special-super stars fight in malayalam filim industry trouble in ganesh kumar

കൊച്ചി: സൂപ്പര്‍ താരങ്ങള്‍ക്കിടയിലെ രൂക്ഷമായ ചേരിപ്പോരില്‍ വെട്ടിലാകുന്നത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെപോലുള്ള താരങ്ങള്‍.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, കാവ്യാ മാധവന്‍ എന്നിവരുമായി വളരെ അടുത്ത സൗഹൃദമാണ് മുന്‍ മന്ത്രിയും എം എല്‍ എയുമായ ഗണേഷ് കുമാറിനുള്ളത്. മറ്റു താരങ്ങളുടെ സ്ഥിതിയും ഇങ്ങിനെയൊക്കെ തന്നെയാണ്.

‘ശീതസമരത്തില്‍’ എതു ഭാഗത്ത് നില്‍ക്കണമെന്നറിയാതെ കുഴങ്ങുകയാണ് പ്രമുഖ താരങ്ങള്‍. നിഷ്പക്ഷ നിലപാടെടുത്താല്‍ ഒടുവില്‍ രണ്ടു വിഭാഗത്തിനും വേണ്ടാത്തവരായി മാറുമോ എന്ന ആശങ്കയും താരങ്ങള്‍ക്കിടയിലുണ്ട്.

സിനിമയിലെ തിരുവനന്തപുരം ലോബി മോഹന്‍ലാല്‍ വിഭാഗത്തോടൊപ്പം നില്‍ക്കുമ്പോള്‍ കൊച്ചി-മലബാര്‍ മേഖലയിലുള്ളവരില്‍ ബഹുഭൂരിപക്ഷവും മമ്മൂട്ടി-ദിലീപ് വിഭാഗത്തോടൊപ്പമാണ്.

താന്‍ ജീവിതത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ ‘എരിതീയില്‍ എണ്ണ ഒഴിച്ച ‘ മഞ്ജു വാര്യരുടെ നടപടിയില്‍ കടുത്ത രോക്ഷത്തിലാണ് ദിലീപ് എന്നാണ് പുറത്ത് വരുന്ന വിവരം.

മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്ന ആരോപണവുമായി മഞ്ജുവാര്യര്‍ രംഗത്ത് വന്നത് അവസരം ‘മുതലെടുത്തായതിനാല്‍ ‘ ശക്തമായ പ്രതിഷേധമാണ് നടനും സുഹൃത്തുക്കള്‍ക്കുമുള്ളത്.

പൊലീസ് അന്വേഷണത്തില്‍ നിരപരാധി ആണെന്ന് വ്യക്തമായിട്ടും ‘മറ്റു ചിലരെ’ കൂട്ടുപിടിച്ച് വ്യക്തിഹത്യ തുടരുകയാണെന്ന ആക്ഷേപമാണ് ദിലീപിനുള്ളത്.

ഈ ഒരു സാഹചര്യത്തില്‍ എല്ലാം അറിയാവുന്ന നടന്‍ മോഹന്‍ലാല്‍ മഞ്ജുവാര്യരുമൊത്ത് രണ്ട് സിനിമകളില്‍ അഭിനയിക്കുന്നത് സിനിമാ മേഖലയിലെ ദിലീപ് വിഭാഗത്തിന്റെ കടുത്ത് രോഷത്തിന് കാരണമായിരിക്കുകയാണ്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ‘വില്ലനും’ ശ്രീകുമാര മേനോന്റെ ‘ഒടിയനു’മാണ് ലാല്‍ നായകനാകുന്ന പുതിയ മഞ്ജു വാര്യര്‍ ചിത്രങ്ങള്‍.

എത്രയോ ശുപാര്‍ശകള്‍ വന്നിട്ടും മഞ്ജുവാര്യരുമൊത്തുള്ള സിനിമ മമ്മുട്ടി ബോധപൂര്‍വ്വം ഒഴിവാക്കിയത് സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സാമാന്യ മര്യാദ മൂലമാണെന്നും ഈ മര്യാദ ലാല്‍ കാണിക്കാത്തത് മന:പൂര്‍വ്വമാണെന്നുമാണ് ആക്ഷേപം.

