പറഞ്ഞ് വിട്ട എ.എസ്.ഐ ഡിജിപിക്കൊപ്പം ? തച്ചങ്കരിക്കെതിരായ നീക്കം വാട്സ്ആപ്പിലൂടെ

തിരുവനന്തപുരം: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരായ സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറിന്റെ നീക്കത്തിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി സര്‍ക്കാര്‍.

കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് സെന്‍കുമാര്‍ പറഞ്ഞ് വിട്ട പേഴ്‌സണല്‍ സ്റ്റാഫിലെ എ.എസ്.ഐ അനില്‍കുമാര്‍ ഇന്ന് ഡിജിപി എറണാകുളത്ത് പോകും വരെ ഓഫീസില്‍ തുടര്‍ന്നതും ഒരു ‘വെല്ലുവിളി’യുടെ രൂപത്തിലാണ് ആഭ്യന്തര വകുപ്പ് കാണുന്നത്.

ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

പൊലീസ് ആസ്ഥാനത്തെ സുഗമമായ നടത്തിപ്പിനു വേണ്ടി സര്‍ക്കാര്‍ താല്‍പ്പര്യമെടുത്ത് നിയമിച്ച എഡിജിപി ടോമിന്‍ തച്ചങ്കരിയെ പ്രതികാര നടപടിയുടെ ഭാഗമായി കരിവാരി തേക്കാനുള്ള നീക്കങ്ങളെയും ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്.

തച്ചങ്കരിക്കെതിരായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് പൊലീസ് മേധാവി ഉപയോഗിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന ഗുരുതര പരാതിയും ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

ഈ വാട്‌സ് ആപ്പ് നമ്പര്‍ ആഭ്യന്തര വകുപ്പിന് മുന്‍പാകെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

തച്ചങ്കരിക്കെതിരെ വിവരാവകാശ പ്രവര്‍ത്തകരെ മുന്‍നിര്‍ത്തി കേസ് കൊടുപ്പിക്കാനും അണിയറയില്‍ ഗൂഢാലോചന നടക്കുന്നതായി സര്‍ക്കാറിന് വിവരം ലഭിച്ചിട്ടുണ്ട്.

എതിര്‍ക്കുന്നവരെ മോശക്കാരായി ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് തച്ചങ്കരിക്കെതിരെയും എഐജി ഗോപാല കൃഷ്ണനുമെതിരായ നടപടിയെന്നാണ് ഒരു വിഭാഗം പൊലീസുദ്യോഗസ്ഥരും ആരോപിക്കുന്നത്.

ഗോപാലകൃഷ്ണനെതിരെ നിസാര കാര്യത്തിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് പോലെ ഇപ്പോള്‍ തച്ചങ്കരിക്കെതിരെയും സിബിഐ അന്വേഷണം കൊണ്ടുവരാന്‍ ശ്രമം നടത്തുകയാണെന്നാണ് പരാതി.

രണ്ടു വര്‍ഷത്തിനിടെ തന്നെ മാറ്റിയതിനെതിരെ സുപ്രീം കോടതി വരെ പോയി പോരാടുകയും പരസ്യമായി പ്രതികരിക്കുകയും ചെയ്ത സെന്‍കുമാര്‍ എന്ത് കൊണ്ടാണ് അടുത്തയിടെ മാത്രം നിയമിതനായ കോഴിക്കോട് കമ്മീഷണറെ മാറ്റിയപ്പോള്‍ പ്രതികരിക്കാതിരിക്കുന്നതെന്നും ഈ വിഭാഗം ചോദിക്കുന്നു.

അതേസമയം സെന്‍കുമാര്‍ ജൂണ്‍ 30 ന് വിരമിക്കുന്ന സാഹചര്യത്തില്‍ പ്രതികാര നടപടികള്‍ക്ക് വേഗം വന്നത് പൊലീസില്‍ വന്‍ പൊട്ടിത്തെറിക്ക് തന്നെ കളമൊരുക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.

Top