special-no oppositions game in government-cpi may out from left parties

തിരുവനന്തപുരം: സിപിഐയുമായി വഴി പിരിയുന്ന കാര്യം സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും ഗൗരവമായി ആലോചിക്കുന്നതായി സൂചന.

സര്‍ക്കാറിലെയും ഇടതുമുന്നണിയിലെയും പ്രതിപക്ഷമായി ഇനി സിപിഐ പ്രവര്‍ത്തിക്കേണ്ടതില്ലന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി. സിപിഎം സംസ്ഥാന നേതൃത്വത്തില്‍ ഭൂരിപക്ഷത്തിന്റെയും വികാരം ഇതുതന്നെയാണ്.

സമവായക്കാരനായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിരലിലെണ്ണാവുന്ന ഏതാനും നേതാക്കള്‍ക്കും മാത്രമാണ് കടുത്ത നടപടിയിലേക്ക് തല്‍ക്കാലം ഇപ്പോള്‍ പോകേണ്ടതില്ലന്ന അഭിപ്രായമുള്ളത്.

കാനം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ നടത്തിയ വിമര്‍ശനത്തിന് കോടിയേരി നല്‍കിയ മറുപടിയില്‍പോലും മൃദു സമീപനം സ്വീകരിച്ചത് പാര്‍ട്ടി അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ശക്തമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നടപടിയെ പിന്തുണച്ച് സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി തന്നെ പരസ്യമായി രംഗത്തുവന്നതും ഒരു വിഭാഗം സിപിഎം നേതാക്കളെ കൂടുതല്‍ പ്രകോപിതരാക്കിയിട്ടുണ്ട്.

സിപിഐ നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്ത് വന്നത് പുതിയ രാഷ്ട്രീയസമവാക്യങ്ങളെകുറിച്ച് സൂചന നല്‍കുന്നതായിരുന്നു.

സിപിഐ ഇടതു മുന്നണി വിട്ടു വന്നാല്‍ യുഡിഎഫില്‍ ‘ബര്‍ത്ത് ‘ കൊടുക്കുമെന്നാണ് യു ഡി എഫ് നേതൃത്വം പറയുന്നത്. സിപിഎം ആകട്ടെ അത്തരമൊരു സാഹചര്യം അനിവാര്യമായാല്‍ കേരള കോണ്‍ഗ്രസ്സ് ,മുസ്ലീം ലഗ് പാര്‍ട്ടികളെ ലക്ഷ്യമിടാനാണ് സാധ്യത.

സിപിഐ പോയാലും മന്ത്രിസഭ താഴെ പോവില്ലന്നും ആവശ്യമെങ്കില്‍ കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗത്തിന്റെ ഉള്‍പ്പെടെ സഹായം എപ്പോള്‍ വേണമെങ്കിലും ലഭിക്കുമെന്നുമുള്ള കണക്ക് കൂട്ടലും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

സിപിഐയെ ഒഴിവാക്കേണ്ട സാഹചര്യമുണ്ടായാല്‍ ആ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി മുസ്ലീം ലീഗിനേയോ, കേരള കോണ്‍ഗ്രസ്സിനേയോ ഇടതു മുന്നണിയിലെടുക്കാനും ഇക്കാര്യം അണികളെ ബോധ്യപ്പെടുത്താനും സിപിഎമ്മിന് കഴിഞ്ഞേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

സിപിഎം നേതൃത്വം കൊടുക്കുന്ന മുന്നണിയില്‍ ഉള്ളത് കൊണ്ടു മാത്രമാണ്. സിപിഐയുടെ കേരളത്തിലെ നിലനില്‍പ്പെന്നാണ് സിപിഎം അവകാശപ്പെടുന്നത്.

ലീഗിനോ, കേരള കോണ്‍ഗ്രസ്സിനോ ഉള്ള തരത്തില്‍ യാതൊരു ശക്തിയും സിപിഐക്ക് സംസ്ഥാനത്ത് ഇല്ലാത്തതിനാല്‍ അവര്‍ യുഡിഎഫ് പാളയത്തിലെത്തിയാല്‍ ആര്‍എസ്പിയുടെ അനുഭവമായിരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

ജനസ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ വീതം വയ്ക്കുകയാണെങ്കില്‍ ഒരിക്കലും ഇപ്പോള്‍ ഉള്ള എംഎല്‍എമാരോ, മന്ത്രിമാരോ സിപി ഐക്ക് ഉണ്ടാവില്ലായിരുന്നുവെന്നും ‘തല മറന്ന് എണ്ണ തേയ്‌ക്കേണ്ടന്നുമാണ് മറ്റൊരു പ്രതികരണം

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തുന്നതാണ് ഇപ്പോഴത്തെ സകല നീക്കങ്ങളുമെന്നാണ് സിപിഎമ്മിലെ പ്രബല വിഭാഗം വിശ്വസിക്കുന്നത്. ആഭ്യന്തര വകുപ്പിനെ ടാര്‍ഗറ്റ് ചെയ്യുന്നതാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നടത്തിയ സമരം കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനെ ‘മുന്‍പ് മുതലാളിമാര്‍ തൊഴിലാളികളോട് ചോദിച്ച രീതിയുമായി ഉപമിച്ചാണ് ‘കാനം രാജേന്ദ്രന്‍ മറുപടി പറഞ്ഞിരുന്നത്.

ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയെ നിയമിച്ചതിനെ മുന്‍പ് സിറാജുനീസ വെടിയേറ്റ് മരിച്ച സംഭവം ഓര്‍മ്മിപ്പിച്ച് അദ്ദേഹം പരസ്യമായി പരിഹസിക്കുകയും ചെയ്തു.

മൂന്നാര്‍ പ്രശ്‌നത്തില്‍ മന്ത്രി എം എം മണിയെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്നാണ് കാനത്തിന്റെ മറ്റൊരു ആവശ്യം. ഇ പി ജയരാജനെയും അദ്ദേഹം വെറുതെ വിട്ടില്ല. ഇ പി ഇടതു പക്ഷത്തിന് സംഭാവന വാങ്ങുകയാണോ കൊടുക്കുകയാണോ ചെയ്തത് എന്ന ചോദ്യത്തിന് താനായിട്ട് മറുപടി പറയുന്നില്ല എന്നായിരുന്നു സംശയത്തിന്റ മുനവച്ചുള്ള ഇക്കാര്യത്തിലെ പ്രതികരണം.

ഇതിനിടെ കാനത്തിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്ത് വന്ന സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പൊലീസ് സ്വീകരിക്കുന്നത് തെറ്റായ നടപടികള്‍ ആണെന്ന് തുറന്നടിച്ചത് സി പി എം കേന്ദ്ര നേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.

കാനത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് ‘പ്രതിപക്ഷത്തല്ലന്ന് ഓര്‍ക്കണമെന്ന് ‘പ്രകാശ് കാരാട്ട് പറഞ്ഞതിന് മറുപടിയായിരുന്നു പ്രതികരണം.

സിപിഐ പ്രതിപക്ഷത്തല്ലന്ന് വ്യക്തമാക്കിയ സുധാകര്‍ റെഡ്ഡി മഹിജക്കെതിരെ നടന്നത് കിരാത നടപടിയാണെന്നാണ് ആരോപിച്ചത്.

ഈ ഒരു സാഹചര്യത്തില്‍ ഇനിയും സിപിഐയുടെ ആക്ഷേപങ്ങള്‍ സഹിച്ച് മുന്നണിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന അഭിപ്രായമാണ് ഇപ്പോള്‍ സിപിഎമ്മില്‍ ശക്തിപ്പെടുന്നത്. ഇടതുപക്ഷം അധികാരത്തില്‍ വന്നത് മുതല്‍ പാര്‍ട്ടിക്കും സര്‍ക്കാറിനും വലിയ തലവേദനയാണ് സിപിഐ എന്നാണ് നേതാക്കളുടെ അഭിപ്രായം

എറണാകുളത്തുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സിപിഎം സംഘടനാ നടപടി സ്വീകരിച്ച് പുറത്താക്കിയവരെ മാലയിട്ട് സിപിഐയിലേക്ക് സ്വീകരിച്ചതും ലോ അക്കാദമി സമരത്തില്‍ പ്രതിപക്ഷത്തോടൊപ്പം സമരം ചെയ്ത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയതും മറ്റ് ഉദാഹരണങ്ങളായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

യൂണിവേഴ്‌സിറ്റി കോളേജില്‍ പുറത്തു നിന്നു വന്ന യുവാവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ഇടപെട്ട് എസ് എഫ് ഐക്കെതിരായ നിലപാട് സ്വീകരിച്ചതും ഇപ്പോള്‍ മഹിജസമരവും പൊതു പ്രവര്‍ത്തകരുടെ അറസ്റ്റുമെല്ലാം അക്കമിട്ട് നിരത്തിയാണ് സിപിഐ എങ്ങനെയാണ് സിപിഎമ്മിനും സര്‍ക്കാറിനും ബാധ്യതയാകുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

സിപിഎം സംസ്ഥാന തല നേതൃയോഗം ഉടന്‍ വിളിച്ചു ചേര്‍ത്ത് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കോടിയേരിക്കുമേലും പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്.

സിപിഎം കേന്ദ്ര നേതൃത്വത്തിനും സംഭവങ്ങളുടെ ഗൗരവം മനസ്സിലായിട്ടുണ്ടെങ്കിലും സംസ്ഥാന ഘടകത്തിന്റെ തീരുമാനമറിഞ്ഞ് വിശദമായി പ്രതികരിക്കാമെന്ന നിലപാടിലാണ്.

Top