സി.പി.എം ജാഥയില്‍ നിന്നും മാറ്റി നിര്‍ത്തിയ നിലമ്പൂര്‍ എം.എല്‍.എ മാലിദ്വീപിലുണ്ടെന്ന്

നിലമ്പൂര്‍ : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന എല്‍.ഡി.എഫ് ജനജാഗ്രതാ യാത്രയിലെ നിലമ്പൂരിലെ സ്വീകരണചടങ്ങില്‍ നിന്നും പാര്‍ട്ടി നേതൃത്വം ഒഴിവാക്കിയെന്ന വിവാദം കത്തി നില്‍ക്കെ താന്‍ മാലിദ്വീപിലാണെന്ന വിശദീകരണവുമായി പി.വി അന്‍വര്‍ എം.എല്‍.എ. രംഗത്ത്.

ജനജാഗ്രതായാത്രയുടെ സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ അന്‍വര്‍ മലപ്പുറം ജില്ലയിലെ മൂന്നു ദിവസത്തെ പര്യടനത്തിലും പങ്കെടുത്തിരുന്നില്ല. ജനജാഗ്രതായാത്രയുടെ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നെന്നാണ് അന്‍വറിന്റെ വിശദീകരണം.

എന്നാല്‍ അന്‍വറിന്റെ വാദം ശരിയല്ലെന്നാണ് ഇന്നലെ ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ ചാനലുകള്‍ക്ക് നല്‍കിയ മറുപടി വ്യക്തമാക്കുന്നത്. അന്‍വര്‍ പലപ്പോഴും പല പാര്‍ട്ടിപരിപാടികളിലും പങ്കെടുക്കാത്ത സാഹചര്യമുണ്ടെന്നും സ്വീകരണത്തില്‍ പങ്കെടുക്കാത്തിനെക്കുറിച്ച് അന്‍വറിനോട് തന്നെ ചോദിച്ചു നോക്കണമെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി പ്രതികരിച്ചത്.

എം.എല്‍.എ രേഖാമൂലം കത്തു നല്‍കിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള പ്രതികരണം പാര്‍ട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമായിരുന്നില്ല. വിദേശത്ത് പോകുന്നതിനാല്‍ പാര്‍ട്ടി പരിപാടിയില്‍ മുന്‍കൂട്ടി പങ്കെടുക്കാനാവില്ലെന്ന് അന്‍വര്‍ അറിയിച്ചിരുന്നെന്ന് നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷന്റെ വിശദീകരണവും ശരിയല്ലെന്നാണ് വ്യക്തമാവുന്നത്.

നിലമ്പൂര്‍ ചക്കാലക്കുത്തില്‍ നടന്ന സി.പി.എം നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി പൊതുസമ്മേളനത്തില്‍ 27ന് പി.വി അന്‍വര്‍ പങ്കെടുക്കുമെന്ന് നോട്ടീസും ഫ്‌ളക്‌സ്‌ബോര്‍ഡുമുണ്ടായിരുന്നു. പൊതുസമ്മേളന വേദിയിലും അന്‍വര്‍ അല്‍പസമയത്തിനകം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ടായി. അന്‍വര്‍ വിദേശത്താണെന്ന് ഏരിയാ സെക്രട്ടറിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നെങ്കില്‍ അല്‍പസമയത്തിനെത്തുമെന്ന പ്രഖ്യാപനം ഉണ്ടാകുമായിരുന്നില്ല.

കോടിയേരിയുടെ ജാഥയില്‍ പങ്കെടുക്കാതിരുന്ന എം.എല്‍.എ എവിടെയാണെന്ന അന്വേഷണത്തിന് എം.എല്‍.എയുമായി അടുപ്പമുള്ളവരില്‍ നിന്നും മൂന്നു വ്യത്യസ്ഥ മറുപടികളാണ് ലഭിച്ചത്. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലാണ്, തൂത്തുക്കുടിയില്‍ ബിസിനസ് ആവശ്യത്തിന് പോയതാണ്, മാലിദ്വീപിലാണ് എന്നീ മറുപടികളാണ് ലഭിച്ചത്.

ഇക്കാര്യത്തില്‍ എം.എല്‍.എതന്നെ വിശദീകരണം നല്‍കണമെന്ന് പാര്‍ട്ടി നേതൃത്വം കര്‍ക്കശ നിലപാടെടുത്തതോടെയാണ് താന്‍ മാലിദ്വീപിലാണെന്ന വിശദീകരണവുമായി പി.വി അന്‍വര്‍ രംഗത്തെത്തിയത്.

ആര്യാടന്റെ കുത്തക അവസാനിപ്പിച്ച് നിലമ്പൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ വിജയിപ്പിച്ച എം.എല്‍.എ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ഇടതുമുന്നണി ജനജാഗ്രതാ യാത്രയില്‍ പങ്കെടുക്കാതെ മാലിദ്വീപില്‍ പോയത് എന്ത് അത്യാവശ്യത്തിനാണെന്ന ചോദ്യത്തിന് പാര്‍ട്ടി നേതൃത്വത്തിന് മറുപടിയില്ല.

ഏഴിന് മടങ്ങിയെത്തുന്ന എം.എല്‍.എ എട്ടിനു നടക്കുന്ന കരുളായി ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന വിവരം മാത്രമേ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനുള്ളൂ.

Top