പുറത്തുള്ളതിനേക്കാൾ ശക്തനാണ് അകത്തുള്ള ജനപ്രിയ നായകൻ, കൈവിടാതെ . . താരപ്പട !

കൊച്ചി: പുറത്തുള്ള ദിലീപിനേക്കള്‍ ശക്തനാണ് അഴിക്കുള്ളില്‍ കിടക്കുന്ന ദിലീപ് !

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായി 17 ദിവസമായി ജയിലില്‍ കിടക്കുന്ന ദിലീപിനെതിരെ ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സിനിമാലോകത്ത് നിന്നും കാര്യമായ ഒരു എതിര്‍ സ്വരവും ഇതുവരെ പുറത്തു വന്നിട്ടില്ല.

ഈ വിഷയം മാറ്റി നിര്‍ത്തി ബ്ലോഗ് എഴുതാന്‍ പറ്റില്ല എന്നതിനാല്‍ എല്ലാ മാസവും എഴുതി വരുന്ന ബ്ലോഗ് എഴുത്ത് പോലും താല്‍ക്കാലികമായി നടന്‍ മോഹന്‍ലാല്‍ അവസാനിപ്പിച്ചു കഴിഞ്ഞു.

മമ്മുട്ടിയാകട്ടെ മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരോട് കട്ട കലിപ്പിലുമാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടി ശിക്ഷിക്കണമെന്നത് തന്നെയാണ് താരങ്ങളുടെയെല്ലാവരുടെയും നിലപാടെങ്കിലും ഗൂഢാലോചനയില്‍ ദിലീപ് പങ്കെടുത്തു എന്ന കുറ്റാരോപണം ഭൂരിപക്ഷ താരങ്ങളും ഇനിയും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല.

വിചാരണ കോടതിയുടെ തീരുമാനം വരുന്നത് വരെ ദിലീപിനെ കുറ്റക്കാരനായി കാണാന്‍ സാധിക്കില്ലന്ന നിലപാടിലാണ് താരങ്ങള്‍.

ഹൈക്കോടതി ജാമ്യം ഈ ഘട്ടത്തില്‍ നിഷേധിച്ചത് ചുമത്തപ്പെട്ട വകുപ്പുകളുടെ ഗൗരവം മുന്‍നിര്‍ത്തിയാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

അധികം താമസിയാതെ തന്നെ ദിലീപിന് പുറത്തിറങ്ങാനുള്ള സാഹചര്യമുണ്ടാകുമെന്ന് തന്നെയാണ് താരങ്ങളുടെ പ്രതീക്ഷ.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിനിമാ ലോകം ഒറ്റക്കെട്ടായി ദിലീപിനെതിരെ പരസ്യമായി രംഗത്തുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന ദിലീപ് വിരുദ്ധര്‍ക്കാണ് ഈ നിലപാട് പ്രഹരമായിരിക്കുന്നത്.

താരസംഘടനയില്‍ മാത്രമല്ല നിര്‍മ്മാണ-വിതരണ-സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളിലും ദിലീപിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ല എന്ന നിലപാടിനാണ് പ്രാമുഖ്യം.

ഓണത്തോടനുബന്ധിച്ച് ഒരു ചാനലിലും പ്രത്യക്ഷപ്പെടേണ്ടതില്ലന്നാണ് മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി പ്രമുഖ താരങ്ങളുടെയെല്ലാം തീരുമാനം.

ദിലീപിനെ ഏകപക്ഷീയമായി ചാനലുകള്‍ ആക്രമിച്ചതാണ് പ്രതിഷേധത്തിന് കാരണം.

ഇതോടെ കോടികളുടെ നഷ്ടമാണ് ചാനലുകള്‍ക്കുണ്ടാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

പരസ്യമേഖലയില്‍ വന്‍ കൊയ്ത്ത് നടക്കുന്നത് ഓണം പോലുള്ള സീസണുകളിലാണ്.

താരങ്ങളെ പങ്കെടുപ്പിച്ച് നിരവധി പരിപാടികളാണ് ചാനലുകള്‍ പ്ലാന്‍ ചെയ്തിരുന്നിരുന്നത്.. ഇനി ഈ കണക്കുകൂട്ടലുകളെല്ലാം പാളും.

ദിലീപ് വിരുദ്ധ വിഭാഗത്തിന് നേതൃത്വം കൊടുക്കുന്ന പൃഥ്വിരാജ്, മഞ്ജു വാര്യര്‍, റിമ കല്ലിങ്ങല്‍, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങള്‍ നിലപാട് വ്യക്തമാക്കാത്തതിനാല്‍ ഇവരെയും സീരിയല്‍ താരങ്ങളെയും ആശ്രയിക്കാനാണ് ചാനലുകളുടെ ഇപ്പോഴത്തെ നീക്കം.

ഉദ്യേശിച്ച ഫലം കിട്ടില്ലങ്കിലും കിട്ടുന്നത് ‘ലാഭം’ എന്ന് കണ്ടാണ് ഇവരുടെ പിന്നാലെ കൂടുന്നതത്രെ.

അതേ സമയം ഓണ പരിപാടിക്ക് മാത്രമല്ല, മേലില്‍ ഇനി ചാനലുകളോട് സഹകരിക്കേണ്ടതില്ലന്നാണ് താരങ്ങള്‍ക്കിടയിലെ പൊതു വികാരമെന്നാണ് ലഭിക്കുന്ന സൂചന.

സോഷ്യല്‍ മീഡിയയുടെ പുതിയ കാലത്ത് സിനിമയുടെയും മറ്റും പ്രചരണത്തിന് അവ തന്നെ ധാരാളമാണെന്നാണ് അഭിപ്രായം.

റിപ്പോര്‍ട്ട് : എം വിനോദ്

Top