പൊലീസിലെ അഴിമതിക്കാര്‍ ‘കടക്ക് പുറത്ത്’ പിണറായി സ്‌റ്റൈല്‍ ഇനി പൊലീസിലും . . !

തിരുവനന്തപുരം: പൊലീസിനകത്തെ അഴിമതിക്കാരെ പിടികൂടാന്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം പുനഃസ്ഥാപിച്ചു.

സംസ്ഥാന പൊലീസിലെ ക്ലീന്‍ ഇമേജുകാരനും കര്‍ക്കശകാരനുമായ എ.ഡി.ജി.പി അനന്തകൃഷ്ണനാണ് സമിതി അദ്ധ്യക്ഷന്‍.

എസ്.ഐമാര്‍ മുതല്‍ ഐ.പി.എസുകാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ പരിശോധിച്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുക ഇനി ആഭ്യന്തര വിജിലന്‍സ് ആണ്.

ശുപാര്‍ശയിന്‍മേല്‍ സി.ഐ തലം വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക ഡി.ജി.പിയാണ്. ഇതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഡി.ജി.പി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പും നടപടി സ്വീകരിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തര വിജിലന്‍സ് സമിതി പുന:സ്ഥാപിച്ചത്.

മുന്‍പുണ്ടായിരുന്നത് പോലെ നിര്‍ജീവമായിരിക്കില്ല ഇപ്പോള്‍ രൂപീകരിച്ച സംവിധാനമെന്നാണ് അധികൃതര്‍ നല്‍കുന്ന ഉറപ്പ്.

പൊലീസില്‍ ഒരു തരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കേണ്ടതില്ലന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ എ.ഡി.ജി.പി അനന്തകൃഷ്ണന് പരിപൂര്‍ണ്ണ പിന്തുണയാണ് മുഖ്യമന്ത്രി നല്‍കുന്നത്.

സംസ്ഥാന പൊലീസ് സേനയില്‍ നല്ലൊരു വിഭാഗം അഴിമതിക്കാരാണ് എന്ന ആക്ഷേപത്തിന് വിരാമമിടുകയാണ് ലക്ഷ്യം.

കുറ്റാന്വേഷണ രംഗത്ത് കേരള പൊലീസ് മിടുക്ക് കാണിക്കുന്നുണ്ടെങ്കിലും ചെറിയ ഒരു വിഭാഗം നടത്തുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ സേനയുടെ പ്രതിച്ഛായക്ക് തന്നെ കളങ്കം ചാര്‍ത്തുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

പൊലീസ് അഴിമതി മുക്തമാകുന്നതോടെ വലിയ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥരോട് ‘കടക്ക് പുറത്ത് ‘ എന്ന് പറയുന്നതിലൂടെ ഈ മാറ്റം സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സ്വാധീനത്തിനും വഴിപ്പെടാതെ കാര്യങ്ങള്‍ ചെയ്യാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യവും പിണറായി നല്‍കിയിട്ടുണ്ട്.

ഇത് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കിടയില്‍ വലിയ മതിപ്പിനും കാരണമായിട്ടുണ്ട്.

അനാവശ്യമായ ഒരു ഇടപെടലും ഒരു കേസിലും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നില്ലന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ചെറിയ കാര്യത്തിന് പോലും നിരന്തര ഇടപെടല്‍ നടത്തിയിരുന്ന മുന്‍ സര്‍ക്കാറിന്റെ കാലത്തെ അപേക്ഷിച്ച് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഇപ്പോള്‍ ഉണ്ടെന്ന് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വന്ന വഴിവിട്ട ശുപാര്‍ശക്കെതിരെ പൊലീസ് ‘ഭാഷയില്‍’ മറുപടി നല്‍കിയതിന് സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥന്റേതായിരുന്നു ഈ പ്രതികരണം.

Top