ഡല്‍ഹി: നാളെ ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വകക്ഷിയോഗം ചേരും. യോഗത്തില്‍ പങ്കെടുത്ത് പ്രതിഷേധം അറിയിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ലോക്സഭ സ്പീക്കര്‍ വിളിച്ച യോഗം വൈകീട്ട് നാലരയ്ക്ക് നടക്കും. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അജണ്ട യോഗത്തില്‍ ചര്‍ച്ചയാകും.
പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രവും പ്രാധാന്യവും പ്രത്യേക സമ്മേളനത്തില്‍ ഇരുസഭകളും ചര്‍ച്ച ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമന ബില്‍ അടക്കം നാലു ബില്ലുകളും പ്രത്യേക സമ്മേളനം പരിഗണിക്കും. പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ പാര്‍ലമെന്റില്‍ ലോക്‌സഭ, രാജ്യസഭ ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം നിശ്ചയിച്ചിട്ടുണ്ട്.
നാളെ പഴയ പാര്‍ലമെന്റ് മന്ദിരത്തിലാകും പ്രത്യേക സമ്മേളനം തുടങ്ങുക. ഗണേശ ചതുര്‍ത്ഥി ദിനമായ ചൊവ്വാഴ്ച മുതല്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടക്കും. ഇതിനു മുന്നോടിയായി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് ദേശീയ പതാക സ്ഥാപിക്കും. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്.