പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ ഇന്ത്യ ആക്രമിച്ചേക്കുമെന്ന് പാക്കിസ്ഥാന് ഭയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപരമായ ‘നയതന്ത്ര’ത്തില്‍ വെട്ടിലായി പാക്കിസ്ഥാനും ചൈനയും.

ഏത് നിമിഷവും ഉത്തര കൊറിയയും അമേരിക്കന്‍ സഖ്യകക്ഷികളുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നിരിക്കെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായാല്‍ ഇന്ത്യ അവസരം മുതലെടുക്കുമോയെന്ന ആശങ്കയിലാണ് ഈ രാജ്യങ്ങള്‍.

പാക്കിസ്ഥാനിലൂടെ ചൈന വെട്ടിതെളിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതി തകര്‍ക്കുന്നതിനായാണ് ബലൂചിസ്ഥാനില്‍ ഇന്ത്യ നിരന്തരം ഇടപെടല്‍ നടത്തി കുഴപ്പം സൃഷ്ടിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. സാമ്പത്തിക ഇടനാഴി പാക്കിസ്ഥാനിലൂടെ എത്തി ചേരുന്നത് ബലൂചിസ്ഥാന്‍ തുറമുഖത്താണ്.

സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ബലൂചിസ്ഥാന്‍ നിവാസികള്‍ നടത്തി വരുന്ന പ്രക്ഷോഭത്തിനും പ്രക്ഷോഭകാരികള്‍ക്കും ഇന്ത്യ വഴിവിട്ട് സഹായം ചെയ്യുകയാണെന്നാണ് പാക്കിസ്ഥാന്‍ ആരോപിച്ച് വരുന്നത്.

കശ്മീരിലെ സംഘര്‍ഷത്തിന് ബലൂചിസ്ഥാനിലൂടെ ഇന്ത്യ തിരിച്ചടിക്കുന്നതിനുള്ള മറുപടിയായാണ് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിനെ വധശിക്ഷക്ക് വിധിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. വധശിക്ഷ നടപ്പാക്കിയാല്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വധശിക്ഷക്കെതിരെ അപ്പീല്‍ നല്‍കിയ ഇന്ത്യ, വിഷയത്തില്‍ സാധ്യമായ എല്ലാ വഴികളും തേടുകയാണ്.

ഇതിനിടെ വ്യാഴാഴ്ച സൈനിക ക്യാംപിനു നേരെ വീണ്ടും ഭീകരാക്രമണമുണ്ടായിരിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ കാരണമായിട്ടുണ്ട്.

ഉത്തര കൊറിയ-അമേരിക്ക യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ ഉടന്‍ ഇന്ത്യ പാക് അധീന കാശ്മീരിലെ ഭീകര ക്യാംപുകള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് പാക്കിസ്ഥാന്‍ കണക്ക് കൂട്ടുന്നത്. ഇത് ആത്യന്തികമായി സാമ്പത്തിക ഇടനാഴി തകര്‍ക്കുന്നതിലേക്ക് എത്തുമെന്ന ഭയം ചൈനക്കുമുണ്ട്.

ഉത്തര കൊറിയയുടെ ഏക സഖ്യകക്ഷിയാണ് ചൈന എന്നതിനാലും തങ്ങളുടെ നിലനില്‍പ്പിനെ കൂടി ബാധിക്കുന്ന സംഘര്‍ഷമായതിനാലും ഉത്തര കൊറിയന്‍ വിഷയത്തിനാണ് ചൈന പ്രാമുഖ്യം കൊടുക്കുന്നത്. കടുത്ത ശത്രുരാജ്യമായ ജപ്പാന്‍ ഉയര്‍ത്തുവാന്‍ സാധ്യതയുള്ള വെല്ലുവിളികളും ചൈനക്ക് കാണാതിരിക്കാനാവില്ല.

ഇപ്പോള്‍ തന്നെ ദക്ഷിണ കൊറിയയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക ഏര്‍പ്പെടുത്തുന്നതില്‍ ശക്തമായ എതിര്‍പ്പുമായി ചൈന രംഗത്തു വന്നു കഴിഞ്ഞു.

ഉത്തര കൊറിയ-അമേരിക്ക യുദ്ധത്തില്‍ അമേരിക്കക്കൊപ്പം ജപ്പാന്‍ അടക്കമുള്ള സഖ്യകക്ഷികള്‍ അണിനിരക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

യുദ്ധസാധ്യത ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്ന ചൈന, യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ ഉത്തര കൊറിയക്കൊപ്പം നില്‍ക്കേണ്ടി വന്നാല്‍ അത് തങ്ങള്‍ക്കെതിരായ യുദ്ധമായി മാറുമോയെന്ന് ആശങ്കയിലുമാണ്.

റഷ്യയുടെ സഹായം ചൈന പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിന്റെ അടുപ്പം ഈ സാധ്യതക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്നതാണ്. ഇവിടെയാണ് കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകുന്നതും പാക്കിസ്ഥാന്‍ ഭയപ്പെടുന്നതും. ഉത്തര കൊറിയന്‍ സംഘര്‍ഷത്തിലേക്ക് ചൈന ശ്രദ്ധ കേ്ന്ദ്രീകരിച്ചാല്‍ പാക്കിസ്ഥാന് ലഭിക്കുന്ന സഹായമാണ് ‘തൃശങ്കുവിലാകുക’.

പ്രസ്താവനാ യുദ്ധം എന്നതിലപ്പുറം റഷ്യയില്‍ നിന്നും കൂടുതലായി ചൈനക്കോ ഉത്തര കൊറിയക്കോ പിന്തുണ കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

ലോകം അനുദിനം യുദ്ധഭീഷണിയുടെ നിഴലിലായിരിക്കെ ഇന്ത്യന്‍ സേനയും സര്‍വ്വ സന്നാഹത്തോടെ തന്നെയാണ് ഇപ്പോള്‍ തയ്യാറെടുത്ത് നില്‍ക്കുന്നത്.

പാക്-ചൈന അതിര്‍ത്തികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇതിനകം തന്നെ ഇന്ത്യന്‍ സേനക്ക് ലഭിച്ചു കഴിഞ്ഞതായും സൂചനയുണ്ട്.

ഉത്തര കൊറിയ-അമേരിക്ക വെടി പൊട്ടുമ്പോള്‍ പാക് അധീന കശ്മീരില്‍ മറ്റൊരു ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ഇന്ത്യ നടത്തുമോയെന്നാണ് നയതന്ത്ര വിദഗ്തരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Top