ഖത്തർ ഉപരോധം; അറബ് രാഷ്ട്രങ്ങൾക്ക് തിരിച്ചടിയായത് ഇന്ത്യയുടെ കടുത്ത നിലപാട്

ന്യൂഡല്‍ഹി: അമേരിക്കയുടെ താല്‍പര്യത്തിനു വഴങ്ങി ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ അറബ് രാഷ്ട്രങ്ങള്‍ക്ക് തിരിച്ചടിയായത് ഇന്ത്യയുടെ നിലപാട്.

ഖത്തറിലുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി ഇന്ത്യക്കാര്‍ യുഎഇ യിലും സൗദിയിലും ഉണ്ടെന്നിരിക്കെ ഇന്ത്യ ഖത്തറിന്റെ രക്ഷക്കെത്തുമെന്ന് സൗദിയും മറ്റ് അറബ് രാഷ്ട്രങ്ങളും കരുതിയിരുന്നില്ല.

ഇറാന്‍ മാത്രമേ ഖത്തറിനെ സഹായിക്കൂ എന്നാണ് ഈ രാഷ്ട്രങ്ങള്‍ ധരിച്ചിരുന്നത്.

ഖത്തറിലേക്കുള്ള ജല, നാവിക, റോഡ് ഗതാഗതമടച്ച് ഖത്തറിനെ ശ്വാസം മുട്ടിച്ച് തങ്ങളടെ വഴിക്ക് കൊണ്ടുവരാമെന്ന സ്വപ്നവും പാളി.

ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ എത്തിക്കാനും കൂടുതല്‍ സഹായം നല്‍കാനും തയ്യാറായി ഇന്ത്യ വന്നതോടെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സൗദിയുടെയും യുഎഇയുടെയും നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്.

ഭീകരവാദികള്‍ക്കെതിരെ ശക്തമായി ഏറ്റുമുട്ടുന്ന ഇന്ത്യക്ക് പോലും ബോധ്യപ്പെടാത്ത കാര്യങ്ങളാണ് ഖത്തറിനെതിരെ സൗദിയും യുഎഇയും ഉന്നയിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ പറ്റില്ലന്നുമുള്ള നിലപാടിലാണ് പ്രമുഖ രാഷ്ട്രങ്ങള്‍.

ഇതോടെ അമേരിക്കന്‍ ഹിഡന്‍ അജണ്ടയാണ് പാളുന്നത്. ട്രംപ് സൗദിയിലെത്തിയതിനു ശേഷം നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഉപരോധമെന്നാണ് ഖത്തറിന്റെ പ്രധാന ആരോപണം.

അമേരിക്കയുമായും യുഎഇ, സൗദി രാഷ്ട്രങ്ങളുമായും നല്ല ബന്ധത്തിലാണ് ഇന്ത്യയെങ്കിലും ഖത്തറിനെ വിട്ടു കളിക്കാന്‍ ന്യൂഡല്‍ഹി തയ്യാറല്ല.

ഇന്ത്യയിലേക്ക് ഏറ്റവും അധികം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നത് ഖത്തറില്‍ നിന്നാണ്. വളരെ സമാധാന അന്തരീക്ഷമുള്ള ഖത്തറിനോട് എന്നും നല്ല ബന്ധമാണ് ഇന്ത്യ കാത്ത് സൂക്ഷിച്ചു വരുന്നത്.

ഖത്തറിനോടുള്ള ഇപ്പോഴത്തെ ഉപരോധ നടപടി ഖത്തറിലെ ഇന്ത്യക്കാരെ ദുരിതത്തിലാക്കുന്ന സാഹചര്യം അനുവദിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം.

ഖത്തറിലേക്കള്ള കയറ്റുമതിയും അവിടെ നിന്നുള്ള ഇറക്കുമതിയും തടയാന്‍ ഇനി സൗദിയും യുഎഇയും തയ്യാറായാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കവും ഇന്ത്യയില്‍ നിന്നുള്ള ചരക്ക് നീക്കവും തടഞ്ഞാല്‍ സൈനികമായി പോലും കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കും.

ഇത്തരം നീക്കങ്ങള്‍ യുഎഇയിലും സൗദിയിലും വലിയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്.

ഈ രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് ഒരു ‘സമ്മര്‍ദം’ തന്നെയാണ്.
സൈനിക ശക്തിയില്‍ ഇന്ത്യയുടെ അടുത്ത് നില്‍ക്കാനുള്ള ശക്തി പോലും സൗദിക്കും യുഎഇക്കുമില്ല.

