എസ്.പി.ജി അറ്റാക്ക് ഫോഴ്സായി മാറും, കേരളത്തിലും ഇനി കേന്ദ്ര പവർ അറിയും

എസ്.പി.ജി സുരക്ഷ ഉദ്യാഗസ്ഥരെ ഉള്‍പ്പെടുത്തി രഹസ്യ ഓപ്പറേഷന്‍ ടീമിനെ നിയോഗിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമാക്കി വെട്ടി ചുരുക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം.

നിലവില്‍ 3000ത്തോളം അംഗങ്ങളാണ് എസ്.പി.ജിയില്‍ സേവനമനുഷ്ടിക്കുന്നത്. ഇത്രയും പേരുടെ സേവനം ഇനി പ്രധാനമന്ത്രിയുടെ സുരക്ഷക്ക് ആവശ്യമില്ല. മറ്റ് രാഷ്ട്ര തലവന്‍മാര്‍ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ഉപയോഗപ്പെടുത്താന്‍ ഒരു ടീമിനെ മാറ്റി വച്ചാല്‍ പോലും ആയിരങ്ങള്‍ അപ്പോഴും ബാക്കിയുണ്ടാകും. വിദഗ്ദ പരിശീലനം കിട്ടിയ ഇവരെയാണ് ഫലപ്രദമായി ഉപയോഗിക്കാന്‍ പോകുന്നത്.

കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ കീഴില്‍ പി.എം.ഒ ഓഫീസ് നേരിട്ട് നിയന്ത്രിക്കുന്ന പുതിയ ടീമിനെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തലപ്പത്ത് മിടുക്കരായ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുണ്ടാകും. രാജ്യത്തിനകത്ത് മാത്രമല്ല, പുറത്തും ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് കരുത്ത് പകരുകയാണ് പ്രധാന ലക്ഷ്യം.

റോ, ഐബി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഓപ്പറേഷനുകള്‍ക്കും പുതിയ ടീമിനെ നിയോഗിക്കുമെന്നാണ് സൂചന. ഇന്ത്യക്കെതിരായി പ്രവര്‍ത്തിക്കുന്ന ക്രിമിനലുകളെ വിദേശത്ത് വച്ച് തന്നെ പിടികൂടാനും, രഹസ്യമായി വക വരുത്താന്‍ പോലും ഇത്തരം സംഘങ്ങള്‍ക്ക് ഇനി കഴിയും

അമേരിക്കയുടെ സി.ഐ.എ, ഇസ്രയേലിന്റെ മൊസാദ് തുടങ്ങിയ ഏജന്‍സികള്‍ക്കും സമാനമായ സംവിധാനങ്ങള്‍ ലോകത്ത് മിക്ക രാജ്യങ്ങളിലുമുണ്ട്.

രാജ്യത്തിനകത്തും ഈ’സ്‌പെഷ്യല്‍ ഫോഴ്‌സ് ‘ഇടപെടല്‍ ഇനിയുണ്ടാകും. പ്രത്യേകിച്ച് തീവ്രവാദ കേസുകളില്‍ ‘കടുത്ത’നടപടികള്‍ക്ക് ഇവരെ ഉപയോഗപ്പെടുത്താനാണ് നീക്കം.

തീവ്രവാദികളെ മാത്രമല്ല, കൊടും കുറ്റവാളികളെയും ഏത് സംസ്ഥാനത്ത് കയറിച്ചെന്ന് പിടികൂടാനും കൊലപ്പെടുത്താനും വരെ അധികാരം നല്‍കുന്നതാണിത്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം തന്നെ കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യമായതിനാല്‍ പ്രതിപക്ഷത്തെ സംബന്ധിച്ച് ഇത്തരമൊരു നീക്കം അമ്പരിപ്പിക്കുന്നതായിരിക്കും.

കേന്ദ്രത്തിന് സംസ്ഥാനങ്ങളില്‍ പിടിമുറുക്കാനും ഇതോടെ കഴിയും.നിലവില്‍ തീവ്രവാദ കേസുകളില്‍ എന്‍.ഐ.എ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ല. ഇത്തരം കേസുകള്‍ എന്‍.ഐ.എക്ക് കൈമാറണമെന്നതാണ് നിയമം. ഈ ഇടപെടല്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ‘ഓപ്പറേഷനിലും’പ്രകടമായാല്‍ വലിയ റിസള്‍ട്ട് തന്നെ ഉണ്ടാകുമെന്നാണ് കേന്ദ്രം കരുതുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം പലതരം ഭീഷണികളാണ് രാജ്യത്തുള്ളത്. ഐ.എസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ സാന്നിധ്യം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വ്യാപിച്ച് വരുന്നതിലും കേന്ദ്ര സര്‍ക്കാര്‍ ആശങ്കയിലാണ്. ജമ്മു കശ്മീരിനു പുറമെ പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര, തെലങ്കാന, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഐ.ബി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഐ.ബി റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയായിരിക്കും ഇനി കേന്ദ്രം ഇത്തരത്തില്‍ ഓപ്പറേഷന് തുനിയുക. സംസ്ഥാന ഭരണകൂടങ്ങളെ പൂര്‍ണ്ണമായും ആശ്രയിച്ച് കുറ്റവാളികളെ പിടികൂടുന്ന രീതിക്കാണ് ഇതോടെ മാറ്റം വരിക. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചേര്‍ന്നായിരിക്കും എല്ലാ നീക്കങ്ങള്‍ക്കും ഡല്‍ഹിയിലിരുന്ന് ചുക്കാന്‍ പിടിക്കുക.

