നഴ്സുമാരുടെ ശബള വർദ്ധനവ് സമരം കണ്ട് പേടിച്ചിട്ടല്ലന്ന് എ.എൻ ഷംസീർ എം.എൽ.എ

തിരുവനന്തപുരം: നഴ്സുമാരുടെ അടിസ്ഥാന ശബളം ഉയർത്തുന്നതിന്റെ ഭാഗമായുള്ള ‘നഷ്ടം’ പാവപ്പെട്ട രോഗികളുടെ അടുത്ത് നിന്നും ഈടാക്കാൻ ശ്രമിച്ചാൽ അതിനെ ചെറുത്ത് തോൽപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ.

നഴ്സുമാരുടെ ശബളം വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എടുത്ത യോഗ തീരുമാനം നല്ല മനസോടെ നടപ്പാക്കുന്നതിന് പകരം ദുഷ്ട മനസ്സോടെ രോഗികളെ പിഴയാൻ നീക്കം നടന്നാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ എംഎൽഎ മുന്നറിയിപ്പു നൽകി.

നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കണമെന്നത് ഇടതുപക്ഷ മുന്നണിയുടെ പ്രഖ്യാപിത ആവശ്യമാണ്. അതാണ് മുഖ്യമന്ത്രി ഇടപെട്ട് നടപ്പാക്കാൻ നിർദ്ദേശം നൽകിയത്.

ഏതെങ്കിലും നഴ്സിംങ്ങ് സംഘടനയുടെ സമരം കണ്ട് പേടിച്ചിട്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു സമവായ ചർച്ച നടത്തിയതെന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ അവരോട് സഹതപിക്കുകയേ നിവൃത്തിയൊള്ളു.

ഏത് മേഖലയിലെയായാലും തൊഴിലാളികളുടെ വിയർപ്പിന്റെ വില അറിയുന്ന പ്രസ്ഥാനമാണ് സിപിഎമ്മും ഇടതുപക്ഷവുമെന്നും ഷംസീർ ചൂണ്ടിക്കാട്ടി.

സേവന മേഖലയായ ആശുപത്രികളെ വെറും കച്ചവട കേന്ദ്രങ്ങളാക്കി മാറ്റുന്നത് ഒരു കാരണവശാലും അഗീകരിക്കാൻ പറ്റില്ല.

ജീവന് വേണ്ടി പിടയുന്നവരുമായി ആശുപത്രിയിൽ എത്തിയാൽ ബില്ലടച്ചിട്ട് ഓപ്പറേഷൻ നടത്താം എന്ന നിലപാട് സ്വീകരിക്കുന്ന നിരവധി ആശുപത്രികൾ സംസ്ഥാനത്തുണ്ട്.

ഈ മനോഭാവം മാറ്റിയില്ലങ്കിൽ മാറ്റിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ പൊരുതുന്ന യുവജനപ്രസ്ഥാനം തയ്യാറാകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മുന്നറിയിപ്പു നൽകി.

Top