‘പൊന്നുരുക്കുന്നിടത്ത് രാജാവായതിപ്പോള്‍ പൂച്ച’തന്നെ, മുഖമടച്ച് മറുപടി കൊടുത്ത് കുമ്മനം

കൊച്ചി: ‘പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യമെന്ന് ‘ ചോദിച്ച് അവഹേളിക്കാന്‍ ശ്രമിച്ചതിന് ചുട്ട മറുപടി നല്‍കി മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത കുമ്മനത്തിന്റെ നടപടിയില്‍ കലിപൂണ്ട് രാഷ്ട്രീയ എതിരാളികള്‍..

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന് എന്ത് കൊണ്ട് ആ പാര്‍ട്ടിയുടെ നേതാവ് കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യാത്ര ചെയ്ത് കൂടാ എന്നത് സൗകര്യപൂര്‍വ്വം മറച്ചു വെച്ചാണ് കുമ്മനത്തെ ഒരു വിഭാഗം ആക്രമിക്കുന്നത്.

പാര്‍ട്ടി പരിപാടിയല്ല, സര്‍ക്കാര്‍ പരിപാടിയാണെങ്കിലും ബിജെപി പ്രവര്‍ത്തകരെ സംബന്ധിച്ച് അവരുടെ പരമോന്നത നേതാവ് കൂടിയായ പ്രധാനമന്ത്രി വരുന്ന പരിപാടിയില്‍ വേദിയില്‍ കയറാന്‍ പറ്റിയില്ലങ്കിലും മെട്രോയിലും സംസ്ഥാന അദ്ധ്യക്ഷന് ഒരുമിച്ച് യാത്ര ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

സമാന അഭിപ്രായം നിഷ്പക്ഷ ജനവിഭാഗങ്ങള്‍ക്കിടയിലും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഇരു വിഭാഗങ്ങളും ചേരിതിരിഞ്ഞ് വിഷയത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഏറ്റുമുട്ടുകയാണ്.

മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോ മാന്‍ ശ്രീധരന് ഇരിപ്പിടം നല്‍കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളം പ്രധാനമന്ത്രിയുടെ ഓഫീസിനെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കേരളത്തിന്റെ വികാരം കുമ്മനം രാജശേഖരനും പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തെ അറിയിക്കുകയുണ്ടായി.

തുടര്‍ന്ന് മെട്രോമാനെയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വേദിയില്‍ ഉള്‍പ്പെടുത്തുമെന്ന വിവരം കേന്ദ്രനേതൃത്വം കുമ്മനത്തെ അറിയിക്കുകയുണ്ടായി.

ഈ വിവരം സര്‍ക്കാര്‍ പുറത്ത് വിടും മുന്‍പ് പരസ്യമാക്കിയ കുമ്മനത്തെ ‘പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം’ എന്നു ചോദിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അപമാനിക്കുകയുണ്ടായി. ഇതിനുള്ള മുഖമടച്ച മറുപടിയാണ് ഇന്ന് കുമ്മനം പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത് കാണിച്ച് കൊടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു യാത്ര.metromodi

മെട്രോയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയുമൊക്കെ ആയത് മാനത്ത് നിന്ന് പൊട്ടിവീണത് കൊണ്ടാണെന്ന മട്ടിലാണ് ചിലരുടെ പ്രതിഷേധമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ തുറന്നടിക്കുന്നത്.

ഈ നേതാക്കളെയും അവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളെയും അധികാരത്തിലെത്തിക്കുന്നതിന് പിന്നില്‍ വിയര്‍പ്പൊഴുക്കുന്ന പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഇവരെല്ലാം പദവിയില്‍ എത്തിയാല്‍ മാറി നില്‍ക്കണമെന്ന് പറയുന്നത് തന്നെ അല്‍പ്പത്തരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ കുമ്മനം ചെയ്തത് രാജ്യത്തെ എല്ലാ സംസ്ഥാനത്തും എല്ലാ പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ ചെയ്യുന്നത് തന്നെയാണെന്ന അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

കോണ്‍ഗ്രസ്സിന് അധികാരമില്ലാത്ത സന്ദര്‍ഭങ്ങളില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രിക്കൊപ്പം നേതാക്കള്‍ പങ്കെടുത്ത കാര്യങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം.

സിപിഎമ്മിന് പ്രധാനമന്ത്രി ഇല്ലാത്തതിനാലാണ് ഇക്കാര്യം ‘അനുഭവപ്പെടാതിരുന്നതെന്ന’ പരിഹാസം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വ്യാപകമാണ്.

കേരളത്തെ പോലെ ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ ദ്യശ്യങ്ങള്‍ വിമര്‍ശകര്‍ പരിശോധിക്കുന്നത് നല്ലതാണെന്നും അവിടെയും സമാന സാഹചര്യം അരങ്ങേറിയിട്ടും ആരും എതിര്‍ത്തിട്ടില്ലന്ന വാദവും സംഘപരിവാര്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം കുമ്മനം പ്രധാനമന്ത്രിക്കും മുഖ്യ മന്ത്രിക്കുമൊപ്പം യാത്ര ചെയ്യുന്ന ദൃശ്യം ഇതിനകം തന്നെ വയറലായിട്ടുണ്ട്. പ്രതിപക്ഷ നേതാവിനടക്കം പുറത്ത് പോകേണ്ടി വന്നത് ചൂണ്ടിക്കാട്ടിയാണ് കുമ്മനത്തിനെതിരായ ആക്രമണം.

എസ് പി ജി ഉദ്യോഗസ്ഥരുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് ചെന്നിത്തല അടക്കമുള്ളവര്‍ ഔട്ടായത്.

Top