പാക്കിസ്ഥാനാണ് പിന്നെ അവരുടെ ആശ്രയം.അമേരിക്കന്‍ സൈനിക താവളം ഇപ്പോഴും സൗദിയില്‍ തുടരുന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോഴത്തെ കടുത്ത നടപടി.

എന്നാല്‍ ഇന്ത്യയുമായി ഒരു ഉടക്കിലേക്ക് കാര്യങ്ങള്‍ പോയാല്‍ കുവൈറ്റിലെ ഇറാഖ് അധിനിവേശ കാലത്ത് നല്‍കിയ പോലുള്ള ഒരു സഹായം അറബ് രാഷ്ട്രങ്ങള്‍ക്ക് ലഭിക്കാനുള്ള സാധ്യത കുറവാണ്.റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ നിലപാടിനൊപ്പം ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

പാക്കിസ്ഥാനുമായി അടുത്ത സൗഹൃദത്തില്‍ നില്‍ക്കുന്ന ചൈനക്ക് പോലും അമേരിക്കന്‍ പക്ഷത്ത് നില്‍ക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാകും.

ഈ ‘സാഹചര്യം’ കൂടി പരിഗണിച്ചാണ് ഇന്ത്യയെ പിണക്കാതെ ഭീകരവാദത്തിനെതിരായ നടപടിയുടെ ഭാഗമാണ് ഉപരോധമെന്ന് ആവര്‍ത്തിച്ച് സൗദിയും യുഎഇയും രംഗത്ത് വന്നത്.

ഭീകരവാദികളെ പോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെതിരെ ആദ്യം നിലപാട് എടുത്തിട്ട് വേണമായിരുന്നു ഖത്തറിനെതിരെയുള്ള ഉപരോധമെന്നാണ് ഇന്ത്യയിലെ ജനങ്ങളുടെ പൊതുവികാരം.

അതേസമയം ഇന്ത്യയും ഇറാനും സഹായിക്കുമെന്ന് വ്യക്തമായതോടെ ഖത്തര്‍ ഭരണകൂടം ഇപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ജിസിസിയിലോ റിയാദില്‍ നടന്ന അമേരിക്കന്‍ ഇസ്‌ലാമിക് അറബ് ഉച്ചകോടിയിലോ പറയാത്ത ആരോപണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു. ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും ഖത്തര്‍ അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായി മാത്രമല്ല, മറ്റു രാജ്യങ്ങളുമായും ഖത്തറിന് വാണിജ്യബന്ധങ്ങളുണ്ട്. അവരുമായുള്ള കടല്‍, വ്യോമ ഗതാഗതസംവിധാനങ്ങള്‍ തുറന്നുകിടക്കുകയാണ്. മറ്റു രാജ്യങ്ങളുമായുള്ള ഇറക്കുമതിക്കും സഞ്ചാരങ്ങള്‍ക്കും ബുദ്ധിമുട്ടില്ല. ഹമദ് തുറമുഖം വഴിയാണ് ഖത്തറിലേക്കുള്ള അവശ്യസാധനങ്ങള്‍ എത്തുന്നത്. അതിനാല്‍ സൗദി തുറമുഖങ്ങള്‍ അടച്ചാലും സാധനങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതിനിടെ ഖത്തര്‍ പ്രശ്‌നത്തിന് പരിഹരം കാണാന്‍ തുര്‍ക്കിയും കുവൈത്തും ശ്രമം തുടങ്ങിയിട്ടുണ്ട്.പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്ന് കുവൈത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായി നല്ലബന്ധം പുലര്‍ത്തുന്ന തുര്‍ക്കിയാണ് മധ്യസ്ഥശ്രമങ്ങളുമായി ആദ്യം രംഗത്തെത്തിയത്. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്ന് തുര്‍ക്കി അഭ്യര്‍ഥിച്ചു.

പ്രതിസന്ധി അനന്തമായി നീണ്ടാല്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെയും ഉപരോധം ബാധിക്കും. യുഎഇയ്ക്ക് അവശ്യമായ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഏറിയ പങ്കും ഖത്തറില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

അറബ് മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി സൂഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഇരുവിഭാഗവും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന നിലപാടിലാണ്.

റിപ്പോര്‍ട്ട് : അരുണ്‍കുമാര്‍

Top