വടക്കന്‍ കര്‍ണാടകയ്ക്ക് പ്രത്യേക സംസ്ഥാന പദവി ; സമവായ ചര്‍ച്ചയ്‌ക്കൊരുങ്ങി യെദിയൂരപ്പ

YEDDURAPPA

ബംഗളൂരു : വടക്കന്‍ കര്‍ണാടകയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്ന കന്നഡ സംഘടനകളുടെ ആവശ്യം ശക്തമാകുന്നതിനിടെ സമവായ ചര്‍ച്ചയ്‌ക്കൊരുങ്ങി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ.

സഖ്യ സര്‍ക്കാര്‍ വടക്കന്‍ കര്‍ണാടകയെ എല്ലാവിധത്തിലും അവഗണിക്കുകയാണെന്ന വാദമുയര്‍ത്തിയാണ് കന്നഡ സംഘടനകള്‍ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാല്‍ പ്രത്യേക സംസ്ഥാന പദവി എന്ന ആശയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം പമ്പര വിഡഢിത്തമാണെന്നും, തന്റെ ഭരണകാലത്ത് ഏറ്റവുമധികം തുക ചിലവഴിച്ചത് വടക്കന്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണെന്നും പറഞ്ഞ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്തു വിലകൊടുത്തും ആശയത്തെ എതിര്‍ക്കുമെന്നും വ്യക്തമാക്കി.

സഖ്യ സര്‍ക്കാര്‍ വടക്കന്‍ കര്‍ണാടകയെ അവഗണിക്കുന്നുണ്ടെന്നാണ് ബി.ജെ.പിയുടെ നിലപാട്. എന്നാല്‍ ഐക്യകര്‍ണാടകയ്ക്കായ് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് യെദിയൂരപ്പ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സമവായ ചര്‍ച്ചകള്‍ക്ക് യെദിയൂരപ്പ രംഗത്തിറങ്ങുന്നത്.

പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് , കന്നഡ സംഘടനകളായ ഉത്തര കര്‍ണാടക പ്രത്യേകരാജ്യ പോരാട്ട സമിതിയും, ഉത്തര കര്‍ണാടക വികാസ് വേദികയും ഓഗസ്റ്റ് രണ്ടിന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

Top