അമേരിക്കക്ക് വിട്ടുകൊടുക്കില്ല, ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്താൻ റഷ്യൻ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്താന്‍ റഷ്യന്‍ നീക്കം.

അമേരിക്ക ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്ന സാഹചര്യത്തിലാണ് തന്ത്രപരമായ ഈ നീക്കം.

ഏഷ്യയില്‍ വിശ്വസിക്കാന്‍ പറ്റാവുന്ന ഏക പങ്കാളി ഇന്ത്യയാണെന്നാണ് റഷ്യന്‍ ഉന്നതരെ ഉദ്ധരിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അമേരിക്കയുമായി ഇന്ത്യ ആയുധ ഇടപാട് നടത്തുന്നതിന് റഷ്യ എതിരല്ലങ്കിലും അത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് ഇടയാക്കരുതെന്ന നിര്‍ബന്ധം റഷ്യക്കുണ്ട്.

അതേസമയം പാക്കിസ്ഥാന്‍ ഇപ്പോള്‍ റഷ്യയുമായി അടുക്കാന്‍ ശ്രമിക്കുന്നതിനെ ജാഗ്രതയോടെ വീക്ഷിക്കണമെന്നും ഇത്തരമൊരു നീക്കം ഇന്ത്യ-റഷ്യബന്ധത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നടന്ന ചര്‍ച്ചയില്‍ ഉന്നത രഹസ്യാന്വേഷണ-സൈനിക ഉദ്യോഗസ്ഥരാണ് ആശങ്ക പങ്കുവെച്ചത്.
25593745_2048026662095846_1601885835_n

പാക്ക്-ചൈന സഖ്യം ഒരിക്കലും റഷ്യയെ സംബന്ധിച്ച് ഗുണകരമായിരിക്കില്ലന്ന് തന്നെയാണ് റഷ്യന്‍ സാമ്പത്തിക-നയതന്ത്ര വിദഗ്ദരെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അധികം താമസിയാതെ തന്നെ ഇന്ത്യ ജനസംഖ്യയില്‍ മാത്രമല്ല , സാമ്പത്തിക മേഖലയിലും ചൈനയേക്കാള്‍ വളര്‍ച്ചയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ എന്നതിനാല്‍ കൂടുതല്‍ ശക്തമായ സഹകരണം റഷ്യ ഇന്ത്യയുമായി ഉണ്ടാക്കണമെന്നും നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അധികം താമസിയാതെ തന്നെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പ്രതിരോധ മേഖലയ്ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന് റഷ്യയും ഇന്ത്യയും തീരുമാനമെടുത്തിട്ട് കുറച്ചു വര്‍ഷങ്ങളായി. 2014ല്‍ ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ മോദിയും പുടിനും ചേര്‍ന്ന് നടത്തിയിരുന്നു.

2025ഓടെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ 30 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യമിടുന്നത്.
25589740_2048026668762512_1363557386_n

2015ല്‍ 7.83 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് റഷ്യയും ഇന്ത്യയും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. ഇതില്‍ 2.26 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. അതേസമയം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി മൂല്യം 5.57 ബില്യണ്‍ ഡോളറായിരുന്നു.

സൈനികസഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കര, വ്യോമ, നാവിക സേനകളെ പങ്കെടുപ്പിച്ച് ‘ഇന്ദ്ര 2017’ എന്നപേരില്‍ ഒക്ടോബറില്‍ പത്ത് ദിവസം നീണ്ടുനിന്ന സംയുക്ത മെഗാ സൈനികാഭ്യാസം ഇന്ത്യയും റഷ്യയും നടത്തിയിരുന്നു.

Top