മമ്മുട്ടി എഫക്ട് ; മലയാള സിനിമാ ലോകത്ത് ഒറ്റപ്പെട്ട് പാര്‍വതി, വിലപിച്ച് ഭാഗ്യലക്ഷ്മിയും

കൊച്ചി: കസബ വിവാദത്തില്‍ മാധ്യമങ്ങളില്‍ താരമായെങ്കിലും സിനിമാലോകത്ത് ഒറ്റപ്പെട്ട് നടി പാര്‍വതി.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പരസ്യമായും രഹസ്യമായും പ്രവര്‍ത്തിച്ചവരില്‍പലരും കസബ വിവാദത്തില്‍ നിശബ്ദത പാലിക്കുകയാണ്.

സിനിമാ നടിയായി പ്രവര്‍ത്തിക്കുന്ന പാര്‍വതി സിനിമയിലെ കഥാപാത്രങ്ങളെ വിമര്‍ശിക്കുന്നത് ശരിയല്ലന്ന നിലപാടിലാണ് താരങ്ങള്‍.

വുമണ്‍ ഇന്‍ കളക്ടീവിലെ അംഗങ്ങള്‍ മാത്രമാണ് പാര്‍വതിയെ പിന്തുണക്കുന്നത്.

എന്നാല്‍ വിവാദത്തില്‍ മമ്മുട്ടി പ്രതികരിക്കണമെന്ന് മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ പറയാന്‍ ധൈര്യപ്പെട്ടില്ലന്നതും ശ്രദ്ധേയമാണ്.

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ മമ്മുട്ടിക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുന്ന താരങ്ങള്‍ ഇപ്പോഴത്തെ വിവാദത്തില്‍ മമ്മൂട്ടി പ്രതികരിക്കേണ്ടതില്ലന്ന നിലപാടിലാണ്.

‘ഇന്നലെ വന്ന പാര്‍വതി മമ്മുട്ടി സ്ത്രീവിരുദ്ധ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്ന് വിമര്‍ശിക്കാന്‍ ആളായിട്ടില്ലന്നാണ് ‘ അവരുടെ പ്രതികരണം.

പ്രമുഖ ചാനലിന്റെ ന്യൂസ് മേക്കര്‍ ആരാണെന്ന് പ്രഖ്യാപിക്കുന്നതോടെ എന്തിനു വേണ്ടിയായിരുന്നു വിവാദമെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നുമാണ് സിനിമാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പാര്‍വതിയെ നായികയാക്കി സിനിമ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന പല സംവിധായകരും നിര്‍മ്മാതാക്കളും ആ നീക്കത്തില്‍ നിന്നും ഇപ്പോള്‍ പിന്തിരിയുന്നതായും സൂചനകളുണ്ട്.

ഇതിനിടെ പാര്‍വതിക്ക് സിനിമാ മേഖലയില്‍ നിന്നും പിന്തുണ ലഭിക്കാത്തതിനെതിരെ പ്രമുഖ ഡബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്.

എല്ലാവരും തങ്ങളുടെ മക്കളാണെന്ന് പ്രഖ്യാപിക്കുന്ന സംഘടന പാര്‍വതിയുടെ പ്രശ്‌നത്തില്‍ മൗനം പാലിക്കുന്നതെന്തിനാണെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.

ഒരു നടന് പ്രശ്‌നം വന്നപ്പോള്‍ അമ്മയില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ക്ക് കണക്കുണ്ടായിരുന്നില്ല. പാര്‍വതിക്കെതിരെ ഇത്തരം മോശമായ ആരോപണങ്ങള്‍ ഉയര്‍ത്തിയവര്‍ തന്റെ ഫാന്‍സ് അല്ലെന്ന് പറയാനുള്ള ഉത്തരവാദിത്വം ആ നടനും സംഘടനക്കുമുണ്ട്. ഈ വിഷയത്തില്‍ അത്തരമൊരു പരസ്യ നിലപാടുണ്ടായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. സിനിമ കാണാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ അതിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. സ്ത്രീകള്‍ എപ്പോഴും ഭയന്ന് പിന്‍മാറുന്നതുകൊണ്ടാണ് അവര്‍ക്കെതിരെ ഇത്തരം സൈബര്‍ ആക്രമങ്ങള്‍ ഉണ്ടാകുന്നത്. സ്ത്രീക്കെതിരെ മോശമായ രീതിയില്‍ പുരുഷന്‍ ആക്രമിക്കുമ്പോള്‍ അത് ഷെയര്‍ ചെയ്ത് രസിക്കുന്ന സ്ത്രീകള്‍ ഇന്ന് നിരവധിയാണ്. ഇത്തരം ഷെയറുകളെ എതിര്‍ക്കുന്ന ഉത്തരവാദിത്തം പോലും സ്ത്രീകള്‍ കാണിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട് : എം വിനോദ്

Top