തൃശൂരില്‍ സ്‌പെഷ്യല്‍ തപാല്‍ വോട്ടിംഗിന് തുടക്കം

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ സ്‌പെഷ്യല്‍ തപാല്‍ വോട്ടിംഗിന് തുടക്കമായി. 37828 പേര്‍ക്ക് വീടുകളില്‍ ഇരുന്ന് വോട്ട് ചെയ്യാം. കലാമണ്ഡലം ഗോപി ആശാന്റെ വീട്ടില്‍ അധികൃതര്‍ എത്തിയാണ് തുടക്കം കുറിച്ചത്. പ്രത്യേക തപാല്‍ വോട്ടിങ് ഇന്നു മുതല്‍ 5 ദിവസം നടക്കും. 80 വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് ഈ സൗകര്യം. 41095 അപേക്ഷകരില്‍ നിന്നാണ് അര്‍ഹരായവരെ കണ്ടെത്തിയത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പറുമായി വീടുകളിലെത്തി വോട്ട് ചെയ്യിക്കും. അഞ്ചു ദിവസം കൊണ്ട് ഒരു ടീം 100 പേരെ വോട്ട് ചെയ്യിക്കുന്ന വിധം 396 പ്രത്യേക പോളിംഗ് ടീം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. വീടുകളില്‍ രണ്ടാമത് എത്തിയിട്ടും കാണാന്‍ കഴിയാത്തവര്‍ക്ക് സാധാരണ വോട്ടിങ്ങിനും അവകാശമുണ്ടായിരിക്കും. അവശ്യ സര്‍വീസ് വിഭാഗത്തില്‍ അപേക്ഷിച്ച 1857 ജീവനക്കാര്‍ക്കായി 28, 29, 30 തീയതികളില്‍ ഓരോ മണ്ഡലത്തിലും ഒരോ പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കും.

Top