എൻആർഐ സീറ്റ്;സർക്കാറിന് ബിഗ് സല്യൂട്ട്, പ്രതിപക്ഷത്തെ പൊളിച്ചടക്കി സി.പി.ഐ (എം)

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ പേടിയില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ . .

തങ്ങളുടെ സാമ്പത്തിക ‘അടിത്തറ’യായ എന്‍.ആര്‍.ഐ സീറ്റുകളില്‍ തന്നെ ‘കൈ വച്ച’ സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജുമെന്റുകളെ മാത്രമല്ല സ്വകാര്യ മാനേജുമെന്റുകളെയും ഞെട്ടിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇനി തങ്ങളുടെ മറ്റ് കോളജുകളിലെ ‘തലവരി’ ഇടപാടുകളിലും സര്‍ക്കാര്‍ കൈവയ്ക്കുമോയെന്ന പേടിയിലാണവര്‍.

കേരള ചരിത്രത്തിലാദ്യമായാണ് മാനേജ്‌മെന്റുകളുടെ ധിക്കാരത്തിന് ഇത്രയും കനത്ത ഒരു പ്രഹരം ലഭിക്കുന്നത്.

എന്‍.ആര്‍.ഐ സീറ്റില്‍ ഒറ്റയടിക്ക് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ലഭിക്കേണ്ട 25ലക്ഷം രൂപയോളമാണ് ഒറ്റയടിക്ക് അഞ്ച് ലക്ഷമായി മാറിയത്.

(മിക്ക എന്‍.ആര്‍.ഐ സീറ്റുകളിലും ഇതിലും ഭീമമായ തുകക്കാണ് സീറ്റുകള്‍ വില്‍ക്കുന്നത് )

ചുരുങ്ങിയത് 1130 കോടി രൂപയെങ്കിലും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് എന്‍.ആര്‍.ഐ, മാനേജ്‌മെന്റ് സീറ്റുകള്‍ മെറിറ്റ് സീറ്റായതോടെ നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സുപ്രീം കോടതി വിധിയുടെ മറവില്‍ വന്‍ തുക ഫീസ് വര്‍ദ്ധിപ്പിച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കണ്ണീര് കുടിപ്പിച്ച മാനേജുമെന്റുകളെ ഇപ്പോള്‍ പുതിയ നീക്കത്തിലൂടെ തിരിച്ച് ‘കണ്ണീര് കുടിപ്പിക്കുന്ന’ പിണറായി സര്‍ക്കാറിന്റെ കരുത്തുറ്റ തീരുമാനത്തിന് വലിയ സല്യൂട്ട് തന്നെയാണ് രാഷ്ട്രീയ- കക്ഷിഭേദമന്യേ സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും നല്‍കുന്നത്.

കഴിഞ്ഞകാല സര്‍ക്കാറുകളെ വിറപ്പിച്ചും സമ്മര്‍ദ്ദത്തിലാക്കിയും വിലസിയ സ്വകാര്യ – സ്വാശ്രയ മാനേജുമെന്റുകള്‍ പിണറായി മുഖ്യമന്ത്രി ആയത് കൊണ്ടാണ് പെട്ട് പോയതെന്ന് പ്രതിപക്ഷ അനുകുല സംഘടനാ പ്രവര്‍ത്തകര്‍ പോലും രഹസ്യമായി സമ്മതിക്കുന്നുണ്ട്.

സി.പി.എം ആകട്ടെ സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിലപാടിനെ തെറ്റിധരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ ബോധപൂര്‍വ്വ നീക്കത്തെ തുറന്ന് കാട്ടി പ്രചരണവും ശക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.വി.ജയരാജന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.

