കലാപം പടരുന്നു, പരിപൂർണ്ണ ഉത്തരവാദിത്വം ബി.ജെ.പി – കോൺഗ്രസ്സ് സർക്കാറുകൾക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ കലാപത്തിന്റെ തീ ആളിപടരവെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ബി.ജെ.പി – കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍.

ലക്ഷക്കണക്കിന് എന്തിനും പോന്ന അനുനായികളുള്ള ദേര സച്ച സൌദയുടെ തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരെ വിധി പറയും മുന്‍പ് ആക്രമണം നേരിടാന്‍ സൈന്യത്തെ നിയോഗിക്കാന്‍ ഇരു സര്‍ക്കാറുകളോടും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്.

എന്നാല്‍ ലക്ഷക്കണക്കിന് അനുയായികള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ സംഘടിച്ച് എത്താന്‍ സര്‍ക്കാറുകളുടെ കഴിവ് കേട് കാരണമായി മാറുകയായിരുന്നു.

1

ഇങ്ങനെ സംഘടിച്ച് എത്തിയവരാണ് വ്യാപകമായി ഉത്തരേന്ത്യയില്‍ കലാപം അഴിച്ചുവിട്ടത്.

ഒടുവില്‍ സൈന്യം ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ വലിയ കലാപത്തിലേക്ക് കാര്യങ്ങള്‍ എത്തുമായിരുന്നു.

സൈന്യം നടത്തിയ വെടിവെപ്പിലാണ് ഇപ്പോള്‍ 35 ഓളം പേര്‍ കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി പേരെ കാണാതായിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ ജീവനു വേണ്ടി ആശുപത്രികളില്‍ പിടയുകയാണ്.

രാജ്യം ഒന്നാകെ ഞെട്ടി തരിച്ച് നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ എങ്ങും കാണുന്നത്.

2

പഞ്ചാബില്‍ തുടങ്ങിയ ആക്രമണം ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു.

സ്വന്തം ജനങ്ങളെ തന്നെ വെടിവെയ്‌ക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിരുത്തരവാദപരമായ സമീപനം മൂലമാണെന്ന രൂക്ഷമായ വിമര്‍ശനമാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും ഇപ്പോള്‍ നേരിടുന്നത്.

പഞ്ചാബില്‍ കോണ്‍ഗ്രസ്സും ഹരിയാനയില്‍ ബി.ജെ.പിയുമാണ് ഭരിക്കുന്നത്.

ഡല്‍ഹിയിലെ പൊലീസും മറ്റ് സുരക്ഷാ സേനകളുമെല്ലാം കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള കീഴിലുമാണ്.

ഗുര്‍മീതിന്റെ അനുയായികള്‍ വന്‍തോതില്‍ ആയുധങ്ങളും മണ്ണെണ്ണയും പെട്രോളും വന്‍തോതില്‍ ശേഖരിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങളും മുന്നറിയിപ്പു നല്‍കിയിരുന്നു.

3

പൊലീസിലെ ഏകോപനമില്ലായ്മയും സൈന്യത്തിനെ ഉപയോഗപ്പെടുത്തുന്നതില്‍ വന്ന വീഴ്ചയുമാണ് ആക്രമണം കലാപമായി മാറാന്‍ വഴി ഒരുക്കിയത്.

സി.ബി.ഐ കോടതി പരിസരത്ത് പോലും അരലക്ഷത്തിലധികം പേര്‍ തമ്പടിക്കുന്നതും 200-ല്‍ അധികം വാഹനങ്ങളുടെ അകമ്പടിയോടെ ഗുര്‍മീത് കോടതിയിലെത്തുന്നതുമെല്ലാം പൊലീസും സേനയും നോക്കി നില്‍ക്കുകയായിരുന്നു.

ഇതിനു പുറമെയാണ് മറ്റ് പല ഭാഗങ്ങളിലുമായി പതിനായിരക്കണക്കിന് അനുനായികളും സംഘടിച്ചിരുന്നത്.

കുറ്റക്കാരനാണെന്ന വിധി പുറത്തു വന്ന ഉടനെ തന്നെ ആക്രമണം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

4

ഇതിനിടെ സി.ബി.ഐ കോടതി വിധിക്കെതിരെ പരസ്യമായി ബി.ജെ.പിയുടെ പ്രമുഖ നേതാവും എം.പിയുമായ സാക്ഷി മഹാരാജ് കൂടി രംഗത്തുവന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി കഴിഞ്ഞു.

കോടി കണക്കിന് ഭക്തര്‍ ഉളള ഗുര്‍മീതിനെതിരെയുള്ള വിധിയെ എതിര്‍ക്കുക മാത്രമല്ല പല കേസുകളിലും പെട്ട ഡല്‍ഹി ഇമാമിനെ തൊടാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യവും സാക്ഷി മഹാരാജ് ഉയര്‍ത്തുകയുണ്ടായി.

ബലാത്സംഗ കേസില്‍ പ്രതിയായ ആള്‍ ദൈവത്തിനു വേണ്ടി ബി.ജെ.പി എം.പി തന്നെ പരസ്യമായി രംഗത്ത് വന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ മാത്രമല്ല ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിട്ടുണ്ട്.

റാം റഹീമിനെ പോലെ മാന്യനായ വ്യക്തിക്കെതിരെയാണ് പെണ്‍കുട്ടിയുടെ ആരോപണമെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കോടതി വിധിയെന്നും തുറന്നടിച്ച സാക്ഷി മഹാരാജ് ഇപ്പോഴത്തെ കലാപത്തിന് കാരണക്കാര്‍ വിധി പുറപ്പെടുവിച്ച കോടതിയാണെന്നുമാണ് ആരോപിച്ചത്.

കോടതിക്കെതിരായ എം.പിയുടെ പരാമര്‍ശത്തിനെതിരെ നിയമകേന്ദ്രങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.

ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞപ്പോള്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ തിങ്കളാഴ്ച കോടതി ശിക്ഷ വിധിക്കുമ്പോള്‍ എന്താകും പ്രതികരണമെന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കും വലിയ ആശങ്കയുണ്ട്.

ഇപ്പോള്‍ തന്നെ ട്രെയിന്‍ – റോഡ് ഗതാഗതം ഉത്തരേന്ത്യയില്‍ മിക്കയിടത്തും സ്തംഭിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഫ്യൂ പലയിടത്തും തുടരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് പോലും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

തിങ്കളാഴ്ച കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പറ്റുകയുള്ളുവോ എന്ന ജനങ്ങളുടെ ചോദ്യത്തിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് പോലും ഉറപ്പ് പറയാന്‍ പറ്റാത്ത ഭീകര അവസ്ഥയാണ് ഇവിടെ.

റിപ്പോര്‍ട്ട്: ടി അരുണ്‍കുമാര്‍

Top