സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കാത്തിരിക്കുന്നു, ഹൈക്കോടതി വിധിക്കായ് !

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ ചൊവ്വാഴ്ച ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമായി സിനിമാ മേഖലയിലെ പ്രമുഖൻ ചർച്ച നടത്തി.

ഡൽഹിയിൽ നേരിട്ടെത്തിയാണ് ഇദ്ദേഹം മലയാളി അഭിഭാഷകനുമൊത്ത് പ്രമുഖനെ കണ്ടത്.

ദിലീപിനെ ജാമ്യത്തിലിറക്കാൻ സിനിമാ സംഘടനകൾ ശക്തമായ ഇടപെടൽ നടത്തുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിക്കുന്നതിനു വേണ്ടിയാണ് സന്ദർശനം.

ഇതിനിടെ ദിലീപിന് സ്വാപാധിക ജാമ്യം 90 ദിവസം പൂർത്തിയായാൽ കിട്ടുമെന്നതിനാൽ അതിനു മുൻപ് കുറ്റപത്രം നൽകി താരം പുറത്ത് പോകുന്നത് തടയാൻ അന്വേഷണ സംഘവും നീക്കം ദ്രുതഗതിയിലാക്കിയിട്ടുണ്ട്.

അതേ സമയം കൂടുതൽ തെളിവുകൾ ശേഖരിക്കാതെ ധൃതി പിടിച്ച് കുറ്റപത്രം നൽകുന്നത് വിചാരണ വേളയിൽ തിരിച്ചടിയാവുമെന്നതിനാൽ പെട്ടന്ന് കുറ്റപത്രം നൽകേണ്ടതില്ലന്ന അഭിപ്രായം ആഭ്യന്തര വകുപ്പിലെ പ്രമുഖർക്കിടയിലും ഇപ്പോൾ ശക്തമായതായും റിപ്പോർട്ടുകളുണ്ട്.

ദിലീപ് അറസ്റ്റിലായി ഇപ്പോൾ 82 ദിവസം പൂർത്തിയായി കഴിഞ്ഞു.

ജാമ്യത്തിലിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന വാദം.

എന്നാൽ നടിയെ ആക്രമിച്ച സംഭവത്തിലെ തൊണ്ടിമുതലായ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ കഴിയാത്ത സഹചര്യത്തിൽ ദിലീപിനെ ഗൂഢാലോചന കുറ്റത്തിന് പ്രതിയാക്കിയാൽ കേസ് എത്രമാത്രം നിലനിൽക്കും എന്ന കാര്യത്തിൽ നിയമ കേന്ദ്രങ്ങളും പരസ്യമായി തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ദിലീപിനെ നേരിട്ട് കേസിൽ ബന്ധപ്പെടുത്താൻ പറ്റുന്ന തെളിവുകൾ ഇതുവരെ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം വേണ്ടത്ര ഇല്ലന്നും, സാക്ഷിമൊഴികൾ വിചാരണ ഘട്ടത്തിൽ എങ്ങനെയൊക്കെ മാറി മറിയുമെന്ന് കണ്ട് തന്നെ അറിയണമെന്നുമുള്ള നിലപാടാണ് മുതിർന്ന അഭിഭാഷകർ പങ്കുവയ്ക്കുന്നത്.

Top