1985ലാണ് എസ്.പി.ജി രൂപീകരിച്ചിരുന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നായിരുന്നു അത്.

പൊലീസ് – അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നാണ് എസ്.പി.ജിയിലേക്ക് കമാന്‍ഡോകളെ റിക്രൂട്ട് ചെയ്യുന്നത്. കൊടും പരിശീലനത്തിന് ശേഷമാണ് ഓരോ കമാന്‍ഡോകളെയും വാര്‍ത്തെടുത്തിരിക്കുന്നത്.

എസ്പിജി അഥവാ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കമാന്‍ഡോകളാണ് ഇവര്‍.ഏതു ആപത്ത്ഘട്ടത്തിലും അവസരത്തിനൊത്തുയരാനും വിശിഷ്ട വ്യക്തികളെ രക്ഷിച്ചുകൊണ്ട് ശത്രുവിനു നേരെ മിന്നലാക്രമണം നടത്താനും ഇവര്‍ക്ക് ഞൊടിയിടയില്‍ കഴിയും. അതുപോലെ തന്നെയാണ് ആക്രമണ രീതിയും. എതിരാളി ചിന്തിക്കും മുമ്പ് തന്നെ അവനെ തീര്‍ത്തിരിക്കും. അതാണ് എസ്പിജിയുടെ രീതി. ലോകത്തില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ആയുധങ്ങളാണ് ഇവരുടെ പക്കലുള്ളത്. ഈ ആയുധങ്ങളെല്ലാം ഉടനടി പ്രയോഗിക്കാവുന്ന രീതിയില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി എപ്പോഴും സജ്ജമായിരിക്കും. ആള്‍ക്കൂട്ടത്തില്‍ നിന്നുണ്ടാകുന്ന ഒരു ചെറിയ വിരലനക്കം പോലും മനസ്സിലാക്കി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന എസ്പിജി കമാന്‍ഡോകളില്‍ ചിലരുടെ കൈകളില്‍ ഒരു ബ്രീഫ് കെയ്സ് ഉണ്ടാകും. പ്രധാനമന്ത്രി പോകുന്നിടത്തെല്ലാം ഈ പെട്ടിയും ഒപ്പമുണ്ടാകും. ഈ ബ്രീഫ് കെയ്സ് പ്രധാനമന്ത്രിയുടെ സുരക്ഷക്കുള്ള പ്രധാന സുരക്ഷാ കവചമാണ്.

ഇത്ഒരു portable bullet proof shield ആണ്. അപകടസമയത്ത് ഇതിലുള്ള വളരെ ചെറിയ ബട്ടണ്‍ അമര്‍ത്തിയാല്‍ പെട്ടി ഒരു നീളമുള്ള പാളിയായി തുറക്കപ്പെടും. വിശിഷ്ട വ്യക്തിക്ക് അപകട സമയത്തു താല്‍ക്കാലിക കവചമൊരുക്കി സുരക്ഷ നല്‍കാനുള്ള ബുള്ളറ്റ് പ്രൂഫ് ഉപകാരണമാണിത്. ആപത്ത്ഘട്ടത്തില്‍ ഉപയോഗിക്കാനായി ഇതിന്റെ രഹസ്യ അറയില്‍ പിസ്റ്റലുകളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

സൈന്യത്തിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ കമാന്‍ഡോകള്‍ക്ക് നല്‍കുന്ന പരിശീലനത്തിന് സമാനമായ പരിശീലനം തന്നെയാണ് എസ്.പി.ജി ഉദ്യാഗസ്ഥര്‍ക്കും ലഭിച്ചിരിക്കുന്നത്. ഇതില്‍ ഒരു വിഭാഗമാണിപ്പോള്‍ പുതിയ ദൗത്യത്തിന് തയ്യാറെടുക്കുന്നത്.

Staff Reporter

Top