special session of assembly today

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നു സഹകരണ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം തുടരുന്നു.

സഹകരണ മേഖല സ്തംഭനാവസ്ഥയിലാണെന്ന് സഹകരണ മന്ത്രി എ സി മൊയ്തീന്‍ സഭയില്‍ പറഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ റിസര്‍വ് ബാങ്കും പങ്കാളികളാകുന്നെന്ന് മന്ത്രി കുറ്റപ്പെടുത്തി.

കള്ളപ്പണത്തിന്റെ സംരക്ഷകരാണ് കേരളീയരെന്ന ആരോപണം മലയാളികളെ അപമാനിക്കുന്നതിനു തുല്യമാണ്. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സഹകര മേഖലയുടെ പ്രവര്‍ത്തനം നിശ്ചലമായിരിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാത്തത് സഹകരണ മേഖലയുള്ളത് കൊണ്ടാണെന്ന കാര്യം കേന്ദ്രം മറക്കരുത്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളിലായി 12.7 ലക്ഷം കോടിയുടെ നിക്ഷേപങ്ങളാണുള്ളത്. അതൊന്നും തന്നെ കള്ളപ്പണമല്ലെന്നും മന്ത്രി പറഞ്ഞു.

സഹകരണ മേഖലയ്ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ വിലക്ക് ഏതോ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് കരുതേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

സഹകരണ മേഖലക്ക് ഇളവ് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കും. അതേസമയം ബിജെപി അംഗം ഒ രാജഗോപാല്‍ പ്രമേയത്തെ പിന്തുണക്കില്ല.

രാവിലെ ഒമ്പത് മണിക്കാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനം മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കും.

പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ ബോധിപ്പിക്കുന്നതിന് അഖിലകക്ഷി നിവേദക സംഘം പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തീയതിയും ഇന്നത്തെ സമ്മേളനത്തില്‍ നിശ്ചയിക്കും.

Top