സിപിഐക്കുള്ള സിപിഎമ്മിന്റെ ‘ചുട്ട മറുപടി’ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐ വിട്ടു

തൃശൂര്‍: മുന്നണി മര്യാദകള്‍ ലംഘിച്ച് സിപിഎമ്മില്‍ നിന്നും നടപടിയെടുക്കപ്പെട്ടവരെയും അനുഭാവികളെയും സിപിഐയിലേക്ക് സ്വീകരിക്കുന്നതിനെതിരെ സിപിഎ തിരിച്ചടി തുടങ്ങി.

സിപിഐ പ്രവര്‍ത്തകരെയും അനുഭാവികളെയും അവരുടെ ശക്തികേന്ദ്രത്തില്‍ ഇടപെട്ട് സിപിഎമ്മില്‍ ചേര്‍ക്കാന്‍ സംസ്ഥാന നേതൃത്ത്വം അനുവാദം നല്‍കിയതോടെ പുതിയ ഒരു ‘യുദ്ധ’ത്തിനാണ് ഇടതു മുന്നണി ഇനി വേദിയാകാന്‍ പോകുന്നത്.

ഇതിന്റെ തുടക്കം തൃശുര്‍ പാറളം ചേനത്താണ് ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്.

സിപിഐ പ്രവര്‍ത്തകരും നേതാക്കളും കൂട്ടത്തോടെ ഇവിടെ സിപിഎം ല്‍ ചേക്കേറിയപ്പോള്‍ സ്വീകരിക്കാന്‍ മുന്‍ സ്പീക്കറും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ.രാധാകൃഷ്ണന്‍ തന്നെ നേരിട്ടെത്തി.

സിപിഐക്ക് സംസ്ഥാനത്ത് തന്നെ കൂടുതല്‍ സ്വാധീനമുള്ള തൃശൂര്‍ ജില്ലയില്‍ നടന്ന ഈ ‘കൊടിമാറ്റം’ സിപിഐനേതൃത്ത്വത്തെയാകെ ഞെട്ടിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം അസംതൃപ്തരെയും നടപടി സ്വീകരിക്കപ്പെട്ടവരെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ സിപിഐയില്‍ പ്രവേശിപ്പിച്ചത് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.

ഇതിനു ശേഷം ലോ അക്കാദമിയടക്കം നിരവധി വിഷയങ്ങളില്‍ സര്‍ക്കാറിനെയും സിപിഎം നേതൃത്ത്വത്തെയും പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് സിപിഐയും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകളും സ്വീകരിച്ചിരുന്നത്.

സിപിഐയെ മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം സിപിഎമ്മിലും സജീവമായിരിക്കെയാണ് ഇപ്പോള്‍ സിപിഐ പ്രവര്‍ത്തകരെ സിപിഎമ്മിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടത്തുന്നത്.

സിപിഎം മനസ്സു വച്ചാല്‍ സിപിഐയിലെ വലിയ വിഭാഗം പ്രവര്‍ത്തകരും നേതാക്കളും നിമിഷ നേരം കൊണ്ട് സിപിഎമ്മില്‍ എത്തുമെന്ന് നേരത്തെ നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.ഈ മുന്നറിയിപ്പാണ് ഇപ്പോള്‍ തൃശൂരില്‍ നടപ്പാക്കിയിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ തര്‍ക്കമാണ് സി.പി.ഐ പ്രവര്‍ത്തകരെ പാറളം ചേനത്ത് സി.പി.എമ്മിലെത്തിച്ചത്.

നാട്ടിക നിയമസഭാ മണ്ഡലത്തിലെ ചേനത്താണ് മുന്‍ ലോക്കല്‍ സെക്രട്ടറിയും അമ്മാടം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ പി.പി മനോജ്, പാറളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും എ.ഐ.ടി.യു.സി നേതാവുമായ ടി.കെ മാധവന്‍, പാറളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ രജനി ഹരിഹരന്‍, തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ്‌ പ്രവര്‍ത്തകര്‍ സി.പി.എമ്മിലേക്ക് പോയത്. ചേനം ജനപക്ഷ മുന്നണി നേതാക്കളും സി.പി.എമ്മിലേക്കെത്തി. പ്രവര്‍ത്തകരെ സ്വീകരിക്കാനെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ സി.പി.ഐയെ പരസ്യമായി വിമര്‍ശിക്കാനും മടിച്ചില്ല. കൂടെ നിന്ന് കുഴിതോണ്ടുന്നവരെന്നായിരുന്നു കെ രാധാകൃഷ്ണന്റെ പരിഹാസം.

Top