‘മെര്‍സലില്‍’ സംവിധായകന്റെ പിഴവ് മൂലം വെട്ടിമാറ്റപ്പെട്ടത് ത്രസിപ്പിക്കുന്ന സീനുകള്‍ !

ചെന്നൈ: വിവാദ വിജയ് സിനിമ മെര്‍സലില്‍ നിന്നും ഇതിനകം വെട്ടിമാറ്റപ്പെട്ടത് സൂപ്പര്‍ ദൃശ്യങ്ങള്‍.

സംവിധായകന്‍ അറ്റ്‌ലിയുടെ നിരുത്തരവാദപരമായ സമീപനം മൂലമാണ് പ്രേക്ഷകരെ ഏറെ ത്രസിപ്പിക്കുമായിരുന്ന ദ്യശ്യങ്ങള്‍ വെട്ടിമാറ്റപ്പെട്ടതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

മൂന്ന് കഥാപാത്രത്തെയാണ് മെര്‍സലില്‍ വിജയ് അവതരിപ്പിച്ചിരുന്നത്. ഇതില്‍ മജീഷ്യന്‍,അച്ഛന്‍ കഥാപാത്രങ്ങളുടെ ഓപ്പണ്‍ സീനുകള്‍, സംഘട്ടനത്തിലെയും ഗാനങ്ങളിലെയും ചില സുപ്രധാന ഭാഗങ്ങള്‍ എന്നിവയാണ് വെട്ടിമാറ്റപ്പെട്ടതത്രെ.

കാളകള്‍, പക്ഷികള്‍, നായകള്‍ തുടങ്ങിയവയെ സിനിമയില്‍ ഉപയോഗിച്ചത് നിയമ വിരുദ്ധമായതിനാല്‍ ബന്ധപ്പെട്ട് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല.

ഇതിലെ ചില ഭാഗങ്ങള്‍ ഗ്രാഫിക്‌സ് ആണെന്ന് സംവിധായകന്‍ അവകാശപ്പെട്ടെങ്കിലും അത് ഗ്രാഫിക്‌സ് ആണ് എന്ന് തെളിയിക്കുന്ന രേഖകള്‍ സി.ഡിയിലാക്കി നല്‍കാനും സാധിച്ചില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്.

റിലീസിന് തൊട്ടു മുന്‍പാണ് വിവാദമെന്നതിനാല്‍ സിനിമയുടെ റിലീസ് തന്നെ മുടങ്ങുമെന്ന സാഹചര്യവുമുണ്ടായി.

ഒടുവില്‍ ഗത്യന്തരമില്ലാതെ സംവിധായകന്‍ തന്നെ സ്വന്തം ചിത്രത്തിന് ‘കത്രിക ‘ വച്ച് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുകയായിരുന്നു.

130 ഓളം കോടി ചിലവിട്ട് നിര്‍മ്മിച്ച സിനിമയോട് സംവിധായകന്‍ സ്വീകരിച്ച നിരുത്തരവാദപരമായ ഈ നിലപാടില്‍ നടന്‍ വിജയ്ക്കും നിര്‍മ്മാതാക്കള്‍ക്കും കടുത്ത പ്രതിഷേധമുള്ളതായാണ് സൂചന.

എന്നാല്‍ ഇപ്പോള്‍ ജി.എസ്.ടി സംബന്ധമായ വിവാദം ശക്തമായ സാഹചര്യത്തില്‍ അണിയറയിലെ ഈ ‘ട്രാജഡി’യെ കുറിച്ച് തല്‍ക്കാലം പ്രതികരിക്കാന്‍ ഇവരാരും തയ്യാറല്ല.

വെട്ടിമാറ്റപ്പെട്ട സീനുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ മെര്‍സല്‍ കൂടുതല്‍ മെര്‍സലാകുമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം സിനിമയിലെ അണിയറ പ്രവര്‍ത്തകരില്‍ ചിലരെങ്കിലും രഹസ്യമായാണെങ്കില്‍ പോലും സമ്മതിക്കുന്നുണ്ട്.

ഇനി ബി.ജെ.പി പ്രതിഷേധത്തെ തുടര്‍ന്ന് ജി.എസ്.ടിയെ വിമര്‍ശിക്കുന്ന രംഗം കൂടി ഒഴിവാക്കിയാല്‍ അത് സിനിമക്ക് വലിയ തിരിച്ചടിയാകുമെന്നതിനാല്‍ അരുതെന്നാണ് ടീം മെര്‍സല്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തമിഴ് സിനിമാലോകവും ദളപതി ആരാധകരും ഇതേ ആവശ്യം ശക്തമായി ഉന്നയിച്ചതിനാല്‍ മുന്‍ നിലപാടില്‍ നിന്നും വ്യത്യസ്തമായി വിവാദ രംഗം മാറ്റേണ്ടതില്ലന്ന നിലപാടിലാണിപ്പോള്‍ നിര്‍മ്മാതാക്കള്‍.

Top