പ്രതിരോധം മതിയാക്കുമെന്ന് ആര്‍എസ്എസ്, ഗവര്‍ണ്ണറെ മാറ്റാനും സമ്മര്‍ദ്ദം ശക്തമാക്കി

കണ്ണൂര്‍: സി.പി.എം ആക്രമണത്തിനെതിരെ ഇനിയും കയ്യും കെട്ടി നോക്കി നിന്നാല്‍ അത് അണികളുടെ ആത്മവീര്യത്തെ ബാധിക്കുമെന്ന നിലപാടില്‍ സംഘപരിവാര്‍.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി പതിനഞ്ച്‌
ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ശക്തമായ പ്രതികരണം അനിവാര്യമാണെന്ന നിലപാടിലാണ് സംഘം നേതൃത്വം.

ഇക്കാര്യം നാഗ്പ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെ കേരള ഘടകം അറിയിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ ആര്‍.എസ്.എസ് കാര്യാലയം കത്തിച്ചതും നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സുഗമമായി പ്രവര്‍ത്തിക്കാന്‍ സംഘപരിവാര്‍ സംഘടനകളെ അനുവദിക്കാത്തതിനെതിരെ ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതിലും ആര്‍.എസ്.എസ് സംസ്ഥാന ഘടകം കലിപ്പിലാണ്.

സംഘം നേതൃത്വത്തിന്റെ ഈ വികാരമാണ് ഗവര്‍ണ്ണര്‍ക്കെതിരെ പരസ്യമായി രംഗത്ത് വരാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും പ്രേരിപ്പിച്ചിരുന്നത്.

‘സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ ഗവര്‍ണര്‍ വെറും കാഴ്ചക്കാരനാകരുത്, തന്റെ ചുമതല നിര്‍വഹിക്കാനുള്ള തന്റേടം ഗവര്‍ണര്‍ കാട്ടണം. ഈ സ്ഥിതി തുടര്‍ന്നാല്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുമെന്നുമാണ് ‘ കുമ്മനം ഗവര്‍ണര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

അടിയന്തരമായി ഗവര്‍ണ്ണറെ മാറ്റി സ്വയം സേവകനായ വ്യക്തിയെ ആ സ്ഥാനത്ത് കൊണ്ടുവന്ന് പിണറായി സര്‍ക്കാറിനെ പാഠം പഠിപ്പിക്കണമെന്നതാണ് ആര്‍.എസ്.എസിന്റെ ആഗ്രഹം.

സംഘം മേധാവി മോഹന്‍ ഭഗവത് തന്നെ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നതാണ് സംസ്ഥാന ഘടകം ആഗ്രഹിക്കുന്നത്.

നേരത്തെ പാലക്കാട് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്താന്‍ എയ്ഡഡ് സ്‌കൂളില്‍ എത്തിയ മോഹന്‍ ഭഗവതിനെ ജില്ലാ ഭരണകൂടം തടയാന്‍ ശ്രമിച്ചത് ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തെയും പ്രകോപിപ്പിച്ചതിനാല്‍ അനുകൂല നടപടി ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.

രാജ്യത്ത് ഏറ്റവും അധികം ശാഖകളും ബലിദാനികളും ആര്‍.എസ്.എസിനുള്ള ഏക സംസ്ഥാനമാണ് കേരളം.

അത് കൊണ്ട് തന്നെയാണ് ചുവപ്പ് ഭീകരതക്കെതിരെ കുമ്മനം രാജശേഖരന്‍ നയിച്ച ജാഥയില്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മുതല്‍ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രി പടയും പങ്കെടുക്കാനും കാരണമായിരുന്നത്.

ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമടക്കം മറ്റു സംസ്ഥാനങ്ങളിലും വലിയ പ്രതിഷേധ പരിപാടികളാണ് സംഘപരിവാര്‍ നടത്തിയിരുന്നത്.

എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് ശേഷവും ആര്‍.എസ്.എസ് കാര്യവാഹക് ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെടുകയും വീണ്ടും ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ‘നടപടി അല്ലങ്കില്‍ പ്രതികരണം’ എന്ന നിലയിലേക്ക് ആര്‍.എസ്.എസ് നേതൃത്വം ഇപ്പോള്‍ മാറിയിരിക്കുന്നത്.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത് ആര്‍.എസ്.എസ് നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണോ എന്ന സംശയം രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു.

സംഘപരിവാര്‍ ആക്രമണകാരികളാണെന്ന പ്രചരണത്തിന് തടയിടാന്‍ പരമാവധി സഹിച്ചത് കൊണ്ടാണ് നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോഴും സംയമനം പാലിച്ചതെന്നും എപ്പോഴും ഇതേ നിലപാട് സ്വീകരിക്കില്ലന്നും ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അതേസമയം, ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പരാതിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.

Top