ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലിന് തുനിഞ്ഞാൽ ചൈനക്കെതിരാകും റഷ്യയും അമേരിക്കയും

ന്യൂഡല്‍ഹി: ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലിന് തുനിഞ്ഞാല്‍ അത് ചൈന സ്വയം ശവകുഴി തോണ്ടുന്നതിന് തുല്യമാകുമെന്ന് നയതന്ത്ര വിദഗ്ദര്‍.

യുദ്ധം രണ്ട് രാജ്യങ്ങളിലും വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെങ്കിലും ഇന്ത്യക്ക് ലോക രാഷ്ട്രങ്ങള്‍ക്കിടയിലുള്ള പിന്തുണ ചൈന പേടിക്കേണ്ടത് തന്നെയാണെന്നാണ് നയതന്ത്ര വിദഗ്ദരുടെ വിലയിരുത്തല്‍.

പാക്കിസ്ഥാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ പിന്തുണ മാത്രമാണ് യുദ്ധത്തിലേക്ക് കാര്യങ്ങള്‍ മാറിയാല്‍ ചൈനക്ക് ഉറപ്പിക്കാവുന്നത്.

എന്നാല്‍ ഇന്ത്യയുടെ സ്ഥിതി അതല്ല. പരസ്പരം ഭിന്നതയിലുള്ള ലോക വന്‍ ശക്തികളായ അമേരിക്കയും, റഷ്യയും വരെ ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇരു രാജ്യങ്ങളുമായും ഇന്ത്യക്ക് അയുധ ഇടപാടുകളുമുണ്ട്.

ചൈനയുമായി നല്ല ബന്ധത്തിലുള്ള റഷ്യക്ക് ഇന്ത്യയുമായി ചൈന ഏറ്റുമുട്ടലിന് തുനിഞ്ഞാല്‍ സഹായിക്കാന്‍ പറ്റില്ലന്ന് മാത്രമല്ല ഇന്ത്യയെ സഹായിക്കേണ്ടിയും വരും. കാരണം അനവധി വര്‍ഷങ്ങളായി ഇന്ത്യയുടെ വിശ്വസ്തനായ ആയുധ-സൈനിക പങ്കാളിയാണ് റഷ്യ.

ഇക്കാര്യം അടുത്തയിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ലോകത്തിന് മുന്‍പില്‍ ഒരിക്കല്‍ കൂടി വെളിവാക്കപ്പെട്ടതുമാണ്.

IMG-20170704-WA019

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒബാമ കാലഘട്ടം മുതല്‍ അമേരിക്കയുമായും ഇന്ത്യ വളരെയധികം സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.

സൈനിക ആവശ്യങ്ങള്‍ക്കുള്ള യുദ്ധോപകരണങ്ങള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയിലും ഇപ്പോള്‍ പരസ്പര സഹകരണം തുടങ്ങിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ റഷ്യന്‍ സന്ദര്‍ശനങ്ങളാണ് ഇരു രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഏറെ സഹായകരമായത്.

ചൈനയുടെ അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍, ജപ്പാന്‍, വിയറ്റ്‌നാം തുടങ്ങി ഫ്രാന്‍സ്, ബ്രിട്ടന്‍, ഇസ്രയേല്‍, ഓസ്‌ട്രേലിയ, ജര്‍മ്മനിവരെ ഇന്ത്യയുമായി ശക്തമായ ബന്ധം നിലനിര്‍ത്തുന്ന രാജ്യങ്ങളാണ്.

ശ്രീലങ്കയുടെ സഹായം പോലും ഇന്ത്യക്കെതിരായ നീക്കത്തിന് ചൈനക്ക് ലഭിക്കില്ല.

അതേസമയം ആണവശക്തികളായ ഇന്ത്യയും ചൈനയും സംഘര്‍ഷത്തിലേക്ക് പോയാല്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയും ഇന്ത്യ മുന്നില്‍ കാണുന്നുണ്ട്.

അത്തരമൊരു സാഹചര്യമുണ്ടായാല്‍ പാക്ക് ചൈന സാമ്പത്തിക ഇടനാഴി തകര്‍ക്കാനും പാക്ക്-അധീന കശ്മീര്‍ പിടിച്ചെടുക്കാനും ബലൂചിസ്ഥാന്‍ സ്വതന്ത്ര്യമാക്കാനും ഇന്ത്യ ശ്രമിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാറ്റോ മോഡല്‍ സൈനിക ശക്തി ചൈനക്കും പാക്കിസ്ഥാനുമെതിരെ അമേരിക്കയും ഇന്ത്യയും മുന്‍കൈ എടുത്ത് രൂപീകരിക്കുമെന്ന ആശങ്കയാണ് ഇപ്പോഴത്തെ ചൈനയുടെ പ്രകോപനത്തിനു പിന്നിലെന്നും പറയപ്പെടുന്നുണ്ട്.

