മോദി വിദേശപര്യടനം നടത്തുമ്പോൾ ബിജെപി ശക്തികേന്ദ്രങ്ങളിൽ രാഹുലിന്റെ ‘പടയോട്ടം’

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് മുക്ത ഭാരതത്തിനു വേണ്ടി ഇറങ്ങി തിരിച്ച ബിജെപിയുടെ ഉറക്കം കെടുത്തി രാഹുല്‍ ഗാന്ധി.

ബിജെപി ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളിലെ വിഷയങ്ങളില്‍ നേരിട്ട് ഇടപെട്ട് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഇടപെടലുകള്‍ വലിയ തലവേദനയാണ് ബിജെപി ഭരിക്കുന്ന സര്‍ക്കാറുകള്‍ക്ക് നിലവില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ഗുജറാത്തിലെ ദളിത്-പട്ടേല്‍ സമരത്തിലും യുപിയിലെ ദളിത പ്രശ്‌നത്തിലും ഇടപെട്ട രാഹുല്‍ ഗാന്ധി ഇപ്പോള്‍ മധ്യപ്രദേശില്‍ കാല് കുത്തിയതോടെ അവിടുത്തെ കര്‍ഷക സമരങ്ങള്‍ക്കും ‘തീ’പിടിച്ചിരിക്കുകയാണ്.

ആറ് കര്‍ഷകര്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മധ്യപ്രദേശില്‍ സാഹസികമായെത്തിയ രാഹുലിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസിന് അനുകൂലമാണ് കര്‍ഷകര്‍.

സച്ചിന്‍ പൈലറ്റ്, ദിഗ് വിജയ് സിങ് തുടങ്ങിയ നേതാക്കളും അറസ്റ്റിലായിട്ടുണ്ട്.ആറു പേര്‍ കൊല്ലപ്പെട്ട മാന്‍സോറില്‍ ബൈക്കിന് പിന്നിലിരുന്ന് സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു രാഹുലിനെതിരായ പൊലീസ നടപടി. അറസ്റ്റ് ചെയ്തവരെയെല്ലാം വൈകിട്ടോടെ പൊലിസ് വിട്ടയച്ചിട്ടുണ്ട്.

കടങ്ങള്‍ എഴുതിതള്ളണമെന്നും വിളകള്‍ക്ക് ന്യായവില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജൂണ്‍ ഒന്നിന് ആരംഭിച്ച കര്‍ഷക സമരം മധ്യപ്രദേശ് സര്‍ക്കാറിനെ ഇതിനകം തന്നെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പൊലീസ് വെടിവയ്പില്‍ നേരത്തെ രണ്ടു പേര്‍ കൊല്ലപ്പെട്ടതോടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്ത്വം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നാല് പേര്‍ കൂടി കൊല്ലപ്പെട്ടത്.ഇതാണിപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ ഇടയാക്കിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരവെയാണ് ഡല്‍ഹിയില്‍ നിന്നും രാഹുല്‍ ഗാന്ധി കുതിച്ചെത്തിയത്.

വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശ്, യു പി കഴിഞ്ഞാല്‍ ബിജെപിക്ക് ഏറ്റവും അധികം എം പിമാരെ സംഭാവന ചെയ്യന്ന സംസ്ഥാനമാണ്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇവിടെ ബിജെപി അധികാരത്തിലിരിക്കുന്നത് എന്നതിനാല്‍ ഭരണവിരുദ്ധ വികാരം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലുമാണ്‌. ഇക്കാര്യം കൂടി മുന്‍നിര്‍ത്തിയാണ് രാഹുലിന്റെ ഇപ്പോഴത്തെ തന്ത്രപരമായ ഇടപെടല്‍.

‘എരിതീയില്‍ എണ്ണ ഒഴിക്കാനാണ്’ രാഹുല്‍ എത്തിയതെന്ന് ബിജെപി ആരോപിക്കുന്നുണ്ടെങ്കിലും സര്‍ക്കാറിനെതിരായ കര്‍ഷക വികാരം നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ സജീവമായി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം.

അടുത്തയിടെ ജാതി കലാപം പൊട്ടി പുറപ്പെട്ട യുപിയിലെ സഹാരന്‍പൂരില്‍ പൊലീസ് വിലക്ക് ലംഘിച്ച് രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശപര്യടനം നടത്തി കൈയ്യടി വാങ്ങുമ്പോള്‍ രാജ്യത്തിനകത്ത് ‘പര്യടനം’ നടത്തി കൈയ്യടി വാങ്ങി ബിജെപിക്ക് പുതിയ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ രാഹുല്‍ ഗാന്ധി.

മോദിയുടെ രണ്ടാമൂഴത്തിന് യുപി, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിജയം അനിവാര്യമാണെന്നിരിക്കെ ഈ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ ‘ടാര്‍ഗറ്റ്’ ചെയ്ത് കൊണ്ടാണ് പുതിയ വെല്ലുവിളി.

ഇതിനു പുറമെ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സജീവമാകാന്‍ കോണ്‍ഗ്രസ്സ് ഘടകങ്ങള്‍ക്കും രാഹുല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പര്യടനം നടത്തികൊണ്ടിരിക്കെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കാവിപ്പടയ്ക്ക് രാഹുല്‍ഗാന്ധി പുതിയ ‘പ്രതിസന്ധി’ സൃഷ്ടിച്ചിരിക്കുന്നത്.

Top