സൗദിയുടെ ‘പണി പാളുന്നു’ കണക്ക് കൂട്ടൽ തെറ്റിച്ചത് ഇന്ത്യയുടെ തന്ത്രപരമായ നീക്കം

ഖത്തര്‍: ഗള്‍ഫ് മേഖലയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായ സൗദി അറേബ്യ ഇപ്പോള്‍ നേരിടുന്നത് വന്‍ വെല്ലുവിളി.

ഖത്തറിനെതിരായ ഉപരോധത്തെ ഏതാനും ചെറിയ അറബ് രാഷ്ട്രങ്ങള്‍ പിന്തുണച്ചു എന്നല്ലാതെ അമേരിക്ക ഒഴികെ കാര്യമായ ഒരു പിന്തുണയും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉപരോധക്കാരായ യു.എ.ഇ സൗദി രാജ്യങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.

പ്രതിസന്ധി തീരുന്നത് വരെ ഖത്തറുമായി താല്‍ക്കാലികമായി കറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവച്ച ചൈനയും സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാനുമാണ് അല്‍പമെങ്കിലും ഇവര്‍ക്ക് ആശ്വാസമായ തീരുമാനമെടുത്തത്. രണ്ടും ഇന്ത്യയുമായി ഉടക്കുള്ള രാജ്യങ്ങളുമാണ്.

ഉപരോധം പ്രഖ്യാപിച്ച ഉടനെ ഇന്ത്യയും ഇറാനും സ്വീകരിച്ച തന്ത്രപരമായ നിലപാടാണ് ഉപരോധക്കാരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത്.

ഇറാന്‍ ഖത്തറിനെ പിന്തുണച്ചാലും ഖത്തറിലുള്ളതിനേക്കാള്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ സൗദി യുഎഇ രാജ്യങ്ങളില്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്നായിരുന്നു സൗദിയുടെ കണക്ക് കൂട്ടല്‍.

ഭീകരതക്കെതിരായ ‘പോരാട്ടത്തിന്റെ’ ഭാഗമായതിനാല്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് തന്നെയായിരുന്നു ഉപരോധത്തിന് പ്രേരണ നല്‍കിയ അമേരിക്കയും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഇന്ത്യ ഉപരോധത്തെ പിന്തുണച്ചില്ലന്ന് മാത്രമല്ല. ഖത്തറുമായുള്ള വാണിജ്യ ബന്ധം തുടരുമെന്നും ആവശ്യമായ സഹായം നല്‍കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.

ഐ എസ് ഭീകരതയുടെ ദുരന്തം അനുഭവിക്കുന്ന ഇറാനുമായുള്ള ഖത്തറിന്റെ ബന്ധം ഭീകരരെ സഹായിക്കുന്നതാണെന്ന് പറയുകയും അതോടൊപ്പം പാക്കിസ്ഥാനെ പുണരുകയും ചെയ്യുന്ന സൗദിയുടെയും യുഎഇയുടെയും നിലപാട് ഇന്ത്യക്ക് ബോധ്യപ്പെടുന്നതായിരുന്നില്ല.

അത് കൊണ്ട് തന്നെയാണ് ഇന്ത്യ ഉപരോധത്തെ പിന്തുണക്കാതിരുന്നത്. മാത്രമല്ല രാജ്യത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ ഭൂരിപക്ഷവും ഖത്തറില്‍ നിന്നായതും ഇന്ത്യന്‍ നിലപാടിനെ സ്വാധീനിച്ച പ്രധാന ഘടകമാണ്.

വിദേശ വിമാനങ്ങള്‍ക്ക് യു.എ.ഇ, സൗദി, ബഹ്‌റൈന്‍ വ്യോമപരിധിയില്‍ വിലക്കില്ലന്ന് ഇപ്പോള്‍ ഈ രാജ്യങ്ങള്‍ തീരുമാനമെടുക്കാന്‍ കാരണവും ഇന്ത്യയുടെ ശക്തമായ നിലപാടാണ്.

ഖത്തറിലേക്കുള്ള ജല-വ്യോമ-റാഡ് ഗതാഗതം നിരോധിച്ച ഉത്തരവ് ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്നതിനാല്‍ ഈ നിലപാടിനെതിരെ പരസ്യമായ പ്രതികരിക്കാനുള്ള നീക്കത്തിലായിരുന്നു ഇന്ത്യ.

അമേരിക്കന്‍ സഖ്യകക്ഷികളായ ജര്‍മ്മനി, ബ്രിട്ടണ്‍ തുടങ്ങി നിരവധി വന്‍കിട രാജ്യങ്ങള്‍ ഉപരോധത്തിനെതിരെ നിലപാട് സ്വീകരിച്ചതും സൗദിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ലഭിക്കുന്നതിന് സമാനമായ പ്രശസ്തിയും പ്രാധാന്യവും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ലഭിച്ച് തുടങ്ങിയത് ആശങ്കയോടെയാണ് സൗദി കാണുന്നത്.

ഈ പോക്ക് പോയാല്‍ അറബ് മേഖലയിലെ അധികാര കേന്ദ്രമായി ചെറിയ രാജ്യമായ ഖത്തര്‍ മാറുമോ എന്നതാണ് ഭയം.

ഉപരോധം പ്രഖ്യാപിച്ചിട്ടും ഖത്തര്‍ വഴങ്ങാത്തത് സൗദി യു.എ.ഇ രാജ്യങ്ങളുമായി നല്ല ബന്ധമുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പോലും ഖത്തറുമായുള്ള ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടു പോകുന്നതു കൊണ്ടാണെന്നാണ് സൗദി ഭരണകുടം വിശ്വസിക്കുന്നത്.

ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് മാറ്റില്ലന്ന ഫിഫയുടെ നിലപാടും സൗദിക്ക് പ്രഹരമാണ്. ഖത്തറിന് ലോകകപ്പ് ലഭിച്ചത് സൗദിക്ക് പുറമെ യുഎഇക്കും രസിച്ചിരുന്നില്ല.

അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായതോടെ അമേരിക്കയും മുന്‍ നിലപാട് മാറ്റി ഉപരോധത്തില്‍ ഇളവ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

ഖത്തറിലെ തന്ത്രപ്രധാനമായ അമേരിക്കന്‍ സൈനിക താവളം തുടരേണ്ടതില്ലന്ന തീരുമാനം ഖത്തര്‍ കൈക്കൊള്ളുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു ഈ മലക്കം മറിച്ചില്‍

Top