സ്വകാര്യത പ്രമുഖ നടിക്കു മാത്രമല്ല . . നടനും പ്രതിയാകുന്നത് വരെ അവകാശപ്പെട്ടതല്ലെ ?

സ്വകാര്യത പ്രമുഖ നടിക്ക് മാത്രമുള്ളതാണോ പ്രമുഖ നടനുമുണ്ട് കുടുംബവും ജീവിതവും സ്വകാര്യതയുമൊക്കെ’ എന്ന യുവസംവിധായകന്‍ ഒമര്‍ ലുലുവിന്റെ വാക്കുകള്‍ പ്രസക്തമാണ്.

ഇവിടെ പ്രമുഖ നടി ആരാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണെങ്കിലും ഒരു മാധ്യമം എന്ന നിലക്ക് ഇരയുടെ പേര് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ അത് വെളിപ്പെടുത്തുന്നില്ല.

എന്നാല്‍ പ്രമുഖ നടന്‍ ദിലീപാണെന്ന് വ്യക്തമാക്കി ചാനല്‍ ചര്‍ച്ചകളില്‍ ദിലീപ് ‘ വധം’ നടപ്പാക്കുന്നവരും എരിതീയില്‍ എണ്ണ ഒഴിക്കാന്‍ അന്തി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ‘മാന്യന്‍’മാരും ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

ഒരു നിരപരാധിയെയാണ് നിങ്ങള്‍ ഇങ്ങനെ വലിച്ച് കീറി പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് നാളെ വ്യക്തമായാല്‍ അതിന് മറുപടി പറയാന്‍ . . പശ്ചാതപിക്കാന്‍ . . വീണ്ടുമൊരു ചാനല്‍ ചര്‍ച്ച നടത്തിയത് കൊണ്ട് മാത്രം കാര്യമുണ്ടാകണമെന്നില്ല.

റേറ്റിങ്ങിനായി ചാനലുകള്‍ക്ക് എന്നും പുതിയ ‘വിഭവങ്ങള്‍’ ആവശ്യമാണ്. അതിന് ചട്ടകമായി അന്തി ചര്‍ച്ചകള്‍ക്കെത്തുന്ന ‘മാന്യന്‍’ മാര്‍ക്കും അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും നാളെ ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ വന്നാലും ഇങ്ങനെ തന്നെ കീറി മുറിക്കപ്പെടുമെന്ന ഓര്‍മ്മ വേണം. കച്ചവടകണ്ണുകള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളേക്കാളേറെ ഗോസിപ്പുകളോടാണ് പുതിയ കാലത്ത് താല്‍പര്യമെന്ന് തിരിച്ചറിയുന്നത് നല്ലതാണ്.

ദിലീപിനെ പൊലീസ് കുറ്റവാളിയാക്കിയതിനു ശേഷമായിരുന്നു മാധ്യമ വിചാരണയെങ്കില്‍ അത് ന്യായീകരിക്കപ്പെടുമായിരുന്നു.

എന്നാല്‍ പൊലീസ് നടന്റെ മൊഴി രേഖപ്പെടുത്തുന്നതിന് മുന്‍പും നടത്തിക്കൊണ്ടിരുന്നപ്പോഴും കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ നടനെ ഇപ്പോഴേ ‘ജയിലിലടച്ച് ‘ കഴിഞ്ഞു. ഇത് എവിടുത്തെ നീതിയാണ് ? പൊലീസ് കേസെടുത്താല്‍ പോലും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുംവരെ ദിലീപ് കുറ്റാരോപിതന്‍ മാത്രമായിരിക്കും. ഇവിടെ ഒരു പൗരന് ലഭിക്കേണ്ട മനുഷ്യാവകാശങ്ങളാണ് പരസ്യമായി നിഷേധിക്കപ്പെടുന്നത്.

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ജയിലിലടക്കപ്പെടണം. അക്കാര്യത്തില്‍ ഞങ്ങള്‍ക്കും മറിച്ചൊരു അഭിപ്രായമില്ല.

