മഹാഭാരതം; മാതാ അമൃതാനന്ദമയി മഠത്തെ മുന്‍നിര്‍ത്തി അനുനയത്തിന് അണിയറ നീക്കം

കൊച്ചി: ആയിരം കോടി മുതല്‍ മുടക്കില്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബിആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന സിനിമക്കെതിരെയുള്ള ആര്‍എസ്എസ് എതിര്‍പ്പ് അനുനയിപ്പിക്കാന്‍ നീക്കം.

മാതാ അമൃതാനന്ദമയിയുടെ അടുത്ത ഭക്തനായ ലാലിന്റെ സിനിമയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി മഠത്തെ ഇടപെടുത്തി ആര്‍ എസ് എസ് കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് നീക്കം.

ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ പി ശശികലയുടെ നേതൃത്ത്വത്തിലുള്ള വലിയ വിഭാഗം ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് രണ്ടാമൂഴത്തെ മഹാഭാരതമാക്കുന്നതിനെ എതിര്‍ക്കുന്നത്.

ഇപ്പോള്‍ കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എതിര്‍ക്കുന്നതെങ്കിലും ഇടപെട്ടില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയരുമെന്ന ഭീതി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

ഈ പശ്ചാത്തലത്തിലാണ് തിരക്കിട്ട അനുനയ നീക്കം നടക്കുന്നത്.

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് അടക്കമുള്ളവര്‍ക്ക് അമൃതാനന്ദമയി മഠവുമായുള്ള അടുപ്പം മുന്‍നിര്‍ത്തി മഠം ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചാല്‍ ആര്‍എസ്എസ് നേതൃത്ത്വം അത് തളളിക്കളയില്ലെന്നാണ് പ്രതീക്ഷ.

ഒരു വടക്കന്‍ വീരഗാഥയില്‍ ചന്തുവിനെ നായകനാക്കി ചരിത്രം വളച്ചൊടിച്ച എം ടി എഴുതുന്ന തിരക്കഥ സിനിമയാകുമ്പോള്‍ മഹാഭാരതകഥയും വളച്ചൊടിക്കപ്പെടുമെന്ന ആശങ്കയാണ് ഹിന്ദു ഐക്യവേദിയുടേത്.

ഭാവി തലമുറ തന്നെ മഹാഭാരതമെന്ന മഹത്തായ ഇതിഹാസത്തെ സിനിമയിലെ മഹാഭാരതമായി ‘ചെറുതായി’ കണ്ട് തെറ്റിദ്ധരിക്കപ്പെടുമെന്ന ആശങ്കയും പ്രതിഷേധക്കാര്‍ക്കുണ്ട്.

ആര്‍എസ്എസ് എതിര്‍പ്പ് തുടര്‍ന്നാല്‍ മഹാഭാരതമെന്ന നിലയില്‍ സിനിമ പുറത്തിറക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല അത് കര്‍ണ്ണാടകക്കാരനായ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയെയും വ്യക്തിപരമായി ‘ബാധി’ക്കാനും സാധ്യതയുണ്ട്.

ഈ സാഹചര്യം മറികടക്കാനാണ് എതിര്‍പ്പ് ഒഴിവാക്കി പേര് ഔദ്യോഗികമായി അനൗണ്‍സ് ചെയ്താല്‍ മതിയെന്ന തീരുമാനത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

കഥയെ സംബന്ധിച്ച് ആര്‍എസ് എസ് നേതൃത്ത്വത്തെ ബോധ്യപ്പെടുത്താനാണ് നീക്കം.

തന്നോടുള്ള സംഘപരിവാറിന്റെ എതിര്‍പ്പ് ഈ സിനിമയെ ബാധിക്കരുതെന്ന നിര്‍ബന്ധം എം ടിക്കുമുണ്ട്.

ബിജെപി നേതൃത്ത്വവുമായും കേന്ദ്ര മന്ത്രിമാരുമായും വളരെ അടുത്ത ബന്ധം നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടിക്കുണ്ടെങ്കിലും കേരളത്തിലെ ആര്‍എസ്എസ് നേതൃത്ത്വത്തോട് ഇക്കാര്യം സംസാരിക്കാന്‍ ഇവരാരും തയ്യാറല്ലത്രെ.

രാജ്യത്ത് തന്നെ ആര്‍ എസ് എസിന് ഏറ്റവും അധികം ശാഖകളും ബലിദാനികളുമുള്ള കേരളത്തിലെ സംഘപരിവാറിന്റെ വികാരങ്ങള്‍ക്ക് നാഗപ്പൂരിലെ സംഘം ആസ്ഥാനം നല്‍കുന്ന പരിഗണനയാണ് ഈ പിറകോട്ടടിക്ക് കാരണം.

ഈ സാഹചര്യത്തിലാണ് അമൃതാനന്ദമയി മഠത്തെ അനുനയത്തിനായി ഇടപെടുവിക്കാനുള്ള നീക്കത്തിന് ധാരണയായത്.

ഇനി പ്രിയശിഷ്യന്റെ സ്വപ്ന പദ്ധതിക്ക് അമൃതാനന്ദമയി മഠം ഇടപെടുമോ എന്നതാണ് കണ്ടറിയേണ്ടത്.

Top