മലയാള സിനിമയും മാറുന്നു. . വരുന്നത് 20 കോടിക്ക് മുകളിൽ മുടക്കി 3 സിനിമകൾ . . !

കൊച്ചി: മലയാള സിനിമ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ‘വിപ്ലവകരമായ’ മാറ്റത്തിന്റെ പാതയില്‍. മൂന്നു സിനിമകളാണ് ബിഗ് ബഡ്ജറ്റില്‍ ഈ വര്‍ഷം ഷൂട്ടിങ്ങ് തുടങ്ങാന്‍ പോകുന്നത്.

ആയിരം കോടി മുടക്കി ബംഗ്ലൂര്‍ സ്വദേശിയായ എന്‍ആര്‍ഐ ബിസിനസ്സുകാരന്‍ ബിആര്‍ ഷെട്ടി മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി നിര്‍മ്മിക്കുന്ന മഹാഭാരതം (രണ്ടാമൂഴം) ഒരിക്കലും ഒരു മലയാളത്തില്‍ മാത്രമെടുക്കുന്ന സിനിമയല്ല.

സംവിധായകനും മോഹന്‍ലാലുമെല്ലാം മലയാളികളായത് കൊണ്ട് മാത്രം ഇതിനെ മലയാള സിനിമയായി കാണാനും പറ്റില്ല. ബഡ്ജറ്റ് കൊണ്ട് അന്താരാഷ്ട്ര തലത്തിലെ ഒരു സിനിമ തന്നെയായിരിക്കും മഹാഭാരതം.

എന്നാല്‍ ഇതിനെ ചുവട് പിടിച്ച് വലിയ മാറ്റങ്ങള്‍ക്കാണ് ഇപ്പോള്‍ മലയാള സിനിമ ഒരുങ്ങുന്നത്.

25 കോടിയോളം ചിലവിട്ട് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച പുലിമുരുകന് ശേഷം 25 കോടിയിലധികം മുടക്കി മൂന്ന് സിനിമകളാണ് ഈ വര്‍ഷം തുടങ്ങുന്നത്.

പൃഥ്വിരാജിനെ നായകനാക്കി സൂപ്പര്‍ ഹിറ്റ് സംവിധായകനായ ബ്ലസി നിര്‍മ്മിക്കുന്ന ആട് ജീവിതത്തിന്റെ ബഡ്ജറ്റ് 40 കോടി രൂപയാണ്. ഈ സിനിമയുടെ നിര്‍മ്മാതാവും ബ്ലസി തന്നെയാണ്.

ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലന്‍ ഗോപാലന്‍ നിര്‍മ്മിക്കുന്ന നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണിയാണ് മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം. 25 കോടിയാണ് ഈ സിനിമയുടെ ബഡ്ജറ്റ്.

സഞ്ജയ് ബോബിയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്റെ ബഡ്ജറ്റും 25 കോടിയാണ്. ലാലിനെ കേന്ദ്രകഥാപാത്രമാക്കി എടുക്കുന്ന ആയിരം കോടി സിനിമക്ക് മുന്‍പ് സംവിധായകന്‍ വി എ ശ്രീകുമാരമേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.

25 കോടിയോളം മുടക്കി 150 കോടി കളക്ട് ചെയ്ത പുലിമുരുകനാണ് ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ എല്ലാത്തിന്റെയും പിന്നിലെ പ്രേരക ശക്തി.

Top