IMG-20170704-WA018

ഒരേ സമയം പാക്കിസ്ഥാനുമായും ചൈനയുമായും യുദ്ധം ചെയ്യാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്ന മുന്നറിയിപ്പ് ചൈനയെ മാത്രമല്ല ലോക രാഷ്ട്രങ്ങളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

62 ലെ കാര്യം ഓര്‍മ്മിപ്പിച്ച ചൈനയോട് 62 ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യ എന്ന് വ്യക്തമാക്കി ചുട്ട മറുപടി കൊടുത്തത് ചൈനയെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു.

ഉത്തര കൊറിയയുമായുള്ള അമേരിക്കന്‍ സംഘര്‍ഷം രൂക്ഷമാവുകയും ജപ്പാനും ദക്ഷിണ കൊറിയയും അമേരിക്കക്കൊപ്പം എന്തിനും സജ്ജമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യ-ചൈന സംഘര്‍ഷം പൊട്ടി പുറപ്പെട്ടാല്‍ അത് ചൈനക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും.

ഉത്തര കൊറിയയെ അമേരിക്കന്‍ സഖ്യ സേന ആക്രമിച്ച് കീഴ്‌പ്പെടുത്തിയാല്‍ അത് ചൈനക്ക് ലഭിക്കുന്ന തിരിച്ചടി മാത്രമായിരിക്കില്ല, മേഖലയില്‍ ചൈനയുടെ നിലനില്‍പ്പിനും വെല്ലുവിളിയാകും.

ഇത്തരമൊരു സങ്കീര്‍ണ്ണ സാഹചര്യം അഭിമുഖീകരിക്കുന്നതിനാല്‍ ഇന്ത്യയുമായി ചൈന ഇപ്പോള്‍ ദോക് ലാ മേഖലയിലുണ്ടാക്കുന്ന സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് എത്തിക്കില്ലന്നാണ് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതിര്‍ത്തിയില്‍ ഇന്ത്യ സന്നാഹമൊരുക്കുന്നതിന് സമാനമായി ചൈന സൈനിക വിന്യാസം നടത്തിയാലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട കപ്പലുകള്‍ ഇറക്കിയാലും ഒരു ഏറ്റുമുട്ടലിനുള്ള ‘ധൈര്യം’ ചൈനക്ക് ഇപ്പോള്‍ ഉണ്ടാകില്ലന്ന് തന്നെയാണ് വിലയിരുത്തല്‍.

ലോക ജനസംഖ്യയില്‍ മാത്രമല്ല സൈനിക ശക്തിയിലും ചൈനക്ക് ഒട്ടും പിറകിലല്ല ഇന്ത്യ. സൈനികപരമായി ഇന്ത്യക്കും ചൈനയ്ക്കും അതീവ പ്രാധാന്യമുള്ള പ്രദേശമാണ് ദോക് ലാ.

നിലവില്‍ ദോക് ലായില്‍ ഭൂട്ടാനു നേര്‍ക്ക് റോഡ് നിര്‍മ്മിക്കുന്ന ചൈനയുടെ ആത്യന്തികമായ ലക്ഷ്യം ഇന്ത്യയാണെന്ന് ബോധ്യമായതിനാലാണ് ഈ നടപടിയെ ഇന്ത്യന്‍ സൈന്യം ചോദ്യം ചെയ്തത്.

ഇന്ത്യയും ഭൂട്ടാനും ടിബറ്റും സംഗമിക്കുന്ന പ്രദേശത്ത് കൃത്യമായി അതിര്‍ത്തി രേഖപ്പെടുത്തിയിട്ടില്ലെന്നതു മുന്‍നിര്‍ത്തിയാണ് ചൈനയുടെ നീക്കം.

ദോക് ലായുടെ നിയന്ത്രണം ഏറ്റെടുത്താല്‍ ബംഗാളിലെ സിലിഗുഡി വരെ ചൈനയുടെ കഴുകന്‍ കണ്ണുകളെത്തും.

IMG-20170704-WA017

ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാല്‍ സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിച്ഛേദിക്കാമെന്നാണ് ചൈനയുടെ കണക്ക് കൂട്ടല്‍.

ഈ സാഹചര്യം ഒഴിവാക്കാന്‍ എന്തു നടപടി വേണമെങ്കിലും സ്വീകരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം അനുമതി കൊടുത്തതോടെ സൈനികരുടെ വന്‍ പട തന്നെ സ്ഥലത്ത് കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോള്‍.

ഇവിടെ നിന്നും സൈനികരെ പിന്‍വലിക്കണമെന്നതാണ് ചൈന ഇപ്പോള്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം കടന്നു കയറി എന്നാണ് അവരുടെ ആരോപണം.

എന്നാല്‍ ഈ വാദം മുഖവിലക്കെടുക്കാതെ ഇന്ത്യ ഇപ്പോഴും സൈനിക ശക്തി മേഖലയില്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലന്ന മുന്നറിയിപ്പോടെ . . .

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top