യവും പുറത്തുവരുന്നത്.

നിലവില്‍ വിഐപി കല്യാണങ്ങള്‍ക്കും മറ്റു സ്വകാര്യ ചടങ്ങുകള്‍ക്കും മന്ത്രിമാരേക്കാളും ഐഎഎസ് ഓഫീസര്‍മാരേക്കാളും ക്ഷണം ലഭിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണെന്നും പറയപ്പെടുന്നു.

ബീക്കണ്‍ ലൈറ്റിന്റെ സാന്നിധ്യം ആഘോഷങ്ങള്‍ക്ക് ‘പകിട്ട് ‘പകരുമെന്ന് കണ്ടാണ് കാക്കിപ്പടക്കുള്ള ഈ ക്ഷണമത്രെ.

ഐപിഎസ് വേണ്ടന്ന് വച്ച് ഐഎഎസ് എടുത്ത ഒരു ഉത്തരേന്ത്യക്കാരനായ ഐ.എ.എസുകാരന്‍ സുഹൃത്തിനോട് പറഞ്ഞത് കഷ്ടമാണ് ‘സ്ഥിതി’ എന്നാണ്.

അധികാരമുണ്ടെങ്കിലും പൊതു സൂഹത്തില്‍ നിന്ന് ബീക്കണ്‍ ഘടിപ്പിച്ച വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും ഇറങ്ങുമ്പോഴും ലഭിക്കുന്ന ‘പരിഗണന’ ഇപ്പോള്‍ ലഭിക്കാത്തതാണ് ഉദ്യോഗസ്ഥരുടെ ‘പരിഭവത്തിന്’ പ്രധാന കാരണം.

മന്ത്രിമാരാകട്ടെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ‘മറികടക്കാന്‍’ തന്ത്രപരമായ സമീപനമാണ് സ്വീകരിക്കുന്നത്.

നാട്ടിലെത്തിയാല്‍ പൊലീസ് എസ്‌കോട്ട് വാഹനം ഒഴിവാക്കുന്ന മന്ത്രി പോലും ഇപ്പോള്‍ നിര്‍ബന്ധമായും എല്ലായിടത്തും പൊലീസ് വാഹനത്തിന്റെ ബീക്കണ്‍ ലൈറ്റിന്റെ വെളിച്ചത്തിലാണ് ‘പവര്‍ ‘ കാട്ടി വിലസുന്നത്.

Top