ദേശീയ രാഷ്ട്രീയത്തിലും മെര്‍സല്‍ എഫക്ട്, ബി.ജെ.പി കേന്ദ്ര നേതൃത്ത്വം പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിരോധിക്കുന്ന ബി.ജെപി ഒരു സിനിമയ്ക്ക് മുന്നില്‍ പതറുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ ജി.എസ്.ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന തമിഴ് സൂപ്പര്‍ താരം ദളപതി വിജയ് നായകനായ ‘മെര്‍സല്‍’ എന്ന സിനിമയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രതിരോധത്തിലാകുന്നത്.

സിനിമയിലെ വിവാദ രംഗത്തിനെതിരെ ഭീഷണിയുമായി രംഗത്ത് വന്ന ബി.ജെ.പി ദേശീയ സെക്രട്ടറിയും തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവുമായ എച്ച്.രാജ, തമിഴ് നാട് സംസ്ഥാന പ്രസിഡന്റ് ഡോ: തമിഴിസൈ സൗന്ദര്‍രാജന്‍ എന്നിവരുടെ നിലപാടുകള്‍ ദേശീയ മാധ്യമങ്ങളിലടക്കം സജീവ ചര്‍ച്ചാ വിഷയമായതാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ പല ഭാഷകളിലായി ‘ഡബ്ബ് ചെയ്ത്’ സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയിരിക്കുകയാണ്. സമീപ കാലത്തൊന്നും രാജ്യത്തെ ഒരു സിനിമയ്ക്കും കിട്ടാത്ത പബ്ലിസിറ്റിയാണ് മെര്‍സലിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഗുജറാത്ത്,ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ ജി.എസ്.ടി വിഷയത്തിലെ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതും തിരിച്ചടിയാകുമോയെന്ന ഭയത്തിലാണ് ബി.ജെ.പി നേതൃത്വം.
vijay 1

സിനിമയെ സിനിമയായി കണ്ട് വിലയിരുത്താതെ വിവാദമാക്കി ദേശീയ തലത്തില്‍ തലവേദനയാക്കി മാറ്റിയ തമിഴകത്തെ നേതാക്കളുടെ നടപടിയില്‍ ഒരു വിഭാഗം കേന്ദ്ര നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

സിനിമയിലെ നായകന്‍ വിജയ് യുടെ പേര് ജോസഫ് വിജയ് ആണെന്ന് പറഞ്ഞ് പരസ്യമായി പ്രതികരിച്ച ദേശീയ സെക്രട്ടറി എച്ച്.രാജയുടെ നടപടി ഇതിനകം തന്നെ രൂക്ഷമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ സിനിമയെ വിമര്‍ശിക്കുകയും വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലന്ന് പറഞ്ഞ് നടന്‍ കമല്‍ ഹാസന്‍ ,സംവിധായകന്‍ പാ രഞ്ജിത്ത്, നടി ഖുശ്ബു, നടന്‍മാരായ വിജയ് സേതുപതി, വിശാല്‍ തുടങ്ങി സിനിമാ മേഖലയിലെ നിരവധി പേര്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.

ഇതിനു പിന്നാലെ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍ തുടങ്ങിയവരും പ്രതിഷേധ കൊടി ഉയര്‍ത്തി കഴിഞ്ഞു.

പ്രതിപക്ഷം ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിഷയം സജീവ ചര്‍ച്ചാ വിഷയമാക്കി ഉയര്‍ത്തി കൊണ്ടുവരാനുള്ള നീക്കത്തിലാണ്.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അസഹിഷ്ണുതയാണ് മെര്‍സലിനും നായകനും എതിരായ നീക്കങ്ങളിലൂടെ വ്യക്തമാകുന്നതെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
22551805_2019583151610882_301447167_n

തദ്ദേശ തിരഞ്ഞെടുപ്പ് അനന്തമായി നീണ്ടു പോവുന്ന തമിഴകത്ത് സംസ്ഥാന സര്‍ക്കാര്‍ നില്‍ക്കുന്നത് തന്നെ ‘മുള്‍മുനയിലാണ് ‘

ഈ സാഹചര്യത്തില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായാലും ഒരുമിച്ചായാലും തമിഴകത്ത് ഏത് തിരഞ്ഞെടുപ്പുകള്‍ നടന്നാലും ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാകും വിജയ് ആരാധകര്‍.

ഇനി ഒരു ജനപ്രതിനിധി പോലും ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ നിന്നും ഉണ്ടാകില്ലന്നാണ് ദളപതി ആരാധകര്‍ മുന്നറിയിപ്പു നല്‍കുന്നത്.

സിനിമയും രാഷ്ട്രീയവും ഇഴകലര്‍ന്ന തമിഴകത്ത് ഓരോ ജില്ലയിലും ലക്ഷക്കണക്കിന് ആരാധകരും താഴെ തട്ടു മുതല്‍ ശക്തമായ സംഘടനാ സംവിധാനവുമുള്ള വിജയ് ഫാന്‍സിന് സ്വന്തമായി കൊടിപോലുമുണ്ട്.

സേവന രംഗത്ത് സജീവമായ ഏറ്റവും വലിയ സംഘടനയാണിത്. കുട്ടികളും സ്ത്രീകളും മുതല്‍ എന്തിനും പോന്ന മുതിര്‍ന്നവര്‍വരെയുണ്ട് ഇക്കൂട്ടത്തില്‍.

വിജയ് അഭിനയ ജീവിതത്തിന് വിരാമമിടുന്ന പക്ഷം രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ വിശ്വസിക്കുന്നത്.

സ്ത്രീകള്‍ക്കിടയിലും കുടുംബങ്ങളിലും വലിയ സ്വാധീനമുള്ള ദളപതിയെ സുപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പിന്‍ഗാമിയായാണ് തമിഴകം കാണുന്നത്.

ഇത്രയും സ്വാധീനമുള്ള താരത്തിനെതിരെ വ്യക്തിഹത്യ നടത്തുന്ന ബി.ജെ.പിയുടെ നടപടി രാഷ്ട്രീയപരമായി വലിയ മണ്ടത്തരമായി പോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

സിനിമ ശക്തമായ സ്വാധീനം ചെലുത്തുന്ന സംസ്ഥാനമായതിനാലാണ് ഭയപ്പെട്ട് ബി.ജെ.പി പ്രതിഷേധവുമായി രംഗത്ത് വന്നതെങ്കിലും അത് വിപരീത ഫലമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.

അതേ സമയം മെര്‍സല്‍ വിവാദം ദേശീയ രാഷ്ട്രീയത്തിലും കത്തി പടര്‍ന്നിട്ടും ഇതുവരെ പരസ്യമായി പ്രതികരിക്കാന്‍ വിജയ് തയ്യാറായിട്ടില്ല.

വിവാദഭാഗങ്ങള്‍ ഭീഷണിയെ തുടര്‍ന്ന് ഒഴിവാക്കാനുള്ള നിര്‍മ്മാതാക്കളുടെ നീക്കത്തിനെതിരെയും ജനങ്ങള്‍ക്കിടയിലും സിനിമാപ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഒരിക്കല്‍ സെന്‍സര്‍ ചെയ്ത സിനിമ വീണ്ടും സെന്‍സര്‍ ചെയ്യാന്‍ അനുവദിക്കരുതെന്നാണ് പൊതുവികാരം.

Top