സൗദിയുടെ അസൂയക്ക് ലോക കപ്പിലൂടെ ‘ചുട്ട’ മറുപടി നൽകാൻ തയ്യാറെടുപ്പുമായി ഖത്തർ . . !

ഖത്തര്‍: വെല്ലുവിളികള്‍ക്കിടയിലും ലോകത്തിന് മുന്നില്‍ വിസ്മയം തീര്‍ത്ത് ഖത്തര്‍.

സൗദിയും യുഎഇയും അവരുടെ സഖ്യ അറബ് രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധത്തിനിടെ 2022ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ സ്റ്റേഡിയനിര്‍മ്മാണത്തിന്റെ വീഡിയോ പുറത്ത് വിട്ടാണ് ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നത്.

ആദ്യമായി അറബ്-മിഡില്‍ ഈസ്റ്റ് രാജ്യത്ത് എത്തുന്ന ലോകകപ്പിനെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് പ്രതിസന്ധി മറികടന്നും ഖത്തര്‍ നടത്തുന്നത്.

അറബ് രാഷ്ട്രങ്ങളുടെ നായകസ്ഥാനം വഹിക്കുന്ന സൗദിക്കോ ദുബായിക്കോ ലഭിക്കാത്ത ലോക ഫുട്‌ബോള്‍ മാമാങ്കം ഖത്തറിന് ലഭിച്ചതില്‍ ഈ രാജ്യങ്ങള്‍ കടുത്ത നിരാശയിലാണ്.

ഇപ്പോഴത്തെ ഉപരോധത്തിന് പിന്നില്‍ പോലും അമേരിക്കന്‍ താല്‍പര്യം മാറ്റി വച്ചാല്‍ പിന്നെ ‘കാരണം’ സൗദിയടക്കമുള്ള രാജ്യങ്ങളുടെ അസൂയയാണെന്നതും പരസ്യമായ രഹസ്യമാണ്. ഖത്തറിന്റെ വളര്‍ച്ചയെ അത്ര മാത്രം സൗദി അറേബ്യയും മറ്റും ഭയക്കുന്നുണ്ട്.

ലോകകപ്പോടെ ഖത്തര്‍ എത്താന്‍ പോകുന്ന ഉയരം ആലോചിച്ച് ഈ അറബ് രാഷ്ട്രങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ചെറിയ രാജ്യമായ ഖത്തര്‍ സൗദിയെ പോലെ വലിയ രാജ്യത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് സ്വപ്നത്തില്‍ പോലും കാണാന്‍ ഇവര്‍ ആരും തന്നെ ആഗ്രഹിക്കുന്നില്ല.

ഉപരോധം മറികടക്കാന്‍ ഇറാന്റെയും തുര്‍ക്കിയുടെയും സഹായം ഇതിനകം തന്നെ ഖത്തറിലേക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്.

ലോകകപ്പ് മുടക്കാനാണ് ഉപരോധമെന്ന പ്രചരണമാണ് ഖത്തറില്‍ ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ നടക്കുന്നത്. അത് കൊണ്ട് തന്നെ ഉപരോധക്കാരായ സൗദി അടക്കമുള്ള രാഷ്ട്രങ്ങള്‍ക്കെതിരെ പ്രതിഷേധവും ഇവിടെ ശക്തമാണ്.

‘പണി’പാളുന്നത് കണ്ട് ഉപരോധത്തില്‍ ഇളവ് വരുത്താന്‍ അമേരിക്കയും, ഖത്തര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് സൗദിയും, യുഎഇയും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഖത്തര്‍ തല കുനിക്കില്ലന്ന നിലപാടിലാണ്.

മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെ ഇന്ത്യയും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

പ്രശ്‌നം ഇരു വിഭാഗവും സമവായത്തിലൂടെ തീര്‍ക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട്. അതോടൊപ്പം തന്നെ ഖത്തറുമായുള്ള വാണിജ്യ ബന്ധം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ലോകകപ്പിനായി 12 സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ഒരുക്കുന്നത്. മൂന്നെണ്ണം പുതുക്കുകയും ഒന്‍പത് സ്റ്റേഡിയങ്ങള്‍ പുതുതതായി പണിയുകയും ചെയ്യും. അമ്പരപ്പിക്കുന്നതാണ് ഓരോ സ്‌റ്റേഡിയങ്ങളുടെയും നിര്‍മാണം. അറബ് സംസ്‌കാരവും അടയാളങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ഓരോ സ്‌റ്റേഡിയങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വയറല്‍ ആയിട്ടുണ്ട്. സ്‌റ്റേഡിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരില്‍ ഇന്ത്യക്കാരാണ് ഭൂരിപക്ഷവും.

Top