ഖത്തർ: അമേരിക്കക്ക് ചുവടുമാറ്റം, കാരണം ഇന്ത്യയുടെയും സഖ്യകക്ഷികളുടെയും നിലപാട്

വാഷിങ്ടണ്‍: ഇന്ത്യയുടെ നിലപാടിന്റെ മറപിടിച്ച് സ്വന്തം സഖ്യകക്ഷികള്‍ പോലും സമ്മര്‍ദ്ദം ചെലുത്തിയതോടെ വെട്ടിലായി അമേരിക്ക.

ഖത്തറിനെതിരെ ഉപരോധത്തിന് അറബ് രാഷ്ട്രങ്ങളെ പ്രേരിപ്പിച്ച അമേരിക്ക ഇപ്പോള്‍ നിലപാടില്‍ നിന്നും പിന്നോട്ട് പോയത് സഖ്യകക്ഷികളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പുമൂലമാണെന്നാണ് സൂചന.

ബ്രിട്ടണും ജര്‍മനിയും ജപ്പാനുമാണ്‌ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രമുഖ സഖ്യകക്ഷികള്‍. ഖത്തറുമായി വന്‍തോതിലുള്ള സാമ്പത്തിക വ്യാവസായിക ഇടപാടുകളുള്ള ബ്രിട്ടണ്‍ തുടക്കം മുതല്‍ തന്നെ ഉപരോധത്തില്‍ ആശങ്കപ്പെട്ടിരുന്നു.

യാത്ര-വ്യാപാര മേഖലകളിലെ ഉപരോധം സാധാരണ ജനങ്ങളെ കൂടുതല്‍ ബാധിക്കുമെന്നതിനാലാണ് നടപടി മയപ്പെടുത്താന്‍ സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടതെന്നാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഇപ്പാള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഖത്തറിനെതിരെ കടുത്ത നിലപാടെടുക്കാന്‍ അറബ് രാഷ്ട്രങ്ങളെ പ്രേരിപ്പിച്ച പ്രസിഡന്റ് ട്രംപിന്റെ നിലപാടിന് വിരുദ്ധമായാണ് ഈ നിലപാട് മാറ്റം.

അമേരിക്കന്‍ ഭരണകൂടത്തില്‍ തന്നെ ഖത്തര്‍ ഉപരോധം കടുത്ത ഭിന്നതക്കിടയാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് അന്തരീക്ഷം തണുപ്പിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം അടച്ചു പൂട്ടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്ന ഭയവും അമേരിക്കക്കുണ്ട്.

ഭീകരബന്ധം ആരോപിച്ചുള്ള ഉപരോധം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക തങ്ങള്‍ക്കുണ്ടെന്ന അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണത്തില്‍ നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്.

ഉപരോധം പ്രഖ്യാപിച്ചിട്ടും ഇറാനുമായുള്ള ബന്ധം കൈവിടാന്‍ ഖത്തര്‍ തയ്യാറാകാത്തത് ഇന്ത്യയുടെ പിന്തുണ കൊണ്ടാണെന്നാണ് അമേരിക്കയും ഉപരോധം ഏര്‍പ്പെടുത്തിയ അറബ് രാഷ്ട്രങ്ങളും കരുതുന്നത്.

പാക്കിസ്ഥാനിലെ ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം ശക്തമായി നില്‍ക്കുന്ന ഇറാന്‍ ഇന്ത്യയുടെ വിശ്വസ്തനായ അയല്‍ രാജ്യമാണ്.

ഇറാനെ സഹായിക്കുന്ന ഖത്തര്‍ നിലപാടാണ് അമേരിക്കയെയും സൗദിയേയും ഖത്തറിനെതിരെ കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചിരുന്നത്.

എന്നാല്‍ ഉപരോധം പ്രഖ്യാപിച്ച ഉടനെ ഖത്തറിന് സഹായവുമായി ഇറാന് പിന്നാലെ ഇന്ത്യ കുടി വന്നത് കാര്യങ്ങളെല്ലാം തകിടം മറിക്കുകയായിരുന്നു.

ഖത്തറിലെ ആറരലക്ഷം ഇന്ത്യക്കാരുടെ സുരക്ഷ മാത്രമല്ല ഇന്ത്യയിലെ ജനജീവിതമടക്കം ഉപരോധം നീണ്ടു പോയാല്‍ താറുമാറാകും എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇന്ത്യ ഖത്തറിന് സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നത്.

ഭക്ഷ്യവസ്തുക്കള്‍ ആവശ്യമെങ്കില്‍ എത്തിക്കാന്‍ തന്നെയായിരുന്നു തീരുമാനം.

സൗദി യുഎഇ തുടങ്ങിയ അറബ് രാഷ്ട്രങ്ങളുമായി മാത്രമല്ല, അമേരിക്കയുമായി പോലും ഇപ്പോള്‍ അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യയുടെ നിലപാടിനെതിരെ പ്രതികരിക്കാന്‍ ഈ രാഷ്ട്രങ്ങള്‍ ഒന്നും തന്നെ ഇതുവരെ തയ്യാറായിട്ടുമില്ല.

ഇന്ത്യയിലേക്ക് ഏറ്റവും അധികം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്ന ഖത്തറിനെ അസ്ഥിരപ്പെടുത്തുന്ന ഒരു നിലപാടിനെയും അംഗീകരിക്കാന്‍ ഇന്ത്യക്ക് കഴിയില്ലന്ന് ഈ രാഷ്ട്രങ്ങള്‍ക്കെല്ലാം വ്യക്തമായിരുന്നു.

ഉപരോധം നീളുകയും അത് ചരക്ക് ഗതാഗതത്തെ ബാധിക്കുകയും ചെയ്താല്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിക്കപ്പെടുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.

ഈ പശ്ചാത്തലത്തില്‍ നിലപാട് ‘തണുപ്പിച്ച’ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം ഉപരോധത്തില്‍ ചില വിട്ടുവീഴ്ചകള്‍ ഉണ്ടാകുമെന്നതിന്റെ സൂചന കൂടിയായാണ് നയതന്ത്ര വിദഗ്ദര്‍ നോക്കിക്കാണുന്നത്.

Top