മോഹന്‍ലാലിനും മനീഷിനും രണ്ട് നിയമമോ ? കടവന്ത്രയിലെ ആനക്കൊമ്പ് ലാലിന് കുരുക്ക് !

കൊച്ചി: മോഹന്‍ലാലിന് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ ഒരു നിയമവും നടപ്പാക്കുന്നതിന് ലാലും സര്‍ക്കാരും വെട്ടിലാകും.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ തുടര്‍ന്ന് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആനക്കൊമ്പ് വിവാദമാണ് വീണ്ടും ലാലിന് കുരുക്കാവുന്നത്.

ലൈസന്‍സില്ലാതെ മോഹന്‍ ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചതിന് നടപടി സ്വീകരിക്കാതെ സര്‍ക്കാറും ഉദ്യോഗസ്ഥരും ഒത്തുകളിച്ചതിനെതിരെ ഏലൂര്‍ സ്വദേശി പൗലോസ് വിജിലന്‍സ് കോടതിയെ സമീപിക്കുകയും കോടതി ത്വരിതപരിശോധനക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ഉത്തരവിനെതിരെ നടന്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങുകയുണ്ടായി. സത്യസന്ധമായാണ് കാര്യങ്ങള്‍ ചെയ്തതെങ്കില്‍ അന്വേഷണം നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിനു പകരം കോടതിയില്‍ പോയി സ്റ്റേ വാങ്ങിയ സൂപ്പര്‍ സ്റ്റാറിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

മുന്‍ വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം അന്വേഷണം നടന്നാല്‍ കുടുങ്ങുമെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ലാലടക്കം 13 പേരായിരുന്നു എതിര്‍കക്ഷികള്‍.

എന്നാല്‍ ഹര്‍ജി കോടതിയിലെത്തിയപ്പോള്‍ കേരള സര്‍ക്കാര്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാറും മോഹന്‍ലാലിനു അനുകൂലമായ നിലപാട് സ്വീകരിക്കുന്ന വിചിത്രമായ കാഴ്ചയാണ് പിന്നീടുണ്ടായത്.

ഇതാണ് വിജിലന്‍സ് അന്വേഷണം തടയാനിടയാക്കിയതെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നത്.

ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസന്‍സ് മോഹന്‍ലാലിന് ഇല്ലാത്തതു പോലെ തന്നെ, ഇപ്പോള്‍ കടവന്ത്രയില്‍ നിന്നും പിടികൂടിയ സംഭവത്തിലുള്‍പ്പെട്ട മനീഷ് കുമാര്‍ ഗുപ്തയ്ക്കുമില്ല.

എന്നാല്‍ മോഹന്‍ലാലിനെതിരെ കേസില്ലെങ്കില്‍ ഇവിടെ മനീഷിനെതിരെ കേസുണ്ട് എന്നതാണ് വ്യത്യാസം.

തനിക്ക് നിയമം അറിയില്ലായിരുന്നുവെന്നാണ് ആന കൊമ്പ് വിവാദത്തില്‍ നിന്നും തലയൂരാന്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ഈ വാദം ഇനി മനീഷ് കുമാര്‍ ഗുപ്തയ്ക്കും ഉന്നയിക്കാം. മാത്രമല്ല മോഹന്‍ ലാലിന് സര്‍ക്കാര്‍ നല്‍കിയ വഴിവിട്ട സഹായം ചൂണ്ടിക്കാണിച്ചു തന്നെ നിയമപരമായി പോരാടാന്‍ അദ്ദേഹത്തിന് കഴിയുകയും ചെയ്യും.

വിഷയം സുപ്രീം കോടതി വരെ എത്തിക്കേണ്ടി വന്നാലും രണ്ട് നീതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നാണ് മനീഷ് കുമാര്‍ ഗുപ്തയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കി കൊണ്ട് തിരുവഞ്ചൂര്‍ മന്ത്രിയായിരിക്കെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതും ഇനി മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്യപ്പെടും.

ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതും നിയമപ്രകാരം കുറ്റകരമാണ്.

ഇവിടെ ലാലിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നീട് നിയമ വിധേയമാക്കി ഉത്തരവിറക്കുകയും കേന്ദ്ര വന നിയമത്തിന് എതിരായ നടപടി ആയിട്ടു പോലും കേന്ദ്രം അനുകൂലമായി ‘പച്ചക്കൊടി’ കാട്ടുകയും ചെയ്തതാണ് രക്ഷയായത്.

ഈ ആനുകൂല്യം തനിക്കും വേണമെന്ന് ആവശ്യപ്പെട്ട് മനീഷ് കുമാര്‍ ഗുപ്ത കോടതിയെ സമീപിച്ചാല്‍ മോഹന്‍ലാലിന്റെ ആനക്കൊമ്പ് പ്രശ്‌നവും സങ്കീര്‍ണ്ണമായ വഴിതിരിവിലെത്തും. ഫലത്തില്‍ ലാല്‍ ‘കുടുങ്ങുന്ന’ സാഹചര്യത്തിലേക്കാണ് കടവന്ത്രയിലെ ആനക്കൊമ്പ് കേസ് മാറാന്‍ പോകുന്നത്.

Top