ഇന്ത്യ – ചൈന തർക്കം തുറന്ന യുദ്ധമാകും, അമേരിക്ക ഇന്ത്യയെ സഹായിക്കുമെന്ന് . .

വാഷിങ്ടണ്‍: ഒടുവില്‍ കാത്തിരുന്ന ആ മുന്നറിയിപ്പും എത്തി.

ദോക് ലാമില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം തുറന്ന യുദ്ധമാകാനാണ് സാധ്യതയെന്ന് അമേരിക്കന്‍ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വ്വീസിന്റെ(സി.ആര്‍.എസ്) റിപ്പോര്‍ട്ട്.

അതിര്‍ത്തി തര്‍ക്കത്തില്‍ ജപ്പാന്‍ പരസ്യമായി ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സി.ആര്‍.എസ് റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

യുദ്ധമുണ്ടായാല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ സഹകരണമുണ്ടാകുമെന്നും ഇത് ചൈനയുമായുള്ള അമേരിക്കയുടെ കൂടി ഏറ്റുമുട്ടലായി കലാശിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

india site

അതിര്‍ത്തി തര്‍ക്കം വലിയ ശത്രുതയുടെ സൂചനയാണെന്നും സംഘര്‍ഷം പൊട്ടി പുറപ്പെട്ടാല്‍ അത് ഇന്ത്യയെയും ചൈനയേയും മാത്രമല്ല, ദക്ഷിണേഷ്യയെ മുഴുവന്‍ ബാധിക്കുമെന്നും ബ്രൂസ് വോണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് പ്രസിഡന്റ് ട്രംപ് സ്വീകരിച്ചിരുന്നതെങ്കിലും യുദ്ധമുണ്ടായാല്‍ അമേരിക്ക ഇന്ത്യയെ സഹായിക്കുമെന്ന റിപ്പോര്‍ട്ട് ഇതാദ്യമായാണ് വാഷിങ്ടണില്‍ നിന്നും പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ഈ പിന്തുണ ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസം പകരുന്നതാണ്. ചൈനക്കാണെങ്കില്‍ ആശങ്കയും.

അമേരിക്കന്‍ പരമാധികാര സഭയായ യു.എസ് കോണ്‍ഗ്രസ്സിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സി.ആര്‍.എസ്.

സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ ചൈന – പാക്ക് അതിര്‍ത്തികളില്‍ ഇന്ത്യ വ്യാപകമായി വലിയ സൈനിക വിന്യാസം നടത്തി വരികയാണ്.

ഏതൊരു സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. സൈനികര്‍ക്ക് ആവേശം പകരാന്‍ കരസേന മേധാവി തന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്.

അതേ സമയം ദോക് ലാമിലെ വിഷയത്തില്‍ ഇതുവരെ പരസ്യമായ അഭിപ്രായപ്രകടനം നടത്താതിരുന്ന റഷ്യ സ്ഥിതി വഷളായാല്‍ ചൈനക്കെതിരെ രംഗത്ത് വരുമെന്നാണ് സൂചന.

ഇന്ത്യയുടെ ശക്തമായ ആയുധ – സൈനിക പങ്കാളിയായ റഷ്യയുടെ നിലപാട് കൂടി പുറത്ത് വരുന്നതോടെ ചൈന പ്രതിരോധത്തിലാകുമെന്നാണ് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയുമായി ഏറെ അടുപ്പമുള്ള ഫ്രാന്‍സ്, ജര്‍മ്മനി, ഇസ്രയേല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഒരു തീപ്പൊരി വീണാല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ അതിര്‍ത്തി പ്രദേശങ്ങള്‍.

ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ കല്ലെടുത്തെറിഞ്ഞ ചൈനീസ് സൈന്യത്തിന് നേരെ ഇന്ത്യന്‍ സൈന്യവും തിരിച്ച് കല്ലെറിഞ്ഞ് ചുട്ട മറുപടി നല്‍കിയത് എന്തിനും തയ്യാറാണ് എന്നതിന്റെ സൂചനയായാണ് ലോക രാഷ്ട്രങ്ങള്‍ നോക്കി കാണുന്നത്.

2

കല്ലേറ് പരസ്യമായി നിഷേധിച്ചെങ്കിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ ഇന്ത്യ ചൈനീസ് അതിര്‍ത്തികളില്‍ ‘കട്ടക്ക് ‘ നില്‍ക്കുന്നത് ചൈനയെ സംബന്ധിച്ച് ഇപ്പോള്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ചൈനയുടെ മണ്ണില്‍ ഇന്ത്യ അതിക്രമിച്ചു കയറി എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിട്ട് ഒരിഞ്ച് പോലും ഇന്ത്യന്‍ സൈന്യത്തെ പ്രദേശത്ത് നിന്നും അനക്കാന്‍ പറ്റാത്തത് നാണക്കേടായി മാറുന്നതില്‍ ചൈനീസ് ഭരണകൂടവും അസ്വസ്ഥരാണ്.

ഇന്ത്യയുമായി ഒരു യുദ്ധത്തിന് ഇറങ്ങിയാല്‍ രണ്ട് വിഭാഗത്തിനും നഷ്ടമുണ്ടാകുമെങ്കിലും ലോക സാമ്പത്തിക ശക്തിയായി ഉയര്‍ന്ന് നില്‍ക്കുന്ന ചൈനയുടെ സാമ്പത്തിക സ്ഥിതി തവിടുപൊടിയാകുമെന്നാണ് ലോകബാങ്കിലെ ഉന്നതരും മുന്നറിയിപ്പു നല്‍കുന്നത്.

Top