മമ്മുട്ടി ചിത്രത്തിനെതിരെ ലാല്‍ ഫാന്‍സ് നടത്തിയ സംഘടിത പ്രചരണവും ഇരു വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സിനെതിരെ പ്രതികരിക്കാന്‍ മമ്മുട്ടി ഫാന്‍സിനൊപ്പം ദിലീപ് ഫാന്‍സും ശക്തമായി രംഗത്തിറങ്ങിയിരുന്നു.

പ്രമുഖ താരങ്ങളില്‍ ഭൂരിപക്ഷവും മമ്മുട്ടി, ദിലീപ് വിഭാഗങ്ങളുടെ കൂടെയാണ്. ഇരു വിഭാഗത്തോടും വളരെ അടുപ്പമുള്ള ഗണേഷ് കുമാറിനെ പോലെയുള്ളവരാണ് ഈ ‘ശീതസമരത്തില്‍’ വെട്ടിലായിരിക്കുന്നത്.

പത്തനാപുരത്ത് മുന്‍പ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ഗണേഷ് കുമാറിനു വേണ്ടി പ്രചരണത്തിനിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ രോഷത്തിന് ഇരയായവരാണ് ദിലീപും കാവ്യാ മാധവനും.

കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് തന്നെ വീണ്ടും ഗണേഷ് കുമാര്‍ ജനവിധി തേടിയപ്പോള്‍ എതിരാളി നടന്‍ ജഗദീഷായിട്ടു പോലും പ്രചരണത്തിനെത്തിയ താരമാണ് മോഹന്‍ലാല്‍.

ഇതു തന്നെയാണ് ഗണേഷ് കുമാറിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇരു വിഭാഗവും സൗഹാര്‍ദ്ദപരമായി തന്നെ മുന്നോട്ട് പോകണമെന്നാണ് ഗണേഷ് കുമാറിനെ പോലെ തന്നെ താരങ്ങളിലെ വലിയ വിഭാഗവും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

‘ശീതസമരം’ മുറുകിയാല്‍ താരസംഘടനയായ അമ്മയില്‍ ഒരു പിളര്‍പ്പിനു തന്നെ സാധ്യതയുണ്ടെന്നാണ് അവര്‍ ഭയക്കുന്നത്.

നിലവില്‍ നടന്‍ ഇന്നസെന്റ് ആണ് പ്രസിഡന്റ്. മമ്മുട്ടിയാണ് ജനറല്‍സെക്രട്ടറി. മോഹന്‍ലാലും കെ ബി ഗണേഷ് കുമാറുമാണ് വൈസ് പ്രസിഡന്റുമാര്‍. ദിലീപ് ട്രഷററും ഇടവേള ബാബു സെക്രട്ടറി ചുമതലയും നിര്‍വ്വഹിക്കുന്നു.

എക്ലിക്യുട്ടീവ് കമ്മിറ്റിയില്‍ ആസിഫ് അലി, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍ പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പ്രിഥിരാജ്, രമ്യാ നമ്പീശന്‍, സിദ്ധിഖ് എന്നിവരാണ് ഉള്ളത്.

കടുത്ത ഭിന്നത രൂപപ്പെട്ടാല്‍ ഇവരില്‍ പലരും സ്ഥാനത്ത് നിന്ന് തെറിക്കാനാണ് സാധ്യത.

അതേസയം തമിഴ്‌നാട്ടിലെ പോലെ ഒരു ചേരിതിരിവിലേക്ക് കാര്യങ്ങള്‍ പോവാതിരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ സീനിയര്‍ താരങ്ങള്‍ക്കും പ്രമുഖ നിര്‍മ്മാതാക്കള്‍ക്കും മേല്‍ നിഷ്പക്ഷരായ താരങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Top