എന്നാല്‍ നടിയോട് അഭിപ്രായ ഭിന്നതയുണ്ട് എന്ന ഒറ്റ കാരണത്താല്‍ നടനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അത് എന്തിന്റെ അടിസ്ഥാനത്തിലായാലും ന്യായീകരിക്കപ്പെടുന്നതുമല്ല.

താന്‍ നായികയായി കൊണ്ടുവന്ന നടിയെ ജീവിത അവസാനം വരെ നായികയാക്കിക്കൊള്ളാമെന്ന് ദിലീപെന്നല്ല ഒരു നടനും വാഗ്ദാനം നല്‍കാന്‍ പറ്റില്ലല്ലോ ?

മാത്രമല്ല അഭിപ്രായ ഭിന്നത ആരുമായി ഉണ്ടായാലും അത് ഏത് മേഖലയിലായാലും പരിഹരിക്കപ്പെടും വരെ യോജിച്ച് പോയ ചരിത്രവുമില്ല.

രണ്ടു സുഹൃത്തുക്കള്‍ വഴിപിരിഞ്ഞ് കഴിഞ്ഞാല്‍ പിന്നീട് ഒരു സുഹൃത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ മറ്റേ സുഹൃത്തു തന്നെയായിരിക്കും പ്രതിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ യുക്തി എന്താണ് ?

നിരന്തരമായ വാര്‍ത്തകളിലൂടെ കേരളത്തിലെ പൊതു സമൂഹത്തിന്റെ യുക്തിബോധത്തിനും അപ്പുറം തങ്ങളുടെ നിഗമനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മാധ്യമ ശക്തികള്‍ക്ക് ഒരു പരിധി വരെ സാധിക്കുന്നുണ്ട് എന്നതുകൊണ്ട് മാത്രം ആരെവേണമെങ്കിലും പ്രതിയാക്കാന്‍ കഴിയുമെന്ന സാഹചര്യം അപകടകരമാണ്.

പൊതു സമൂഹം മാധ്യമങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെയാണ് ഇപ്പോള്‍ ഒരു വിഭാഗം ‘ചൂഷണം’ ചെയ്യാന്‍ ശ്രമിക്കുന്നത്. ‘ഇര’യായി താരത്തെ കിട്ടിയാല്‍ ലഭിക്കുന്ന വാര്‍ത്താപ്രാധാന്യമോര്‍ത്ത് ചില കാക്കിധാരികളും ഈ നിഗമനങ്ങള്‍ക്ക് വഴി മരുന്നിടുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘ തലവന്‍ ദിനേന്ദ്ര കാശ്യപ് ഉള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്തി, മേല്‍നോട്ട ചുമതല മാത്രമുള്ള എഡിജിപി രംഗപ്രവേശനം
ചെയ്തതിന്റെ പൊരുള്‍ എന്താണെന്നതും വ്യക്തമാക്കപ്പെടണം.

യാഥാര്‍ത്ഥ്യം തുറന്നു പറയുമ്പോള്‍ സ്ത്രീവിരുദ്ധരായും ഏതെങ്കിലും പക്ഷത്തിന്റെയാളുകളായും ചിത്രീകരിക്കപ്പെടുമെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ വരുമെന്ന് പേടിച്ച് പറയാനുള്ളത് പറയാതിരിക്കാന്‍ കഴിയുകയില്ല.

ദിലീപിനെയും നാദിര്‍ഷയേയും വിളിച്ചുവരുത്തി 13 മണിക്കൂറോളം ചോദ്യം ചെയ്ത പൊലീസ് മോഹന്‍ലാലിന്റെ അടുപ്പക്കാരനായ ആന്റണി പെരുമ്പാവൂരിനെയും, നടന്‍ പൃഥ്വിരാജിനെയും, പൂര്‍ണ്ണിമയെയും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്താത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണം.

ഇവരുടെ പേരുകള്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത് ?

