പിണറായിയെ മറ്റു അറബ് രാഷ്ട്രങ്ങളിലെയും ഇന്ത്യാക്കാര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു

ദുബായ് : ശിക്ഷയുടെ കാര്യത്തില്‍ ഏറ്റവും കഠിനമായ രീതി പിന്തുടരുന്ന സൗദി ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങളിലെ ഇന്ത്യാക്കാരുടെ ഹീറോയായി പിണറായി വിജയന്‍.

സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നും മറ്റും കേസുകളില്‍ കുടുങ്ങി നിരവധി ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ കുടുങ്ങി കിടക്കുന്നത്. ഇതില്‍ നല്ലൊരു വിഭാഗവും മലയാളികളാണ്.

ഇങ്ങനെ കേസുകളില്‍പ്പെട്ട 149 പേരെ മോചിപ്പിക്കാനും അവര്‍ക്ക് അവിടെ തന്നെ ജോലി ചെയ്യാനുള്ള അവസരമുണ്ടാക്കാനുമുള്ള ഷാര്‍ജ ഭരണാധികാരിയുടെ പ്രഖ്യാപനത്തിന് പിന്നില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയാനാണ് എന്നതാണ് ഗള്‍ഫ് മേഖലയില്‍ പിണറായിയെ താരമാക്കിയിരിക്കുന്നത്.

സൗദി, യുഎഇ ,കുവൈറ്റ്, ഒമാന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട യു.എ.ഇ ഉന്നതാധികാര സമിതി അംഗമായ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ പുതിയ പ്രഖ്യാപനം മറ്റു അറബ് രാഷ്ട്രങ്ങളും പിന്തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാക്കാര്‍.

ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നതാണ് അവരുടെ ആവശ്യം.

ഷാര്‍ജയില്‍ കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും ആയുര്‍വേദ പാരമ്പര്യവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം, ഷാര്‍ജയിലെ മലയാളികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവനസമുച്ചയങ്ങള്‍, എന്‍ജിനീയറിങ് കോളജും മെഡിക്കല്‍ കോളജും പബ്ലിക് സ്‌കൂളും ഉള്‍പ്പടെ ആഗോള നിലവാരമുളള വിദ്യാഭ്യാസ കേന്ദ്രം എന്നീ മൂന്നു പദ്ധതികളിന്‍മേലും അനുകൂല തീരുമാനമാണ് ഷാര്‍ജ ഭരണാധികാരി സ്വീകരിച്ചിട്ടുള്ളത്. ഈ മൂന്നു പദ്ധതികളും 2016 ഡിസംബറില്‍ മുഖ്യമന്ത്രി ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

ഇതിനു പുറമെയാണ് രണ്ടു കോടി യു.എ.ഇ. ദിര്‍ഹത്തിന്റെ വരെ (35.58 കോടി രൂപ) സാമ്പത്തിക ക്രമക്കേടില്‍ ഉള്‍പ്പെട്ടവരെയാണ് പിണറായിയുടെ ആവശ്യപ്രകാരം ഇപ്പോള്‍ നിരുപാധികം ഷാര്‍ജ ഭരണകൂടം വിട്ടയക്കുന്നത്.

ഇങ്ങനെ വിട്ടയക്കുന്നവര്‍ക്ക് അവിടെ തന്നെ ജോലി ചെയ്യാന്‍ അവസരമുണ്ടാക്കുമെന്ന് ഷാര്‍ജ ഭരണാധികാരി അറിയിച്ചതിനാല്‍ ചെക്ക് കേസിലും മറ്റും പെട്ട് ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മുന്‍പ് മടങ്ങേണ്ടി വന്നവരും പുതിയ പ്രതീക്ഷയിലാണ്.

സാമ്പത്തിക ഇടപാടുകളില്‍ കര്‍ക്കശമായ ശിക്ഷ വിധിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പരാധീനത മൂലം മാന്യമായി ജീവിക്കുന്നവര്‍ക്ക് പോലും അഴിയണ്ണേണ്ട സാഹചര്യമാണുള്ളത്. ഒരു ചെക്ക് മടങ്ങിയാല്‍ പോലും വലിയ ‘വിലയാണ്’ നല്‍കേണ്ടി വരുന്നത്.

ഈ സാഹചര്യം മാറ്റിമറിക്കാന്‍ വഴി ഒരുക്കുന്ന നീക്കത്തിന്റെ തുടക്കമായിട്ടാണ് ഷാര്‍ജയുടെ പുതിയ നടപടിയെ ഇന്ത്യന്‍ പ്രവാസികള്‍ വിലയിരുത്തുന്നത്.

ഷാര്‍ജ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായിക്ക് തോന്നിയതും ഡിലിറ്റ് ബിരുദം വാങ്ങുന്നതിനായി ഷാര്‍ജ ഭരണാധികാരിക്ക് കേരളത്തിലെത്തേണ്ടി വന്നതുമാണ് ഈ സുപ്രധാന പ്രഖ്യാപനത്തിന് വഴി ഒരുക്കിയതെന്നാണ് അവരുടെ അഭിപ്രായം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗള്‍ഫ് സന്ദര്‍ശനത്തേക്കാള്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് പ്രയോജനം ലഭിക്കുന്നത് മുഖ്യമന്ത്രി പിണറായിയുടെ ഷാര്‍ജ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണെന്ന വിലയിരുത്തലും ഇവിടെ ശക്തമാണ്.

പിണറായിയുടെ കൈപിടിച്ച് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി നടക്കുന്ന കാഴ്ചയില്‍ തന്നെ അവര്‍ തമ്മിലുള്ള അടുപ്പം വ്യക്തമാണെന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍ വഴിമാത്രം സാധാരണ ഗതിയില്‍ നടക്കാറുള്ള ഇത്തരം കാര്യങ്ങള്‍ തന്ത്രപരമായ നീക്കത്തിലൂടെ നേടിയെടുത്ത പിണറായി സര്‍ക്കാറിന്റെ നടപടി മോദി സര്‍ക്കാറിനെ അമ്പരപ്പിച്ചിട്ടുണ്ട്.

Top