special-task-force-against-goons-first-case-on-cpm-area-secretary

കൊച്ചി: ഗുണ്ടകളെ ഒതുക്കാനെന്ന പേരില്‍ രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സിനെ ഉപയോഗപ്പെടുത്തി സ്വന്തം മുഖം മിനുക്കാന്‍ ഐജി ?

ഗുണ്ടകളുമായി ബന്ധമുണ്ടെന്ന പേരില്‍ നിയമസഭയില്‍ പി ടി തോമസ് എംഎല്‍എയുടെ കടുത്ത ശകാരത്തിനിരയായ എറണാകുളം റേഞ്ച് ഐജി ശ്രീജിത്ത് ഇമേജ് മുന്‍നിര്‍ത്തി നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം.

ഐജി തന്നെ മുന്‍കൈ എടുത്ത് രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ ഇര സിപിഎം ജില്ലാ കമ്മിറ്റിയംഗമായ സക്കീര്‍ ഹുസൈന്‍ ആയത് ‘ഹിഡന്‍ അജണ്ട’യുടെ ഭാഗമായാണെന്നാണ് സൂചന.

മുഖ്യമന്ത്രിക്ക് വെണ്ണലയിലെ വ്യവസായി നല്‍കിയ പരാതിയെ തുടര്‍ന്നാണ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി കേസെടുത്തതെന്നാണ് പൊലീസ് പുറത്ത് വിട്ട വിവരം.

എന്നാല്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന എല്ലാ പരാതികളും അന്വേഷണത്തിനായി താഴേക്ക് കൈമാറുകയെന്നത് സാധാരണ നടപടിക്രമം മാത്രമായിരിക്കെ സക്കീര്‍ ഹുസൈനെ ബലിയാടാക്കിയത് വാര്‍ത്തയുടെ പ്രാധാന്യം ലഭിക്കാനും അതുവഴി ഐജിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പുക മറ സൃഷ്ടിക്കാനുമാണെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ ആരോപണം.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് മുന്നില്‍ വന്ന കാര്യങ്ങളില്‍ ഇടപെടുകയെന്ന കടമ മാത്രമാണ് സക്കീര്‍ ഹുസൈന്‍ ചെയ്തതെന്നും എന്നാല്‍ അനുകൂലമായി തീരുമാനമെടുക്കാത്തതില്‍ വിറളി പൂണ്ട വ്യവസായി ബാഹ്യപ്രേരണമൂലം മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നുവെന്നുമാണ് സക്കീര്‍ ഹുസൈനെ അനുകൂലിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്.

നിലവില്‍ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറിയും ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റും കൂടിയാണ് സക്കീര്‍ ഹുസൈന്‍.

ഈ വ്യവസായിയുടെ പാര്‍ട്ണറായിരുന്ന ഷീല തോമസ് എന്ന സ്ത്രീ നീതിക്ക് വേണ്ടി കരഞ്ഞപേക്ഷിച്ചപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കുക മാത്രമാണ് സക്കീര്‍ ഹുസൈന്‍ ചെയ്തതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം സക്കീര്‍ ഹുസൈനെതിരെ പൊലീസ് കേസെടുത്ത സംഭവം സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

ഗുണ്ടകളെ സംരക്ഷിക്കുന്നതും ഗുണ്ടാ പ്രവര്‍ത്തി നടത്തുന്നതും സിപിഎം നേതാക്കള്‍ ആണെന്ന പ്രതിപക്ഷ ആരോപണത്തിന് വളം വെച്ച് കൊടുക്കുന്ന നിലപാട് പൊലീസ് സ്വീകരിച്ചതില്‍ പാര്‍ട്ടിക്കകത്തും കടുത്ത അമര്‍ഷം പുകയുകയാണ്. പ്രത്യേകിച്ച് നിയമസഭ നടക്കുന്ന സമയത്ത് തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇത്തരം നിലപാട് ഉണ്ടായത് ഗൗരവമായാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടക്കപ്പെടേണ്ട അവസ്ഥയിലാണ് സക്കീര്‍ ഹുസൈന്‍.

Top