എം.വി ജയരാജന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:-

സ്വാശ്രയ പ്രവേശനം :
തെറ്റിദ്ധാരണ പരത്തിയവർ
മാപ്പുപറയുമോ..?
========================
കേരളചരിത്രത്തിലാദ്യമായി സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലും (മെറിറ്റ്, മാനേജുമെന്‍റ്, എന്‍.ആര്‍.ഐ ക്വാട്ടകളില്‍) സര്‍ക്കാര്‍ പ്രവേശനം നടത്തിയത് ഈ വര്‍ഷമാണ്. മാനേജുമെന്‍റ്, എന്‍.ആര്‍.ഐ ക്വാട്ടകളില്‍ അതത് മാനേജുമെന്‍റുകള്‍ പ്രവേശനം നല്‍കുന്ന രീതിക്കാണ് ഇതോടെ മാറ്റമായത്. ഇത് പ്രവേശനത്തിലെ മെറിറ്റും, സുതാര്യതയും ഉറപ്പാക്കുകയും തലവരിപ്പണം പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്തു . മാത്രമല്ല, എന്‍.ആര്‍.ഐ ക്വാട്ടയില്‍ ആകെയുള്ള 237 സീറ്റുകളില്‍ 117 എണ്ണം ഇത്തവണ മെറിറ്റ് ക്വാട്ടയിലാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കടുത്തതീരുമാനം കൊണ്ട് സാധിച്ചു. മാനേജുമെന്‍റ്, എന്‍.ആര്‍.ഐ ക്വാട്ടകളില്‍ ഒഴിവുവന്നാല്‍ അത് മെറിറ്റ് ക്വാട്ടയാക്കി മാറ്റുമെന്ന് മുന്‍കൂട്ടിത്തന്നെ സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയിരുന്നു. എന്നാല്‍, എന്‍.ആര്‍.ഐ ക്വാട്ട, മെറിറ്റ് ക്വാട്ടയാക്കി മാറ്റുന്നതിനെതിരെ മാനേജുമെന്‍റുകള്‍ നിലപാട് സ്വീകരിച്ചപ്പോള്‍, അത് തിരുത്തിക്കാനും എൽ.ഡി.എഫ് സർക്കാരിന് സാധിച്ചു.

ഇവിടെ ഒരുകാര്യം ഏവരും പരിശോധിക്കണം – കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍കാലത്ത് എങ്ങനെയായിരുന്നു പ്രവേശനം..? അലോട്ട്മെന്‍റ് പൂര്‍ത്തീകരിക്കേണ്ട അവസാനതീയ്യതിക്ക് ഒരാഴ്ചമുമ്പെ എങ്കിലും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ് ക്വാട്ടയിലെ അലോട്ട്മെന്‍റ് അവസാനിപ്പിക്കുന്നതായിരുന്നില്ലെ അന്ന് കണ്ടത്. മെറിറ്റ് ക്വാട്ടയില്‍ സീറ്റുകള്‍ ബാക്കിയാവുകയും (ബോധപൂര്‍വ്വമോ..?) അത്രയും സീറ്റുകളില്‍ മാനേജുമെന്‍റുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ക്വാട്ടയാക്കിമാറ്റി പ്രവേശനം നടത്താന്‍ കരാര്‍ വ്യവസ്ഥപ്രകാരം അനുമതിനല്‍കുകയും ചെയ്തതിന് കേരളം സാക്ഷിയാണ്. ഫലത്തില്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് മെറിറ്റ് ക്വാട്ട വ്യാപകമായി അട്ടിമറിക്കാന്‍ സര്‍ക്കാര്‍തന്നെ കൂട്ടുനിന്നതാണ് നമ്മള്‍ കണ്ടതെങ്കില്‍, പിണറായി സര്‍ക്കാര്‍ കാലത്ത് മെറിറ്റ് ക്വാട്ടയില്‍ പൂര്‍ണ്ണമായും പ്രവേശനം നടത്തുകയും, ഒഴിവുവന്ന എന്‍.ആര്‍.ഐ ക്വാട്ടകളിലെ സീറ്റുകൾ പോലും മെറിറ്റ് ക്വാട്ടയാക്കി മാറ്റി പ്രവേശനം നടത്തുകയുമാണ് ചെയ്തത്. ഇരുസര്‍ക്കാരും ഒരേപോലെയാണോ എന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെ.

മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ഉള്‍പ്പടെ തെറ്റിദ്ധാരണ പരത്തുകയും രക്ഷിതാക്കളില്‍ ആശങ്ക സൃഷ്ടിക്കുകയും ചെയ്തു എന്നത് കാണാതിരിക്കാൻ കഴിയില്ല. സ്വാശ്രയ കോളേജുകളിലെ മാനേജുമെന്റ്, എൻ.ആർ.ഐ ക്വാട്ടയിലേക്കുള്ള പ്രവേശനമാണെന്നത് മറന്ന്, സര്‍ക്കാര്‍ കോളേജിലെ മെറിറ്റ് ക്വാട്ടയില്‍ എന്തോ ചെയ്തു എന്ന പ്രതീതിയുളവാക്കുന്ന രീതിയിലാണ് പ്രചരണം അഴിച്ചുവിട്ടത്. ഫീസ് സംബന്ധിച്ചും സർക്കാർ എന്തോ ചെയ്തു എന്നനിലയിലാണ് ഇക്കൂട്ടർ പ്രചരിപ്പിച്ചത്. സുപ്രിം കോടതിയാണ് ബാങ്ക് ഗ്യാരണ്ടി ഏർപ്പെടുത്തിയത്. ഫീസ് നിശ്ചയിച്ചത് അഡ്മിഷൻ സൂപ്പർ വൈസറി കമ്മിറ്റിയുമാണെന്നെങ്കിലും ഓർക്കണമായിരുന്നു. ഇവിടേയും, മാനേജുമെന്റുമായുള്ള ചർച്ചയിൽ പരമാവധി ഫീസ് കുറച്ച് പഠിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്. ഇത് അംഗീകരിക്കാതെയാണ് ഒരുകോടതിയുത്തരവ് നിലനിൽക്കെ മാനേജുമെന്റുകൾ വീണ്ടും കോടതിയിൽ പോയി വിധി അനുകൂലവിധി സമ്പാദിച്ചത്. വസ്തുത ഇതായിരിക്കെ, രക്ഷിതാക്കളുടെ ആശങ്ക മുതലെടുത്ത് വാര്‍ത്തകൾ സൃഷ്ടിക്കുകയും, സ്വാശ്രയ പ്രവേശനം പ്രതിസന്ധിയിലാണെന്ന് വരുത്താനും ശ്രമം നടന്നു. എന്‍.ആര്‍.ഐ ക്വാട്ടയില്‍ ഏതെങ്കിലും തരത്തിലുള്ള റിസര്‍വേഷന്‍ ഇല്ലെന്നുള്ളത് സാമാന്യയുക്തിയാണ്. എന്നിട്ടും റിസര്‍വേഷന്‍ കാറ്റഗറിയായിട്ടും എന്‍.ആര്‍.ഐ ക്വാട്ടയില്‍ പരിഗണിച്ചില്ലെന്നുവരെ വാര്‍ത്തവരികയുണ്ടായി. ഫലത്തില്‍ മെഡിക്കല്‍ അലോട്ട്മെന്‍റിലെ അല്പജ്ഞാനമോ അല്ലെങ്കില്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയോ ആണ് ഇത്തരക്കാർ ചെയ്തതെന്ന് പറയേണ്ടിവരും.

തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾക്ക് അതാതുഘട്ടത്തിൽ പ്രതികരിക്കാതെ, അവസാന തിയ്യതിക്കകം അഡ്മിഷൻ പൂർത്തിയാക്കാൻ 50 മണിക്കൂർ നേരം ജോലിയിൽ മുഴുകുകയും പ്രവൃത്തികൊണ്ട് മറുപടി നൽകുകയുമാണ് ചെയ്തത്. മെറിറ്റും യോഗ്യതയുമുള്ള ആർക്കും പ്രവേശനം ലഭിക്കാതിരുന്നിട്ടില്ല. എൻ.ആർ.ഐ സീറ്റിലേക്ക് ഓപ്‌ഷൻ നൽകിയ മുഴുവൻ വിദ്യാർത്‌ഥികളും ഹാജരായി സ്പോട്ട് അഡ്മിഷനിൽ പങ്കെടുത്തു. നീറ്റിൽ 45709 റാങ്ക് നേടിയ വിദ്യാർത്‌ഥിക്കാണ് ഈ വിഭാഗത്തിൽ അവസാനം പ്രവേശനം ലഭിച്ചത്. ജനറൽ മെറിറ്റിൽ ഇത് 11551 ആണ്. എസ് .സി വിഭാഗത്തിൽ 12617 ഉം എസ്.ടി വിഭാഗത്തിൽ 25594 ഉം ആണ് പ്രവേശനം നേടിയ നീറ്റിലെ അവസാനറാങ്കുകാർ. മാനേജുമെന്റ്, എൻ.ആർ.ഐ ക്വാട്ടയില്‍വരെ പൂര്‍ണ്ണമായും മെറിറ്റ് പാലിച്ചുകൊണ്ട് സർക്കാർ പ്രവേശനം നടത്തിയത് അംഗീകരിച്ചില്ലെങ്കിലും തെറ്റിദ്ധാരണപരത്താതിരിക്കാനെങ്കിലും ശ്രമിക്കാമായിരുന്നു.
– എം.വി ജയരാജന്‍

Top