മലപ്പുറത്ത് ‘ അടവുനയം’ അവസാനിപ്പിച്ച് മുസ്ലീം ലീഗ്, ഇനി കോണ്‍ഗ്രസ്സ് മാത്രം ശരണം !

തിരുവനന്തപുരം: കെ.എം മാണി സി.പി.എമ്മുമായി കോട്ടയത്ത് അടവുനയം പയറ്റി ഇടതുമുന്നണി പ്രവേശനത്തിനുള്ള വഴിതേടുമ്പോള്‍ മലപ്പുറത്ത് ഇടതുബന്ധം ഉപേക്ഷിച്ച് മുസ്‌ലിം ലീഗ് കോണ്‍ഗ്രസ്സ് ബന്ധം ശക്തമാക്കുന്നു.

യു.ഡി.എഫിലെ രണ്ടാമത്തെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സുമായി പോരടിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്.

യു.ഡി.എഫ് സംസ്ഥാന നേതൃത്വം പഠിച്ച പണിയെല്ലാം പയറ്റിയിട്ടും മലപ്പുറം ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളില്‍ ലീഗും കോണ്‍ഗ്രസ്സും പോരടിച്ചാണ് മത്സരിച്ചത്. ചിലയിടങ്ങലില്‍ ലീഗിനെതിരെ കോണ്‍ഗ്രസ്സും സി.പി.എമ്മും കൈകോര്‍ത്തപ്പോള്‍ മറ്റിടങ്ങളില്‍ ലീഗിനെതിരെ ചിരവൈരികളായ സി.പി.എമ്മുമായാണ് കോണ്‍ഗ്രസ്സ് കൈകോര്‍ത്തത്.

മലപ്പുറം പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിളക്കമാര്‍ന്ന വിജയത്തോടെ ജില്ലയില്‍ ലീഗും കോണ്‍ഗ്രസ്സുമായുള്ള പിണക്കം താഴേതട്ടില്‍ പറഞ്ഞുതീര്‍ത്ത് സി.പി.എം ബാന്ധവം ഉപേക്ഷിക്കുകയാണ് പഞ്ചായത്തുകളില്‍ ഇരു പാര്‍ട്ടികളും.

കുഞ്ഞാലിക്കുട്ടിക്കു വേണ്ടി പ്രചരണത്തില്‍ കോണ്‍ഗ്രസ്സിനെ സജീവമാക്കിയത് ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. മുന്നണിമറന്ന പോരില്‍ ഏഴിടത്താണ് യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്. ഇതില്‍ രണ്ടു പഞ്ചായത്തുകളില്‍ ഭരണം തിരിച്ചുപിടിച്ചു. നാലിടത്തുകൂടി വൈകാതെ ഭരണമാറ്റമുണ്ടാകും.

ലീഗ് പിന്തുണയോടെ എല്‍.ഡി.എഫ് ഭരിച്ച കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. എടപ്പറ്റ പഞ്ചായത്തില്‍ നിലവിലെ ഇടതു ഭരണസമിതിക്കുള്ള പിന്തുണ ലീഗ് പിന്‍വലിച്ചു. മാറാക്കര പഞ്ചായത്തില്‍ സി.പി.എം പിന്തുണയോടെ ഭരിക്കുന്ന കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാജിവെച്ചു. ഇവിടെ ഇനി യു.ഡി.എഫ് നേതൃത്വത്തില്‍ ഭരണം നടത്താനാണ് തീരുമാനം.

ലീഗിനെതിരെ കോണ്‍ഗ്രസ്സും സി.പി.എമ്മും സഖ്യമായാണ് കൊണ്ടോട്ടി നഗരസഭ, വാഴക്കാട്, ഒഴൂര്‍ പഞ്ചായത്തുകള്‍ ഭരിക്കുന്നത്. ഇവിടെയും സി.പി.എം ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫാകാന്‍ ധാരണയായിട്ടുണ്ട്.

യു.ഡി.എഫ് വിട്ട കെ.എം മാണി ഇടതുമുന്നണിയുമായി അടവുനയം തുടരുമ്പോഴും 18 എം.എല്‍.എമാരുള്ള മുസ്‌ലിം ലീഗ് അടിയുറച്ച പിന്തുണയുമായി നില്‍ക്കുന്നത് കോണ്‍ഗ്രസ്സിന് കരുത്തുപകരുകയാണ്.

Top