മഴയത്ത് ബൈക്കില്‍ പറക്കുന്നവര്‍ സൂക്ഷിക്കുക, പിടികൂടാന്‍ പൊലീസ് പുറകെയുണ്ട്‌

റോഡുകളില്‍ മഴയത്ത് ബൈക്കില്‍ പറക്കുന്നവരെ പിടികൂടാന്‍ പൊലീസ് രംഗത്ത്. മഴക്കാലത്ത് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ദ്ധിച്ചതോടെയാണ് ബൈക്കില്‍ പറക്കുന്നവരെ പിടികൂടാന്‍ പൊലീസ് തീരുമാനിച്ചത്.

മഴയില്‍ നിന്നു രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ ഇരുചക്രവാഹനക്കാര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് പോലീസ് പരിശോധന കര്‍ശനമാക്കുന്നത്.

മഴ പെയ്യുമ്പോള്‍ ഇരുചക്ര വാഹനയാത്രക്കാര്‍ നിര്‍ബന്ധമായും റെയിന്‍ കോട്ട് ധരിച്ച് വാഹനമോടിക്കണമെന്നും, കോട്ട് ഇല്ലെങ്കില്‍ വാഹനം നിര്‍ത്തി മഴ മാറിയതിന് ശേഷം യാത്ര തുടരണമെന്നുമാണ് പൊലീസിന്റെ നിര്‍ദേശം.

കഴിഞ്ഞ ദിവസം മാത്രം ഇത്തരത്തിലുള്ള അഞ്ച് അപകടങ്ങളാണ് നഗരത്തിലുണ്ടായത്. മഴ കൊള്ളാതിരിക്കാന്‍ ഒരിക്കലും കുട നിവര്‍ത്തി ബൈക്കില്‍ സഞ്ചരിക്കരുതെന്നും പൊലീസ് നിര്‍ദേശമുണ്ട്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതാണ്.

Top