രാജീവിന്റെ കൊലപാതകത്തിനു പിന്നിൽ . . അഭിഭാഷകന്റെ ‘വീഡിയോ’ കണ്ടെത്താൻ ?

കൊച്ചി: റിയൽ എസ്‌റ്റേറ്റ് ബ്രോക്കറെ ഗുണ്ടകൾ തട്ടികൊണ്ടുപോയത് പ്രമുഖ അഭിഭാഷകനുൾപ്പെട്ട ‘വീഡിയോ ദൃശ്യം’ കൈവശപ്പെടുത്താനാണെന്ന് റിപ്പോർട്ട്.

ഇത്തരമൊരു വാര്‍ത്ത സ്ഥിരീകരിക്കാന്‍ തയ്യാറാവാത്ത പൊലീസ് പക്ഷേ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന മറുപടിയാണ് നല്‍കുന്നത്.

ഇതു സംബന്ധമായി രാജീവിന്റെ മകന്റെ അടുത്ത് നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.

മരണകാരണം ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജീവിനെ മര്‍ദ്ദിച്ചതിനു ശേഷം കൈകാലുകളും വായും വരിഞ്ഞു കെട്ടി ഓട്ടോറിക്ഷയില്‍ കൊണ്ടു പോകുകയായിരുന്നു.

തലയില്‍ മുറിവേറ്റ രീതിയിലാണ് മൃതദേഹം കാണപ്പെട്ടിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ചക്കര ജോണി ഉള്‍പ്പെടെ ഏഴു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്.

ഇന്നു രാവിലെയാണ് മുഖ്യപ്രതി അങ്കമാലി ചെറുമഠത്തില്‍ ജോണിയെയും (ചക്കര ജോണി) കൂട്ടാളി പൈനാടത്ത് രഞ്ജിത്തിനെയും പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനുശേഷം മുങ്ങിയ ഇവരെ പാലക്കാട് നിന്നാണ് പിടികൂടിയത്. ആലപ്പുഴയിലേക്കാണ് ഇരുവരും ആദ്യം ഒളിവില്‍ പോയത്. അവിടെനിന്ന് സുഹൃത്ത് സുധന്റെ കാറില്‍ പാലക്കാട്ടേക്കു കടക്കുകയായിരുന്നു.

കൊച്ചിയിലെ പ്രമുഖ അഭിഭാഷകനും കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു കാണിച്ച് കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അഭിഭാഷകനും ജോണിയും ചേര്‍ന്ന് ഒട്ടേറെ തവണ അച്ഛനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി അച്ഛന്റെ മരണത്തിനു മുന്‍പ് തന്നെ പല തവണ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും അഖില്‍ പറയുന്നു. ഇതില്‍ അന്വേഷണം നടത്തിവരികയാണ്.

പരിയാരം തവളപ്പാറയില്‍ കോണ്‍വെന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ അടയ്ക്കുകയും വസ്തു ഇടപാടുരേഖകളില്‍ ബലമായി ഒപ്പുവയ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയുമായിരുന്നു എന്നാണു സംശയം. ഇതിനായി ഉപയോഗിച്ച പായ മൃതദേഹത്തിനരികില്‍ നിന്നു കണ്ടെത്തിയിരുന്നു.

Top