ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ദിവസവും ഉച്ചവരെ ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരടങ്ങുന്ന സംഘം ക്യാമ്പിലുണ്ടാകും.

പരിശോധനയ്ക്കു പ്രത്യേക മുറിയും സജ്ജമാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. മഴക്കെടുതിയെത്തുടര്‍ന്ന് ജില്ലയില്‍ ഇപ്പോള്‍ 17 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പിലുളള എല്ലാവര്‍ക്കും കൊവിഡ് പരിശോധനയ്ക്കു പുറമേ കൃത്യമായ മെഡിക്കല്‍ പരിശോധനയും നടത്തുന്നുണ്ട്.

എല്ലാ ക്യാമ്പുകളിലും മുഴുവന്‍ സമയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവരെ നിരീക്ഷണത്തിലാക്കുന്നതിനു പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ഡോമിസിലറി കെയര്‍ സെന്ററുകളിലേക്കു മാറ്റുമെന്നും കലക്ടര്‍ അറിയിച്ചു.

Top