‘പാലു കൊടുത്ത് കടി ഇരന്നു വാങ്ങും ചൈന, മുന്നറിയിപ്പുമായി ആണവ ശാസ്ത്രജ്ഞർ !

വാഷിങ്ടണ്‍: ഉത്തര കൊറിയയെ പാലൂട്ടി വളര്‍ത്തുന്ന ചൈനയുടെ കൈക്ക് തന്നെ അവര്‍ ഒടുവില്‍ കൊത്തുമെന്ന് അമേരിക്കന്‍ ആണവ വിദഗ്ദര്‍.

ചൈനയുമായി നിലവില്‍ അതിര്‍ത്തി തര്‍ക്കമുണ്ടെങ്കിലും ഇപ്പോള്‍ അത് ഉയര്‍ത്തി കൊണ്ടു വരാത്തത് ഉത്തര കൊറിയയുടെ തന്ത്രപരമായ നീക്കമായി വേണം കരുതാന്‍.

ഇപ്പോള്‍ അമേരിക്കക്ക് തുല്യമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്ന ഉത്തര കൊറിയ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നത് എന്താണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

അവര്‍ അധികം താമസിയാതെ തന്നെ ചൈനയെയും വെല്ലുവിളിക്കുമെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കി.

പസിഫിക് സമുദ്രത്തിലെ യു.എസ് ദ്വീപായ ഗുവാം ലക്ഷ്യമിട്ട് ഉത്തര കൊറിയ മിസൈല്‍ ആക്രമണത്തിന് തുനിഞ്ഞാല്‍ അവ ആകാശത്ത് വച്ച് തന്നെ തകര്‍ക്കാനുള്ള ശേഷി അമേരിക്കന്‍ സൈനിക താവളം സ്ഥിതി ചെയ്യുന്ന ഗുവാമിനുണ്ട്.

എന്നാല്‍ ഇത്തരമൊരു ആക്രമണം ചൈനക്ക് നേരെ ഉത്തര കൊറിയ നടത്തിയാല്‍ അത് തടുക്കാനുള്ള ശേഷി ചൈനക്കുണ്ടോ എന്ന് ആ രാജ്യം ആത്മപരിശോധന നടത്തുന്നത് നല്ലതാണെന്നും മുന്നറിയിപ്പ് നല്‍കി.

ഒരു ഭ്രാന്തന്‍ ഭരണാധികാരിയുടെ നാവിന്‍തുമ്പില്‍ ജീവിതം മുള്‍മുനയിലായ അവസ്ഥയിലാണ് ഇപ്പോള്‍ ഉത്തര കൊറിയയിലെ ജനങ്ങള്‍.

കിം ജോങ് ഉന്‍ സാഹസം പ്രവര്‍ത്തിച്ചാല്‍ ഉത്തര കൊറിയ എന്ന രാജ്യം തന്നെ ഭൂപടത്തിലില്ലാത്ത തരത്തിലുള്ള ആക്രമണം അവര്‍ക്ക് നേരിടേണ്ടി വന്നേക്കുമെന്ന് ആണവ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.

ദക്ഷിണ കൊറിയയിലും ജപ്പാനിലും ചില നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ഉത്തര കൊറിയക്ക് കഴിഞ്ഞാലും ആത്യന്തികമായി ആ രാജ്യം ശവപറമ്പാകും.

മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ദക്ഷിണ കൊറിയയും ജപ്പാനും തയ്യാറാകണമെന്ന നിര്‍ദ്ദേശവും അമേരിക്കന്‍ ശാസ്ത്രജഞര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

ഉത്തര കൊറിയയില്‍ നിന്നും തൊടുത്ത് വിടുന്ന മിസൈല്‍ എവിടം വരെ എത്തും, എത്ര പ്രഹര ശേഷിയുള്ള ആണവ ആയുധമാണ് കൈവശമുള്ളത് എന്ന് ലോകത്തെ അറിയിക്കുന്ന കിം ജോങ് ഉന്‍, അമേരിക്കയുടെ കൈവശമുള്ളത് എന്തൊക്കെയാണെന്ന് ചിന്തിക്കുന്നില്ലേ എന്നും ശാസ്ത്രജ്ഞര്‍ ചോദിക്കുന്നു.

രാജ്യാന്തര എതിര്‍പ്പുകളും സമ്മര്‍ദങ്ങളും വിലവയ്ക്കുന്നില്ലെന്നും ആണവായുധ പദ്ധതി പൂര്‍ത്തിയാക്കുമെന്നുമാണ് ഇപ്പോള്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വ്യക്തമാക്കിയിരിക്കുന്നത്.

സൈനിക, ആയുധശേഷിയില്‍ യുഎസിന് തുല്യമാകും വരെ പരീക്ഷണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ലക്ഷ്യത്തിലേക്ക് ‘മുഴുവന്‍ വേഗത്തിലും നേരായ മാര്‍ഗത്തിലും’ രാജ്യം സഞ്ചരിക്കുകയാണെന്നും കിം പറഞ്ഞു. ഉത്തര കൊറിയ പുറത്തുവിട്ട പുതിയ വാര്‍ത്താക്കുറിപ്പിലാണ് ലോകത്തെ ഞെട്ടിക്കുന്ന മുന്നറിയിപ്പുള്ളത്. മൂന്നാഴ്ചയ്ക്കിടെ ജപ്പാന് മുകളിലൂടെ രണ്ടാമതും മിസൈല്‍ പരീക്ഷണം നടത്തിയ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Top