പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും സംഘവും സി.പിഎം പാളയത്തിലേക്ക് ചുവടുമാറ്റത്തിന്

തിരുവനന്തപുരം: പ്രമുഖ കോണ്‍ഗ്രസ്സ് നേതാവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ സി.പി.എം പാളയത്തിലേക്ക് കൂടുമാറാന്‍ നീക്കം തുടങ്ങി.

കോണ്‍ഗ്രസ്സ് എ വിഭാഗത്തിലെ പ്രമുഖ നേതാവിന്റെ നേതൃത്വത്തില്‍ യുവ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിമത വിഭാഗമാണ് ചുവട് മാറ്റത്തിന് ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഉന്നത സി.പി.എം നേതൃത്വവുമായി കോണ്‍ഗ്രസ്സ് ‘വിമത’ നേതാവ് ഇതു സംബന്ധമായ ചില അനൗപചാരിക ആശയ വിനിമയം നടത്തിയതായാണ് സൂചന.

കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മില്‍ ചേക്കേറിയാല്‍ കാര്യമായ പരിഗണന ലഭിക്കുമോ എന്ന ആശങ്ക ഈ നേതാവിനൊപ്പമുള്ള യുവ നേതാക്കള്‍ക്കുണ്ട്.

ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ഉറപ്പു ലഭിച്ചാല്‍ തീരുമാനം വൈകാതെയുണ്ടാകും.

സോളാര്‍ കേസില്‍പ്പെട്ട് പാര്‍ട്ടി ഉന്നത നേതൃത്വം പ്രതിസന്ധിയിലായതും കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ നിന്നും യുവ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതുമാണ് കോണ്‍ഗ്രസ്സില്‍ രൂക്ഷമായ ഭിന്നതക്ക് കാരണമായിരിക്കുന്നത്.

ഹൈക്കമാന്റ് സോളാര്‍ കേസില്‍ ശക്തമായ നടപടി സ്വീകരിക്കും, പാര്‍ട്ടിക്കകത്ത് പരിഗണന നല്‍കും എന്നൊക്കെയുള്ള പ്രതീക്ഷ വെള്ളിയാഴ്ച വൈകീട്ടോടെ ‘വിമത’ വിഭാഗത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്.

ബി.ജെ.പിക്കെതിരെ സി.പി.എമ്മും സര്‍ക്കാറും ശക്തമായ നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ യു.ഡി.എഫിനെ പിന്തുണക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ പോലും ഇടതിനോട് ആഭിമുഖ്യം കാട്ടി തുടങ്ങിയെന്നും ഇനി ഒരു ഭരണമാറ്റത്തിനുള്ള സാധ്യത പോലും വിദൂരമായി തുടങ്ങിയതായും ഈ വിഭാഗം വിലയിരുത്തുന്നു.

സി.പി.എമ്മില്‍ ചേക്കേറണമോ അതല്ലങ്കില്‍ കോണ്‍ഗ്രസ്സില്‍ നിന്നും പിളര്‍ന്ന് പോയി ഇടതു മുന്നണിയില്‍ ഘടകകക്ഷിയായി മാറണമോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ തിരക്കിട്ട ചര്‍ച്ച നടക്കുന്നത്.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തു വരുന്നതോടെ പരമാവധി നേതാക്കളെയും പ്രവര്‍ത്തകരെയും ഒപ്പം കൂട്ടാന്‍ കഴിയുമെന്നതിനാല്‍ ഈ റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ ‘കൂടുമാറ്റം’ ഉണ്ടാകൂവെന്നാണ് അറിയുന്നത്.

Top