ആഭ്യന്തര സംഘർഷ ഭീഷണിയിൽ സൗദിയും, പരിഷ്ക്കാരങ്ങളിൽ സൈന്യത്തിലും എതിർപ്പ്

വാഷിങ്ടണ്‍: സൗദിയിലെ ഇപ്പോഴത്തെ കടുത്ത നടപടികള്‍ ആഭ്യന്തര സംഘര്‍ഷത്തിന് കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്.

സൗദി രാജകുടുംബത്തിലെ ഇളമുറക്കാരായ പതിനൊന്ന് രാജാക്കന്‍മാര്‍, പന്ത്രണ്ട് മുന്‍ മന്ത്രിമാര്‍ എന്നിവര്‍ അഴിമതി കേസില്‍പ്പെട്ട് അകത്ത് പോയതില്‍ സൈന്യത്തിലേയും പൊലീസിലേയും ഒരു വിഭാഗത്തില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി ഇന്നുവരെ പിന്തുടര്‍ന്ന് വരുന്ന നയങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളില്‍ ശക്തമായ പ്രതിഷേധമുള്ളവരാണ് ഇപ്പോഴത്തെ അറസ്റ്റോടെ കൂടുതല്‍ രോഷാകുലരായിട്ടുള്ളതത്രെ.

താരതമ്യേന ചെറിയ തെറ്റുകള്‍ക്കു പോലും വലിയ ശിക്ഷയുള്ള രാജ്യത്ത് പെട്ടന്ന് ഒരു അട്ടിമറിക്ക് സാധ്യത കുറവാണെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍.

സൗദിയുടെയും യു.എ.ഇ യുടെയും വിലക്ക് പേടിച്ച് പ്രമുഖ മാധ്യമങ്ങള്‍ പോലും വാര്‍ത്തകള്‍ ‘സെന്‍ഷര്‍’ ചെയ്താണ് ഇപ്പോള്‍ നല്‍കി വരുന്നതെന്ന ആരോപണം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ന്യൂ ജനറേഷന്‍ മാറ്റങ്ങള്‍ കൂടുതലായി നടപ്പാക്കിയാല്‍ ഇപ്പോഴത്തെ രോഷം പൊട്ടിതെറിയില്‍ കലാശിക്കുമെന്നാണ് പറയപ്പെടുന്നത്.
23365253_2028647117367134_1102380163_n
സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയതുള്‍പ്പെടെ പുതിയ കിരീടാവകാശി പ്രഖ്യാപിച്ച പല ഇളവുകളിലും പരമ്പരാഗത വിഭാഗമായ സൗദികള്‍ക്കിടയിലാണ് കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നത്.

എന്നാല്‍ പുതിയ തലമുറയില്‍പ്പെട്ടവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷമെന്നതിനാല്‍ ഈ പിന്തുണ ലക്ഷ്യമിട്ടാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നീക്കങ്ങള്‍.

മറ്റ് അറബ് രാജ്യങ്ങള്‍ ‘മാറ്റത്തിന്റെ’ പാതയില്‍ വളരെയധികം മുന്നേറുന്ന സാഹചര്യത്തില്‍ സൗദിക്ക് ഇനിയും മാറാന്‍ കഴിഞ്ഞില്ലങ്കില്‍ പഴയ പ്രതാപമെല്ലാം നഷ്ടപ്പെടുക മാത്രമല്ല, വലിയ തിരിച്ചടി ലഭിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഐ.എസ് മുതല്‍ ഹൂതി വിമതര്‍ വരെ ശത്രുക്കളായി നീണ്ട നിര തന്നെയുള്ള സൗദി, അമേരിക്കയുടെ സൈനിക ബലത്തിലാണ് പിടിച്ചു നില്‍ക്കുന്നത്.
23414248_2028647134033799_1818307567_n
പുറത്തുള്ള ശത്രുക്കളെ തുരത്താന്‍ എളുപ്പം സാധിക്കുമെങ്കിലും പുറത്തുള്ളവര്‍ സൗദിയിലുള്ള വിമതന്‍മാരുമായി കൈകോര്‍ത്താല്‍ വലിയ ആഭ്യന്തര സംഘര്‍ഷത്തിന് തന്നെ ഇടയാക്കുമെന്ന ഭീതി സൗദി ഭരണകൂടത്തിനുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഹൂതി വിമതര്‍ സൗദിയിലേക്ക് തൊടുത്ത മിസൈല്‍ തകര്‍ക്കാനും സൗദിയില്‍ പ്രതിരോധ മന്ത്രാലയം തകര്‍ക്കാന്‍ നീക്കം നടത്തിയ ഐ.എസ് തീവ്രവാദികളെ പിടികൂടാനും സൗദി സേനക്ക് കഴിഞ്ഞിരുന്നു.

ഇത് നേട്ടമായി കാണുമ്പോഴും സ്വന്തം പൗരന്മാര്‍ക്കിടയില്‍ പോലും ഐ.എസ് സ്വാധീനം വളര്‍ന്നു വരുന്നത് സൗദി ഭരണകൂടത്തെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

രാജ്യത്തിനകത്തെ ശത്രുക്കള്‍ക്ക് പുറത്ത് നിന്നും ശക്തമായ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാകുന്ന ഘട്ടത്തില്‍ സേനയിലെ ഒരു വിഭാഗം കൂടി ഭരണകൂടത്തിനെതിരെ അട്ടിമറിക്ക് ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയും സൗദിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Top