മദ്യപിച്ച് വാഹനം ഓടിക്കുന്ന സ്ത്രീകളെ പൊക്കാന്‍ പൊലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് വരുന്നു

റോഡുകളില്‍ പുരുഷ ഡ്രൈവര്‍മാര്‍ നേരിടുന്നത് പോലൊരു പരിശോധനാ നടപടികള്‍ പലപ്പോഴും വനിതാ ഡ്രൈവര്‍മാര്‍ക്ക് നേരിടേണ്ടി വരാറില്ല. എന്നാല്‍ ഇതിന്റെ പേരില്‍ നിയമലംഘനം നടത്തുന്ന സ്ത്രീകള്‍ അനായാസം രക്ഷപ്പെട്ട് പോകുന്നുണ്ട്. ഈ ഘട്ടത്തിലാണ് മദ്യപിച്ച് വാഹനം ഓടിക്കുന്ന സ്ത്രീകളെ പൊക്കാന്‍ പ്രത്യേക വനിതാ ട്രാഫിക് പോലീസ് സ്‌ക്വാഡ് ഇറക്കുന്നത്. ചെന്നൈ  പൊലീസാണ് ഈ സവിശേഷ ടീമിനെ ഒരുക്കുന്നത്.

മദ്യപിച്ച് വാഹനം ഓടിക്കുന്ന സ്ത്രീകളെ ട്രാഫിക് പൊലീസ് തടയുന്നില്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെ രംഗത്തിറക്കുന്നത്. തിരക്കേറിയ റോഡുകളിലൂടെ മദ്യപിച്ച് വാഹനം ഓടിച്ചാലും സ്ത്രീ ഡ്രൈവര്‍മാര്‍ രക്ഷപ്പെടുന്നതാണ് രീതി. എന്നാല്‍ തങ്ങളുടെ കൈകള്‍ കെട്ടിയിട്ട അവസ്ഥയിലാണെന്ന് ട്രാഫിക് പൊലീസ് ന്യായീകരിക്കുന്നു. ‘വനിതാ പൊലീസ് ഒപ്പമില്ലാത്ത ഘട്ടങ്ങളില്‍ സ്ത്രീ ഡ്രൈവര്‍മാരെ തടയാറില്ല’, പൊലീസ് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍ സമ്മതിക്കുന്നു.

പരാതി വ്യാപകമായതോടെയാണ് വനിതാ പൊലീസിനെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കുന്നത്. ഒരു വനിതാ സബ് ഇന്‍സ്‌പെക്ടറും, ഹെഡ് കോണ്‍സ്റ്റബിളും, രണ്ട് വനിതാ കോണ്‍സ്റ്റബിളുമാരും ഉള്‍പ്പെടുന്നതാണ് സംഘം. ഗ്രേറ്റര്‍ ചെന്നൈ ട്രാഫിക് പോലീസില്‍ 100ല്‍ താഴെ വനിതാ പോലീസുകാരാണുള്ളത്.

പബ്ബുകളില്‍ നിന്നും മറ്റും മദ്യപിച്ച് മടങ്ങുന്ന വനിതാ ഡ്രൈവര്‍മാരെ സാധാരണ പരിശോധനയില്‍ പിടികൂടാന്‍ കഴിയാത്ത അവസ്ഥയിലാണ് നിലവില്‍ പൊലീസ്. ഈ വിവേചനത്തിന് വനിതാ പോലീസുകാര്‍ രംഗത്തിറങ്ങി പരിഹാരം കാണാന്‍ ഒരുങ്ങുകയാണ്.

Top