സെൻകുമാർ ചെയ്തത് ശരി തന്നെയാണെന്ന് ഇടതുപക്ഷ എം.എൽ.എ കാരാട്ട് റസാക്ക് !

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ച് ജീവനക്കാരി കുമാരി ബീനയെ സ്ഥലം മാറ്റിയ വിഷയത്തില്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ചെയ്തത് ശരിയായ നടപടിയാണെന്ന് ഭരണപക്ഷ എംഎല്‍എ കാരാട്ട് റസാക്ക്.

പ്രമുഖ ചാനലിന്റെ തത്സമയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ജനുവരിയില്‍ നല്‍കിയ പരാതിയില്‍ മാസങ്ങളോളം തീര്‍പ്പ് കല്‍പ്പിക്കാതെയിരുന്നിട്ടുണ്ട്. ഭരണകക്ഷി എംഎല്‍എ എന്ന നിലയ്ക്ക് ഒരു പരാതി കൊടുത്തിട്ട് അതിന് യഥാസമയം നടപടി സ്വീകരിക്കാന്‍ കഴിയാത്ത പൊലീസ് സംവിധാനമാണ് ഇപ്പോള്‍ കാണപ്പെടുന്നത്.

പരാതി വച്ച് താമസിപ്പിച്ചത് പൊലീസ് ആസ്ഥാനത്തായാലും രഹസ്യാന്വേഷണ വിഭാഗത്തിലായാലും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണം.

കറ്റക്കാരെ അന്വേഷിച്ച് കണ്ട് പിടിക്കേണ്ടത് പൊലീസിന്റെ കടമയാണ്, ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്ത്വമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിപി സെന്‍കുമാര്‍ എന്റെ പരാതിയില്‍ ഫയല്‍ വേഗത്തില്‍ വിളിച്ചു വരുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ജൂനിയര്‍ സൂപ്രണ്ടിന് വീഴ്ച പറ്റിയെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടതിനാലാണ് നടപടി സ്വീകരിച്ചത്.

എന്നാല്‍ ഇപ്പോള്‍ ഐജിയുടെ റിപ്പോര്‍ട്ട് മറിച്ചാണ്. പൊലീസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലന്നും എംഎല്‍എ വ്യക്തമാക്കി.

സെന്‍കുമാര്‍ ചെയ്തത് ന്യായമായ കാര്യമാണ്. ഇക്കാര്യത്തില്‍ അനീതിയാണ് ഇപ്പോള്‍ സെന്‍കുമാറിനോട് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും കാരാട്ട് റസാക്ക് തുറന്നടിച്ചു. ഇടതു എംഎല്‍എയുടെ ഈ നിലപാട് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതാണ്.

ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയുടെ ഭാഗത്ത് കുഴപ്പങ്ങളൊന്നും ഇല്ലന്ന ഐജിയുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് അവരുള്‍പ്പെടെ ഡിജിപി സ്ഥലം മാറ്റിയവരുടെ എല്ലാവരുടെയും ഉത്തരവ് ആഭ്യന്തര സെക്രട്ടറി റദ്ദാക്കിയിരുന്നത്.

എന്നാല്‍ തനിക്ക് നീതി നല്‍കിയത് സെന്‍കുമാര്‍ തന്നെയാണെന്നും അദ്ദേഹത്തോട് ഇപ്പോള്‍ ചെയ്തത് ശരിയായില്ലന്നും എംഎല്‍എ തന്നെ തുറന്നു പറഞ്ഞത് വീണ്ടും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

Top