ദിലീപിനെ നിങ്ങള്‍ക്ക് പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യാമെങ്കില്‍ ഇവരെയും വിചാരണ ചെയ്യണം. ഇവരോടും ആകാം ചോദ്യങ്ങള്‍ . .

കാരണം ദിലീപിനെ കുടുക്കാന്‍ രണ്ടര കോടി നല്‍കാമെന്ന് പറഞ്ഞ് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ പേരില്‍ ദിലീപിന്റെ സുഹൃത്ത് കൂടിയായ നാദിര്‍ഷയ്ക്ക് വന്ന റെക്കോര്‍ഡ് ചെയ്യപ്പെട്ട കോളില്‍ ഇതു സംബന്ധമായ വിവരങ്ങളുണ്ട്.

പള്‍സര്‍ സുനി നല്‍കിയ മൊഴി ദിലീപിന്റെ കാര്യത്തില്‍ വിശ്വാസത്തിലെടുക്കാമെങ്കില്‍ ഇതും വിശ്വാസത്തിലെടുക്കേണ്ടതല്ലേ ?

ദിലീപിന് മാത്രമല്ല, ഇക്കാര്യത്തില്‍ ഇവര്‍ക്കും പ്രത്യേക നിയമമൊന്നും രാജ്യത്ത് ഇല്ലല്ലോ ?

പ്രതികളുടെ മൊഴിയേക്കാള്‍ ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിലും കോടതിയില്‍ നിര്‍ണ്ണായകമാവുക.

പൊലീസ് ചോദ്യം ചെയ്യലില്‍ പറയാത്ത കാര്യങ്ങള്‍ പ്രതികള്‍ ഇപ്പോള്‍ പറയുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യം വ്യക്തമാണ്.

അതിന്റെ തിരക്കഥക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തെ സംബന്ധിച്ചും വിശ്വാസ്യതയുടെ കാര്യം കൂടിയാണ്.

നുണ പരിശോധനക്ക് തയ്യാറാവാമെന്നും സിബിഐ അടക്കം ഏത് അന്വേഷണവും നേരിടാമെന്നും ദിലീപ് പറഞ്ഞു കഴിഞ്ഞു. ഇതിനപ്പുറം ആരോപണ വിധേയനായി ചിത്രീകരിക്കപ്പെട്ട ഒരു വ്യക്തിക്ക് ഇനി എന്ത് ചെയ്യാനാണ് പറ്റുക.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച മഞ്ജു വാര്യര്‍ക്കും ബാധ്യതയുണ്ട് ഈ ഗൂഢാലോചന ‘തിയറി’ എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കാന്‍.

തന്റെ മകളെ കൂടി വേര്‍പിരിക്കാനാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെന്ന ദിലീപിന്റെ ആരോപണം ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്.

ദിലീപിനെ കുരുക്കാനുള്ള ബ്ലാക്ക് മെയിലിങ്ങില്‍ പങ്കുണ്ടെങ്കിലും ഇല്ലങ്കിലും ‘ചിലര്‍’ ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

ആക്രമിക്കപ്പെട്ട നടിയുമായി ദിലീപ് നല്ല ബന്ധത്തിലല്ല എന്നത് പോലെ തന്നെ നാദിര്‍ഷാക്ക് വന്ന കോളില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ ദിലീപുമായും നല്ല ബന്ധത്തിലല്ല എന്നതും ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

ഇനി ഇവരാരുമല്ല, ഗൂഢാലോചനക്കാര്‍ ‘ഗാലറിയിലിരുന്ന് ‘ കളി ‘ സംവിധാനം’ ചെയ്യുന്ന മറ്റാരെങ്കിലുമാണെങ്കില്‍ അതും പൊലീസ് കണ്ടെത്തണം.

അതുവരെ ആരോപണം മുന്‍നിര്‍ത്തിയുള്ള ‘ഈ കീറി മുറിക്കല്‍’ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകുകയാണ് വേണ്ടത്.

Team Express Kerala

Top